National

കര്‍ദിനാള്‍ ഐവാന്‍ ഡയസിന് അന്ത്യാഞ്ജലി

Sathyadeepam

റോമില്‍ അന്തരിച്ച മുംബൈ മുന്‍ ആര്‍ച്ചുബിഷപ്പും സുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കല്‍ തിരുസംഘത്തിന്‍റെ പ്രീഫെക്ടും ആയിരുന്ന കര്‍ദിനാള്‍ ഐവാന്‍ ഡയസിന് (81) വിശ്വാസിസമൂഹം അന്ത്യാഞ്ജലിയര്‍പ്പിച്ചു. റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന സംസ്കാരശുശ്രൂഷയില്‍ കര്‍ദിനാള്‍ സംഘത്തിന്‍റെ ഡീന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊദാനോ മുഖ്യ കാര്‍മികനായിരുന്നു. ഫ്രാന്‍സിസ് മാര്‍ പാപ്പ സന്ദേശം നല്കി.

മുബൈയിലെ ബാന്ദ്രയില്‍ 1936 ഏപ്രില്‍ 14-നു ജനിച്ച കര്‍ദിനാള്‍ ഡയസ് 1958-ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റു നേടി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം 1964-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മുംബൈ സന്ദര്‍ശനത്തിന്‍റെ ക്രമീകരണങ്ങളില്‍ മുഖ്യപങ്കുവഹിച്ചു. 1965 – 73 കാലഘട്ടങ്ങളില്‍ ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ഐസ്ലാന്‍റ്, ഫിന്‍ലാന്‍റ്, ഇന്തോനേഷ്യ, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് 1982 വരെ വത്തിക്കാനിലെ സോവ്യറ്റ്യൂണിയന്‍, കിഴക്കന്‍ യൂറോപ്പ്, ചൈന, തെക്കുകിഴക്കന്‍ ഏഷ്യ, ദക്ഷിണപൂര്‍വ ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗത്തിന്‍റെ തലവനായി പ്രവര്‍ത്തിച്ചു.

1982 ല്‍ മെത്രാനായി നിയമിതനായി. ഘാന, ടോംഗോ, ബെനിന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ അപ്പസ്തോലിക് പ്രൊനൂണ്‍ ഷ്യോയായും അല്‍ബേനിയയിലെ നൂണ്‍ഷ്യോയായും സേവനം ചെയ്തു. 1996 ല്‍ മുംബൈ ആര്‍ച്ചുബിഷപ്പായി ഇന്ത്യയിലേക്കു മടങ്ങി. 2001 ല്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2006 ല്‍ ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ പ്രീഫക്ട് ആയതിനെത്തുടര്‍ന്ന് മുംബൈ ആര്‍ച്ചുബിഷപ്പ് സ്ഥാനത്തുനിന്നു വിരമിച്ചു. തുടര്‍ന്ന് വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളില്‍ അംഗമായി സേവനം ചെയ്തുവരികയായിരുന്നു.

സാര്‍വത്രികസഭയിലെ അതികായനായൊരു അജപാലകശ്രേഷ്ഠനായിരുന്നു കാലം ചെയ്ത കര്‍ദിനാള്‍ ഐവാന്‍ ഡയസെന്നു സീറോ മലബാര്‍ സഭڅമേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സഭയുടെ നയതന്ത്ര കാര്യാലയങ്ങളിലും വത്തിക്കാന്‍ കൂരിയായിലും അദ്ദേഹം നിര്‍വഹിച്ച വിശിഷ്ടസേവനങ്ങള്‍ സാര്‍വത്രിക സഭാചരിത്രത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് അനുശോചനസന്ദേശത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി അനുസ്മരിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം