അങ്കമാലി : ലിറ്റിൽ ഫ്ളവർ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌താൽമോളജിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും ആശുപത്രി സ്‌ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുയോഗവും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. അന്ധർക്ക് കാഴ്ച നൽകുകയെന്ന ക്രിസ്തുവിൻറെ മാനിഫെസ്റ്റോ അതേപോലെ ലിറ്റിൽ ഫ്ളവർ ആശുപത്രി നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക നേത്രചികിത്സ സാധാരണക്കാർക്ക് ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇവിടുത്തെ നേത്രചികിത്സാ കേന്ദ്രം രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും, സംസ്‌ഥാനത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. മേജർ ആർച്ച് ബിഷപ്പിൻറെ വികാരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഡയറക്ടർ ഫാ ജേക്കബ് ജി പാലക്കാപ്പിള്ളി സ്വാഗതം പറഞ്ഞു.ലിറ്റിൽ ഫ്ളവർ ആശുപത്രി അങ്കമാലിയെ കേരളത്തിൻറെ കാഴ്ചയുടെ തലസ്ഥാനമാക്കി മാറ്റിയെന്ന് മാർ പാംപ്ലാനി പറഞ്ഞു.
മലബാറിലുള്ളവർക്ക് കാഴ്ചയുടെ അവസാന വാക്കാണ് അങ്കമാലി ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു അവയവ കോശദാന രംഗത്തെ മികച്ച മാതൃകയ്ക്കുള്ള സംസ്‌ഥാന പുരസ്‌കാരം ലഭിച്ച ഇവിടുത്തെ നേത്രബാങ്ക് ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ആദ്യ നേത്രബാങ്കാണെന്നും കണ്ണുകൾ ശേഖരിക്കുന്നതിൽ കേരളത്തിൽ ഒന്നാം സ്ഥാനവും, രാജ്യത്ത് നാലാം സ്‌ഥാനവും ഈ നേത്ര ബാങ്കിനുണ്ടെന്നും ഡയറക്ടറും നേത്രബാങ്ക് പ്രസിഡന്റുമായ ജേക്കബ് പാലക്കാപ്പിള്ളി വ്യക്തമാക്കി.
ഗവേഷണ നിർണയ മേഖലയിലെ എല്ലാ ആധുനിക സൗകര്യങ്ങളും കൂടുതൽ വിശാലമായ രീതിയിൽ നവീകരിച്ച ലാബ്, ലിറ്റിൽ ഫ്ളവർ ഡയഗണോസ്‌റ്റിക് ആൻഡ് റിസർച്ച് സെൻറിൻറെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ആൻറോ ചേരാന്തുരുത്തി നിർവഹിച്ചു. സെൻറ് ജോർജ്ജ് ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, ജോയിൻ്റ് ഡയറക്ടർ ഫാ വർഗ്ഗീസ് പൊന്തേമ്പിള്ളി, അസിസ്‌റ്റൻ്റ് ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ, ബെന്നി ബെഹനാൻ എം.പി, റോജി എം ജോൺ എം എൽ എ, മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ, ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ട് ഡോ. ജോൺ എബ്രഹാം, നേത്രചികിത്സ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, വാർഡ് മെമ്പർ സാജു നെടുങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
1964-ലാണ് ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നേത്ര ചികിത്സ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. 1969 – ൽ പിന്നീട് രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഡോ എസ് ടോണി ഫെർണാണ്ടസ് ഇവിടെ ജോലിയിൽ പ്രവേശിച്ചു. 1986 ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നേത്ര ചികിത്സ വിഭാഗം സി.ബി.എം ഒഫ്താൽമിക് ഇൻസ്‌റ്റിറ്റ്യൂട്ട് എന്ന പേരിൽ നാല് നിലകളുള്ള പ്രത്യേക കെട്ടിടത്തിലേക്ക് മാറി സംസ്‌ഥാനത്ത് ആദ്യ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ, കണ്ണിനകത്ത് ലെൻസ് വെച്ചുള്ള ശസ്ത്രക്രിയ, സ്കൂൾ വിദ്യാർത്ഥികളുടെ സൗജന്യ നേത്രരക്ഷാ പദ്ധതി എന്നിവ കേരളത്തിൽ ആദ്യം നടപ്പിൽ വരുത്തിയത് ഇവിടെയാണ്.