സെ. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സ്ഥാപിത ദിനമായ ജൂണ്‍ ഒന്ന് ബുധന്‍ രാവിലെ 7.45 ന് പരേതരായ പ്രവര്‍ത്തകര്‍ക്ക് വേണ്ടി അനുസ്മരണബലി, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും. തുടര്‍ന്ന് ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി പതാക ഉയര്‍ത്തും. മധുരപലഹാരവിതരണവും ഉണ്ടായിരിക്കും. ഫാ. ഡൈജോ പൊറത്തൂര്‍ സംഘം ഓഫീസില്‍ തിരുഹൃദയപ്രതിഷ്ഠ നടത്തും. 9.15 ന് മുന്‍ ഡയറക്ടര്‍മാര്‍ മുന്‍ പ്രസിഡണ്ടുമാര്‍ എന്നിവരുടെ അനുസ്മരണയോഗവും ജൂബിലി പ്രവര്‍ത്തകരുടെ സംഗമവും പാരീഷ് ഹാളില്‍ നടത്തും. വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ആന്റണി ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്നതാണ്. റവ. ഡോ. ദേവസി പന്തല്ലൂക്കാരന്‍, ബേബി മൂക്കന്‍ എന്നിവര്‍ അനുസ്മരണപ്രഭാഷണങ്ങള്‍ നടത്തും. ജോസ് കൂത്തൂര്‍, വിന്‍സണ്‍ അക്കര എന്നിവര്‍ സംസാരിക്കും. സ്‌നേഹസല്‍ക്കാരം ഉണ്ടാകും.
5 ന് ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് 3 ന് ''മോണ്‍ പോള്‍ കാക്കശ്ശേരി നഗറില്‍'' (മാലാഖയുടെ പന്തല്‍ഹാള്‍) പഴയകാല സംഘം പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനം ആരംഭിക്കും. 3.45 ന് ചേരുന്ന സമാപനസമ്മേളനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിക്കുന്നതും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുന്നതുമാണ്. ടി.എന്‍. പ്രതാപന്‍ എം.പി. മുഖ്യാതിഥിയായിരുക്കും. ഭവനനിര്‍മ്മാണത്തിനുള്ള ഭൂമിസംഭാവന സ്വീകരണം ഫാ. ആന്റണി ചിറ്റിലപ്പിള്ളി നിര്‍വ്വഹിക്കും. റോയ് പൊന്തേക്കന്‍, ജോസോണി കെ. ആന്റണി എന്നിവര്‍ രേഖകള്‍ കൈമാറും. ജൂബിലി പ്രമാണിച്ച് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി തയ്യാറാക്കുന്ന പോസ്റ്റല്‍ സ്റ്റാമ്പിന്റെ പ്രകാശനം സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ നിര്‍വ്വഹിക്കും. വിവിധ സഹായങ്ങളുടെ വിതരണോദ്ഘാടനം
ടി.ജെ സനീഷ്‌കുമാര്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. സോവനീര്‍ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് നിര്‍വ്വഹിക്കും. സംഘം അതിരൂപത ഡയറക്ടര്‍ ഫാ. ജിക്‌സണ്‍ താഴത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, കൗണ്‍സിലര്‍ സനോജ് കാട്ടൂക്കാരന്‍, പി.ആര്‍. സണ്ണി, ഫാ. ബിനോയ് മഞ്ഞളി, ലിന്റോ കാട്ടൂക്കാരന്‍, എം.സി. ഔസേഫ്, ജോസ് കൂത്തൂര്‍, ബേബി മൂക്കന്‍ എന്നിവര്‍ സംസാരിക്കും. യോഗാനന്തരം തൃശൂര്‍ കലാസദന്‍ അവതരിപ്പിക്കുന്ന ''ലൊങ്കിനോസ്'' എന്ന ബൈബിള്‍ ലഘുനാടകം ഉണ്ടായിരിക്കുന്നതാണ്.
1947 ജൂണ്‍ ഒന്നിന് അന്നത്തെ വികാരി മോണ്‍. പോള്‍ കാക്കശ്ശേരിയുടെ നേതൃത്വത്തില്‍ വ്യവസായ പ്രമുഖനായ എം.ആര്‍. ഫ്രാന്‍സീസ് മൊയലന്‍ പ്രസിഡണ്ടായി ആരംഭിച്ച സംഘടന രജതജൂബിലി, സുവര്‍ണ്ണജൂബിലി, ഡയമണ്ട് ജൂബിലി എന്നിവ വിപുലമായി ആഘോഷിക്കുകയും വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അനുസ്യൂതം നടപ്പാക്കുകയും ചെയ്തു.
ഭവനനിര്‍മ്മാണരംഗത്തും ആരോഗ്യപരിപാലനരംഗത്തും സര്‍ക്കാര്‍ പദ്ധതികള്‍ വരുന്നതിനുമുമ്പുതന്നെ പ്രവര്‍ത്തനം ആരംഭിച്ച പ്രസ്ഥാനമാണിത്. 1950 മുതല്‍ ആതുരസേവനത്തിന് വേണ്ടി പുവര്‍ഡിസ്‌പെന്‍സറിയും 1960 മുതല്‍ ഭവനനിര്‍മ്മാണപദ്ധതികളും സംഘടന ആരംഭിച്ചു.
പുവര്‍ഡിസ്‌പെന്‍സറി 1982 മുതല്‍ ആശുപത്രിയായി ഉയരുകയും സെന്റ് വിന്‍സെന്റ് ഡി പോള്‍ ആസ്പത്രി കര്‍മ്മലീത്താ സിസ്റ്റേഴ്‌സിനെ ഏല്പിക്കുകയും ചെയ്തു. തൈക്കാട്ടുശ്ശേരി (3), എടക്കുന്നി (1) അവിണിശ്ശേരി (2) പടവരാട് (1) പൊന്നൂക്കര (2) എന്നീ 8 സ്ഥലങ്ങളിലായി നൂറോളം ഭവനങ്ങള്‍ ഇതിനകം നിര്‍മ്മിച്ചുനല്കിയിട്ടുണ്ട്.
കൂടാതെ വിവിധ പകര്‍ച്ച വ്യാധികാലങ്ങള്‍, ക്ഷാമകാലഘട്ടം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ കാലോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കയുണ്ടായി. ഇതിനു പുറമേ 40 വര്‍ഷമായി തയ്യല്‍ പരിശീലനകേന്ദ്രം നടത്തിവരുന്നു. ലഘുനിക്ഷേപപദ്ധതി, പലിശരഹിത വായ്പ പദ്ധതി, വിദ്യാഭ്യാസസഹായം, ഭക്ഷ്യസഹായം, ചികിത്സാസഹായം, തൊഴില്‍സഹായം, വിവാഹസഹായം, പുരപണിസഹായം തുടങ്ങിയവയും സ്ഥിരമായി നടത്തിവരുന്നുണ്ട്. വര്‍ഷംതോറും ശരാശരി 10 ലക്ഷം രൂപയുടെ സേവനപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് 7 ഭവനങ്ങള്‍, 7 വിവാഹങ്ങള്‍, 75 വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സഹായം, 75 ഡയാലിസിസ് സഹായം, 75 പേര്‍ക്ക് ചികിത്സാസഹായം, 7 പേര്‍ക്ക് പ്രത്യേക ഓപ്പറേഷന്‍ സഹായം 7 പേര്‍ക്ക് തൊഴില്‍സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിക്കു പുറമേ ഒരു കോടിയിലധികം രൂപ ചെലവുവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 1947-ല്‍ 2229 രൂപയുടെ വരവ് ചെലവ് പ്രവര്‍ത്തനങ്ങളോടുകൂടി ആരംഭിച്ച സംഘം ഇന്ന് വര്‍ഷംതോറും ശരാശരി 30 ലക്ഷം രൂപ വരവ് ചെലവ് നടത്തുന്ന ഒല്ലൂരിലെ മികച്ച ജീവകാരുണ്യസംഘടനയായി വളര്‍ന്നിരിക്കയാണ്.