National

വൈദികര്‍ ഭൗതികതയില്‍നിന്നകന്ന് ദരിദ്രരെ സേവിക്കണം -ജസ്റ്റീസ് കുര്യന്‍ ജോസഫ്

Sathyadeepam

പാര്‍ശ്വവത്കരിക്കപ്പട്ടവര്‍ക്കും സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും വേണ്ടി വൈദികരും സമര്‍പ്പിതരും തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കണമെന്നും ഭൗതികസമ്പാദ്യങ്ങള്‍ ശേഖരിക്കുന്നതിലല്ല, ജനങ്ങളെ ശുശ്രൂഷിക്കുന്നതിലായിരിക്കണം അവര്‍ ശ്രദ്ധിക്കേണ്ടതെന്നും സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളജില്‍ നടന്ന മേജര്‍ സെമിനാരി റെക്ടര്‍മാരുടയുടെയും പ്രഫസര്‍മാരുടെയും സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ സേവിച്ചതിനും അവര്‍ക്കു നല്‍കിയതിനുശേഷം ശേഷിക്കുന്നതാണ് വൈദികരും സമര്‍പ്പിതരും ശേഖരിക്കേണ്ടത്. ജനങ്ങള്‍ക്കു നല്‍കാതെ എന്തെങ്കിലും കൂട്ടിവയ്ക്കാനോ നേടിയെടുക്കാനോ അവര്‍ക്ക് അവകാശമില്ല –ജസ്റ്റിസ് കുര്യന്‍ ജോസഫ് വിശദീകരിച്ചു. ദൈവരാജ്യ നിര്‍മ്മിതിക്കായി പ്രയത്നിക്കുക എന്ന ദൗത്യമാണ് വൈദികര്‍ക്കുള്ളത്. ഭാരതത്തിന്‍റെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം തുടങ്ങിയവ ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ തന്നെയാണെന്ന് ജസ്റ്റീസ് അനുസ്മരിപ്പിച്ചു. ഇന്നു സഭാ നേതൃത്വം നേരിടുന്ന വിശ്വാസ്യതയെ സംബന്ധിച്ച പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ച ജസ്റ്റീസ് കുര്യന്‍ ജോസഫ് സഭയിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുകയും വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യണമെന്ന് സൂചിപ്പിച്ചു. എന്താണോ നാം പ്രഘോഷിക്കുന്നത് തദനുസൃതം ഭാവി വൈദികരെ പരിശീലിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മധുര കാമരാജ് യൂണിവേഴ്സിറ്റിയിലെ മതാന്തര പഠനവിഭാഗത്തിന്‍റെ മുന്‍ മേധാവി ഡോ. എ. പുഷ്പരാജന്‍, സിബിസിഐ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്കരിനാസ്, മുംബൈ ഐഐടി മുന്‍ പ്രഫസര്‍ ഡോ. റാം പുനിയാനി, സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് സന്തോഷ് ഹെഗ്ഡെ, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി മുന്‍ പ്രഫസര്‍ ഡോ. സുഖദോ തൊറാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം