National

“ക്രൈസ്തവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു”

Sathyadeepam

ന്യൂനപക്ഷ സമുദായം എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മാധവ് ഗാഡ് ഗില്‍ റിപ്പോര്‍ട്ട് ആയുധമാക്കി കുടിയേറ്റ കര്‍ഷകരെ പീഡിപ്പിക്കാനുള്ള നീക്കം ചില കോണുകളില്‍ നിന്ന് ഉയരുന്നത് ആശങ്കാജനകമാണെന്നും കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭയുടെ സിനഡിനോടനുബന്ധിച്ച് സഭയുടെ വിവിധ രൂപതകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരും സിനഡു പിതാക്കന്മാരും സംയുക്തമായി നടത്തിയ സമ്മേളനം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ജോലികളില്‍ ക്രൈസ്തവ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞതായുള്ള ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ സഭയുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും അല്മായ നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയെ സംഘടിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ നിയന്ത്രിക്കാനുള്ള ആര്‍ജ്ജവത്വമാണ് സര്‍ക്കാര്‍ കാണിക്കേണ്ടതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

സഭ നേരിടുന്ന വിവിധ പ്രശ്നങ്ങളോട് സിനഡ് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് അല്മായരുടെ വീക്ഷണങ്ങള്‍ സമ്മേളനത്തില്‍ പങ്കുവയ്ക്കപ്പെട്ടു. ആരാധനക്രമത്തിലെ ഐകരൂപ്യം, സഭയിലെ അച്ചടക്കം തുടങ്ങിയ വിഷയങ്ങളില്‍ സിനഡിന് വ്യക്തമായ നിലപാടുകള്‍ ഉണ്ടാകണമെന്ന് യോഗം വിലയിരുത്തി. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതില്‍ അല്മായ നേതാക്കള്‍ ഉത്കണ്ഠ രേഖപ്പെടു ത്തി. സഭയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ തെരുവുകളിലേക്കും ചാനലുകളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ കക്ഷിതിരിഞ്ഞു നടത്തുന്ന പ്രചാരണങ്ങള്‍ സഭാഗാത്രത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചതായി യോഗം വിലയിരുത്തി.

അല്‍മായ പങ്കാളിത്തത്തിലൂടെയാണ് സഭ കൂടുതല്‍ ശക്തവും സജീവവുമാകുന്നതെന്ന് സമാപനസന്ദേശം നല്‍കിയ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ കുടുംബ അല്മായ കമ്മീഷന്‍ നേതൃത്വം നല്കിയ സമ്മേളനത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തി. ചര്‍ച്ചകള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മോഡറേറ്ററായി. കമ്മീഷന്‍ സെക്രട്ടറി ഡോ. ജോബി മൂലയില്‍ നന്ദി പറഞ്ഞു. വിവിധ അല്മായ വിഭാഗങ്ങളുമായി സിനഡു പിതാക്കന്മാര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും സഭയിലെ മുഴുവന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരും മെത്രാന്മാരും സംയുക്തമായി സമ്മേളിക്കുന്നത് സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം