Kerala

കാര്‍ഷികമേഖല തകര്‍ന്നടിയുന്നു; കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയം; കര്‍ഷകന് കണ്ണീരോണം: ഇന്‍ഫാം

Sathyadeepam

കൊച്ചി: വന്‍ ജീവിതപ്രതിസന്ധിയിലായിരിക്കുന്ന കര്‍ഷകരേയും തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയേയും സംരക്ഷിക്കുന്നതില്‍ സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്നും കര്‍ഷകര്‍ക്ക് ഈ വര്‍ഷം കണ്ണീരോണമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി, സെബാസ്റ്റിയന്‍ പറഞ്ഞു.
2019 ഡിസംബര്‍ 20ന് നിയമസഭ പാസാക്കിയതും 2020 ഒക്‌ടോബര്‍ 14ന് നിലവില്‍ വന്നതുമായ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അട്ടിമറിക്കപ്പെട്ടു. കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ നല്‍കുന്നുവെന്ന് പ്രഖ്യാപിച്ച് കൊട്ടിഘോഷിച്ച പദ്ധതി നടപ്പിലാക്കാതെ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്ന കര്‍ഷകരെ കൃഷിവകുപ്പ് വിഢികളാക്കുന്നു.

കാലഹരണപ്പെട്ട ഭൂനിയമങ്ങളെ മുറുകെപ്പിടിച്ച് വിളമാറ്റകൃഷി, ഫലവര്‍ഗ്ഗകൃഷി സാധ്യതകളും കൃഷിവകുപ്പ് ഇല്ലാതാക്കി. ആഗോളമാറ്റങ്ങള്‍ക്കനുസരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചും കൃഷിരീതികള്‍ മാറ്റാന്‍ തടസ്സമായി നില്‍ക്കുന്ന സര്‍ക്കാരുള്ള ഒരേയൊരു സംസ്ഥാനം ഇന്ത്യയില്‍ കേരളം മാത്രമേയുള്ളൂ. ' ഞങ്ങളും കൃഷിയിലേയ്ക്ക്' പദ്ധതിയും ഖജനാവിലെ കോടികള്‍ ചെലവഴിച്ച ഉദ്യോഗസ്ഥ പദ്ധതികളായി ഇല്ലാതായി. ചിങ്ങം ഒന്നിന് ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. പഴം-പച്ചക്കറി താങ്ങുവിലയും നടപ്പിലാക്കുന്നതില്‍ കൃഷിവകുപ്പ് പരാജയപ്പെട്ടു. കൃഷിനാശത്തിന്റെ 316.84 കോടി രൂപ നഷ്ടപരിഹാരവും ഇതുവരെ നല്കിയിട്ടില്ല. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ 100 കോടി വിപണന കമ്പനിയും ബജറ്റ് പ്രഖ്യാപനമായി നിലനില്‍ക്കുന്നു.

കൃഷിഭൂമി കൈയേറി വനവല്‍ക്കരണം നടത്തുന്ന വനംവകുപ്പിന്റെ നീക്കങ്ങള്‍ക്ക് ഒത്താശചെയ്ത് ഇടനിലക്കാരായി കൃഷിവകുപ്പ് പ്രവര്‍ത്തിക്കുന്നത് കര്‍ഷകദ്രോഹമാണ്. വനാതിര്‍ത്തിവിട്ട് ബഫര്‍സോണ്‍ പ്രഖ്യാപിക്കുമ്പോള്‍ അത് കൃഷിഭൂമിയിലേയ്ക്കുള്ള വനംവകുപ്പിന്റെ കടന്നുകയറ്റമാണെന്ന് തിരിച്ചറിഞ്ഞിട്ടും നിഷ്‌ക്രിയരായി കൃഷിവകുപ്പ് സ്വീകരിച്ചിരിക്കുന്ന കര്‍ഷകവിരുദ്ധ നിലപാട് സമൂഹം തിരിച്ചറിയുന്നുവെന്നും സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ ചെലവഴിച്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍വേണ്ടി മാത്രമായി കൃഷിവകുപ്പിന്റെ ആവശ്യമില്ലെന്നും വി.സി, സെബാസ്റ്റിയന്‍ പറഞ്ഞു.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍