വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റെയിൽ കണക്ടിവിറ്റിക്കു വേണ്ടി മുളവുകാട് വില്ലേജിൽ നിന്ന് കിടപ്പാടങ്ങൾ നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് മുളവുകാട് കാട്ടാത്തുകടവിൽ പോലീസ് സ്റ്റേഷന് സമീപം അനുവദിച്ചിട്ടുള്ള 90 സെൻറ് പുനരധിവാസ സൈറ്റിൽ നിന്ന് പോലീസ് വകുപ്പ് നിലവിൽ കയ്യേറി നിക്ഷേപിച്ചിട്ടുള്ള തൊണ്ടി മുതലുകൾ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ചെയർമാൻ ആയിട്ടുള്ള പാക്കേജ് നിരീക്ഷണ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
നിലവിൽ മുളവുകാട് പെലീസ് സ്റ്റേഷനു സമീപത്ത് വീടുകൾ നിർമ്മിക്കുവാനുള്ള പ്ലോട്ടുകളിൽ തൊണ്ടി വാഹനങ്ങൾ നിക്ഷേപിച്ചിരിക്കുന്നതുമൂലം കുടിയിറക്കപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കാൻ തടസ്സമായിരിക്കുകയാണ്. 21/07/25 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന നിരീക്ഷണ സമിതി തടസ്സങ്ങൾ നീക്കണമെന്ന് പൊലീസ് വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.
പ്രൊഫസർ കെ അരവിന്ദാക്ഷൻ്റെ നേതൃത്വത്തിൽ അഡ്വക്കേറ്റ് സി ആർ നീലകണ്ഠൻ, ഫ്രാൻസീസ് കളത്തുങ്കൽ, കെ രജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, ലൈജു ആലുങ്കൽ, ആസിഫ് പി.എ, മാത്യു ജോസഫ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. പരിശോധനാ റിപ്പോർട്ട് നിരീക്ഷണ സമിതി യോഗത്തിൽ അവതരിപ്പിക്കും എന്ന് സമിതി അംഗങ്ങൾ അറിയിച്ചു.