Kerala

ക്രൈസ്തവ സഭയുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകമാകും: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

Sathyadeepam

വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കൂട്ടായ നിലപാടുകള്‍ ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകമാകുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

സംസ്ഥാന ദേശീയ രാഷ്ട്രീയത്തില്‍ ക്രൈസ്തവസഭയുടെ പ്രസക്തി ഇന്ന് ഏറെ ഉയര്‍ന്നിരിക്കുന്നു. മതതീവ്രവാദ പ്രസ്ഥാനങ്ങളോടും അവര്‍ പിന്തുണയ്ക്കുന്ന ഭീകരവാദങ്ങളോടും സന്ധിചെയ്യാന്‍ ക്രൈസ്തവര്‍ക്കാവില്ല. മതവര്‍ഗീയവാദങ്ങളുയര്‍ത്തി ജനകീയ കാര്‍ഷിക സാമൂഹ്യവിഷയങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒളിച്ചോടുന്നത് ശരിയല്ല. ക്രൈസ്തവ സഭയുടെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല; മറിച്ച് രാഷ്ട്രത്തിന്റെ നന്മയും വളര്‍ച്ചയുമാണ് ലക്ഷ്യംവെയ്ക്കുന്നത്. മാറിയ രാഷ്ട്രീയ സാമൂഹ്യ ജീവിത സാഹചര്യങ്ങളില്‍ നിലനില്‍പ്പിനായി വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന ചിന്ത വിശ്വാസികള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നത് പ്രതീക്ഷയേകുന്നു. ഇത് വരുംദിവസങ്ങളില്‍ തുടര്‍ചര്‍ച്ചകളിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും പ്രായോഗിക നടപടികളായി മാറും.

കഴിഞ്ഞ നാളുകളില്‍ ക്രൈസ്തവസഭാനേതൃത്വം പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടി പങ്കുവെച്ച് ചര്‍ച്ചചെയ്ത വിവിധ വിഷയങ്ങളില്‍ നിസംഗതയും നിഷ്‌ക്രിയത്വവും പുലര്‍ത്തിയവരും നിരന്തരം വിമര്‍ശിച്ചവരും തെരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടിവരും. ഈ വിഷയങ്ങളില്‍ പ്രകടനപത്രികയിലൂടെ  രാഷ്ട്രീയ മുന്നണികള്‍ നിലപാടുകള്‍ വ്യക്തമാക്കുവാന്‍ ശ്രമിക്കുന്നത് ഏറെ ഉചിതമായിരിക്കും. സാമൂദായിക മതേതര മൂല്യങ്ങളുടെ സന്തുലിതാവസ്ഥ മലയാള മണ്ണിലെ എല്ലാ രംഗങ്ങളിലും നിലനിര്‍ത്തേണ്ടത് തലമുറകളായി പങ്കുവെച്ച ഈ നാടിന്റെ സ്‌നേഹസംസ്‌കാരം തുടരുന്നതിന് ആവശ്യമാണ്.

രാഷ്ട്രീയ പാര്‍ട്ടികളിലെ ന്യൂജെന്‍ നേതൃത്വങ്ങള്‍ ക്രൈസ്തവ ചരിത്രവും സംഭാവനകളും സ്വാധീനവും കാണാതെ പോകുന്നത് സ്വയം വിനയാകും. രാഷ്ട്രീയ കാലാവസ്ഥയിലെ വ്യതിയാനങ്ങളെ ദേശീയതലത്തില്‍ നോക്കിക്കണ്ട് ദീര്‍ഘവീക്ഷണത്തോടെ അഭിമുഖീകരിക്കുവാന്‍ ക്രൈസ്തവര്‍ക്കാകണം. വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ കൂടുതല്‍ ഒരുമയും സ്വരുമയും യാഥാര്‍ത്ഥ്യമാക്കണമെന്നും പരസ്പര ഐക്യം ഊട്ടിയുറപ്പിക്കാനാവില്ലെങ്കില്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് തിരിച്ചറിഞ്ഞ് കൂട്ടായ ചര്‍ച്ചകളും തുടര്‍നടപടികളും ശക്തമാക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍