National

ദരിദ്രരുടെ സഭയും ദരിദ്രര്‍ക്കു വേണ്ടിയുള്ള സഭയുമാകാനുള്ള വിളി തിരിച്ചറിയുക : കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്

Sathyadeepam

ദരിദ്രരുടെ സഭയും ദരിദ്രര്‍ക്കു വേണ്ടിയുള്ള സഭയുമായി ജീവിക്കാനുള്ള വിളി തിരിച്ചറിയണമെന്നു മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് അനുസ്മരിപ്പിച്ചു. ദരിദ്രര്‍ക്കായുള്ള ലോകദിനാചരണത്തില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. 'സേവനത്തിന്‍റെ സജീവ വിളിക്കായി' മുംബൈ അതിരൂപത അവതരിപ്പിക്കുന്ന പദ്ധതിയുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. പദ്ധതി നടപ്പാക്കാന്‍ എല്ലാ ഇടവകകളിലേക്കും ബാഗുകള്‍ വിതരണം ചെയ്തു. അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ സാധനങ്ങള്‍ ഈ ബാഗിലൂടെ ശേഖരിച്ച് പാവങ്ങള്‍ക്കു വിതരണം ചെയ്യുകയാണു ലക്ഷ്യം.

നവ സുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് കത്തോലിക്കാസഭയില്‍ ആഗോളതലത്തില്‍ നവംബര്‍ 19 ദരിദ്രര്‍ക്കായുള്ള ലോകദിനാചരണത്തിന് ആഹ്വാനം ചെയ്തത്. കാരുണ്യവര്‍ഷത്തിന്‍റെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചതാണ് ഈ ദിനാചരണം. ദിനാചരണത്തിന്‍റെ ഭാഗമായി പാവപ്പെട്ട ഏതാനും പേര്‍ക്കൊപ്പം കര്‍ദിനാള്‍ ഗ്രേഷ്യസ് ഭക്ഷണം കഴിക്കുകയുണ്ടായി.

തന്‍റെ ജീവിതത്തിലൂടെ യേശു നമുക്കു കാണിച്ചുതരുന്നത് ലാളിത്യത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും മാതൃകയാണ്. തന്‍റെ ശിഷ്യരെ ദാരിദ്ര്യത്തിന്‍റെ മൂല്യമാണ് അവിടുന്നു പഠിപ്പിച്ചത് — കര്‍ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിച്ചു. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാണെന്നു പ്രഖ്യാപിച്ച യേശു ദരിദ്രരിലേക്കു കടന്നു ചെല്ലാനുള്ള ശക്തമായ ആഹ്വാനമാണ് നമുക്കു തരുന്നതെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് ഉത്ബോധിപ്പിച്ചു. അതിരൂപതയിലെ എല്ലാ ഇടവകകളും തങ്ങളുടെ കഴിവിനനുസരിച്ച് പാവങ്ങള്‍ക്കായി കുറഞ്ഞത് ഒരു പദ്ധതിയെങ്കിലും ആവിഷ്കരിച്ചു നടപ്പാക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുള്ളതായും കര്‍ദിനാള്‍ വ്യക്തമാക്കി.

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും