Kerala

ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം -മാര്‍ ജോസഫ് പെരുന്തോട്ടം

Sathyadeepam

ചങ്ങനാശ്ശേരി: കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പരിഗണനയിലുള്ള ദേശീയ വിദ്യാഭ്യാസനയം, വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ രൂപീകരിച്ചേ നടപ്പാക്കാവൂ എന്ന് ചങ്ങനാശ്ശേരി അതിരൂപത കേന്ദ്ര ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.

അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ പഠനശിബിരം, പുതിയ വിദ്യാഭ്യാസ നയം വിലയിരുത്തി. ഭാരതത്തിന്‍റെ ബഹുസ്വരതയും സെക്കുലറിസവും ഊട്ടിഉറപ്പിക്കുന്ന കാര്യങ്ങള്‍ ഇതില്‍ ഉണ്ടാകണമെന്നും ഇന്ത്യന്‍ ഭരണഘടന പ്രദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പുതിയ നയത്തില്‍ ഉള്‍ച്ചേര്‍ക്കണമെന്നും യോഗം വിലയിരുത്തി.

അതിരൂപതാ അതിര്‍ത്തിയിലുള്ള കോളജുകളുടെയും സ്കൂളുകളുടെയും പ്രിന്‍സിപ്പല്‍മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്ത യോഗം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ് ഘാടനം ചെയ്തു. പുതിയ നയം വിദ്യാഭ്യാസ രംഗത്ത് അസമത്വം സൃഷ്ടിക്കുവാന്‍ സാദ്ധ്യതയുള്ളതും ഇത് വിദ്യാഭ്യാസ മേഖലയുടെ ദേശസാത്കരണത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ടെന്നും ഈ നയരൂപീകരണത്തിന് ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ക്രൈസ്തവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ല എന്നും മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.

സഹായമെത്രാന്‍ അഭി. മാര്‍ തോമസ് തറയില്‍ ആ മുഖസന്ദേശം നല്‍കി. പ്രഫ. ഡോ. റൂബിള്‍ രാജ്, പ്രഫ. ഡോ. അനിയന്‍കുഞ്ഞ് എന്നിവര്‍ വിഷയാവതരണം നടത്തി. വികാരി ജനറാള്‍ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം മോഡറേറ്ററായിരുന്നു. പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോഡിനേറ്റര്‍ ഫാ. ആന്‍റണി തലച്ചെല്ലൂര്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോസഫ് കറുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പരിപാടികള്‍ക്ക് ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, റവ. ഡോ. തോമസ് പാടിയത്ത്, റവ. ഡോ. ഐസക്ക് ആലഞ്ചേരി, റവ. ഡോ. ചെറിയാന്‍ കാരിക്കൊമ്പില്‍, അഡ്വ. ജോര്‍ജ് വര്‍ഗ്ഗീസ്, ജോബി പ്രാക്കുഴി, ഡൊമിനിക് വഴീപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം