എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ വെല്‍ഫെയര്‍ സവീസസ് എറണാകുളം (സഹൃദയ) യുടെ വജ്ര ജൂബിലി വര്‍ഷ സമാപനം 25 ചൊവ്വാഴ്ച നടക്കും. കലൂര്‍ റിന്യുവല്‍ സെന്ററില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. വജ്രജൂബിലി സ്മാരകമായി നടപ്പാക്കുന്ന 60 ഭവനങ്ങളുടെ നിര്‍മ്മാണപദ്ധതിയുടെ ഉദ്ഘാടനവും സ്മരണിക പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. ബിഷപ്പ് എമരിറ്റസ് മാര്‍ തോമസ് ചക്യത്ത്, അതിരൂപത വികാരി ജനറല്‍ ഫാ. ആന്റോ ചേരാംതുരുത്തി, അഡ്വ. ജോബി മാത്യു, സിസ്റ്റര്‍ ആലീസ് ലൂക്കോസ്, സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ എന്നിവര്‍ സംസാരിക്കും.
സഹൃദയ സംഘാംഗങ്ങള്‍, ഗ്രാമതല പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പടെ ആയിരത്തി ഇരുനൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും. ഗ്രാമതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സാമൂഹ്യപ്രവര്‍ത്തകരെ യോഗത്തില്‍ ആദരിക്കും. പിന്നണി ഗായകന്‍ വിപിന്‍ സേവ്യറിന്റെ നേതൃത്വത്തിലുള്ള മെഗാഷോയും ഉണ്ടായിരിക്കുമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതിരൂപതയിലെ ഇടവകകളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടിരുന്ന ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 1965 ലായിരുന്നു. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക, പാരിസ്ഥിതിക മേഖലകളില്‍ ജനകീയമായ മുന്നേറ്റങ്ങള്‍ക്ക് സഹൃദയ നേതൃത്വം നല്‍കി. സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പശുവളര്‍ത്തല്‍ ഇന്ന് വളര്‍ന്ന് പി ഡി ഡി പി എന്ന പ്രസ്ഥാനമായി മാറിക്കഴിഞ്ഞു.
ഭവനമില്ലാത്തവര്‍ക്കായി തൃക്കാക്കരയില്‍ നടപ്പാക്കിയ കാര്‍ഡിനല്‍ നഗര്‍ ഭവന പദ്ധതിയാണ് സര്‍ക്കാരിന്റെ ലക്ഷം വീട് പദ്ധതിക്ക് മാതൃകയായത്. വൈപ്പിന്‍കരയിലും മറ്റ് ജലക്ഷാമമേഖലകളിലും നടപ്പാക്കിയ മഴവെള്ള സംഭരണ പദ്ധതി സര്‍ക്കാരിന്റെ 'വര്‍ഷ' എന്ന പദ്ധതിക്കും മാതൃകയായി. ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജസംരക്ഷണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരില്‍ നിന്നും പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതികളെ ജനകീയമാക്കിയതിനുള്ള അംഗീകാരവും ലഭിച്ചു. സുനാമി, ഓഖി ദുരന്തങ്ങളിലും മഹാപ്രളയകാലത്തും, കോവിഡ് കാലത്തും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്ന സഹൃദയ വയനാട് ദുരന്തബാധിതര്‍ക്കായി നടപ്പാക്കുന്ന ഭവന പദ്ധതി പൂര്‍ത്തിയായി വരുന്നു.
മാലിന്യസംസ്‌കരണ രംഗത്തും സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകൃത ഏജന്‍സിയായും സഹൃദയ പ്രവര്‍ത്തിക്കുന്നു. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി അയ്യായിരത്തിലേറെ സ്വയം സഹായസംഘങ്ങള്‍ വഴി സ്വയം തൊഴില്‍ പരിശീലനങ്ങളും സാമ്പത്തിക സാക്ഷരതാ കാമ്പയിനുകളും സംഘടിപ്പിക്കുന്നു. ന്യുറോ ഡൈവര്‍ജന്റ് ആയ വ്യക്തികള്‍ക്കുള്ള ഐ ടി പരിശീലന പരിപാടികള്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഭിന്നശേഷിമേഖലയില്‍ കൊണ്ടുവന്നത്. ജൂബിലി വര്‍ഷത്തില്‍ ഭവനരഹിതരായ 60 കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കുന്നത് കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി മള്‍ട്ടി ഫെസിലിറ്റി സെന്ററും വൈകല്യങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സ നല്‍കാനാവുന്ന ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററും ആരംഭിക്കുന്നു.