വിശുദ്ധ ഫ്രൂമെന്തിയൂസ് (308-380) : ഒക്‌ടോബര്‍ 27

വിശുദ്ധ ഫ്രൂമെന്തിയൂസ് (308-380) : ഒക്‌ടോബര്‍ 27
Published on
ഫിനീഷ്യയിലെ ടയറില്‍ നിന്നുള്ള തത്ത്വജ്ഞാനിയായ മെറോപ്പിയസിന്റെ ശിഷ്യന്മാരായിരുന്നു ഫ്രൂമെന്തിയോസ്, എദേസിയൂസ് എന്നീ ഗ്രീക്കു യുവാക്കള്‍. ഇവര്‍ മൂവരുംകൂടി ഇന്ത്യയിലേക്കു യാത്ര തിരിച്ച കപ്പല്‍ അബിസീനിയയുടെ തീരത്ത് തകര്‍ന്നു. യാത്രക്കാരെല്ലാം മരിച്ചു. പക്ഷേ, രക്ഷപ്പെട്ട രണ്ടു ഗ്രീക്കു യുവാക്കളും തടവിലാക്കപ്പെട്ടു. പിന്നീട്, അവരിരുവരെയും നിര്‍ബന്ധിച്ച് അബിസീനിയന്‍ രാജാവിന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യിച്ചു. അവര്‍ വളര്‍ന്ന് പ്രായപൂര്‍ത്തിയെത്തിയപ്പോള്‍ ഇരുവരും സ്വതന്ത്രരാക്കപ്പെട്ടു. ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള അനുവാദവും നല്‍കി. ഫ്രൂമെന്തിയോസ് രാജാവിന്റെ കീഴില്‍ ഭരണാധികാരി വരെയായി.

പിന്നീട് രാജാവ് മരിച്ചു. മരിക്കുന്നതിനു മുമ്പ് ഫ്രൂമെന്തിയോസും കൂട്ടുകാരനും കൂടി രാജാവിനെ വിശ്വാസിയാക്കിയിരുന്നു. വിധവയായ രാജ്ഞി രാജകുമാരന്റെ വിദ്യാഭ്യാസകാര്യങ്ങള്‍ ആ യുവാക്കളെയാണ് ഏല്പിച്ചത്.

വിവേകി ജാഗരൂകതയോടെ തിന്മയില്‍ നിന്ന് അകന്നു മാറുന്നു; ഭോഷന്‍ വീണ്ടുവിചാരമില്ലാതെ എടുത്തുചാടുന്നു
(സുഭാ. 14:16).

ഫ്രൂമെന്തിയോസ് തന്റെ ഉദ്യോഗവും സ്വാധീനവും ഉപയോഗിച്ച് ക്രിസ്തുവിലുള്ള വിശ്വാസം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എദേസിയൂസ് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ടയറിലേക്കു തിരിച്ചുപോയി പൗരോഹിത്യം സ്വീകരിച്ചു.

അബിസീനിയയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രൂമെന്തിയൂസ് ഈജിപ്തില്‍ പോയി വി. അത്തനാസിയൂസിനെ കണ്ട് ഒരു ബിഷപ്പിനെയും ഏതാനും വൈദികരെയും അബിസീനിയയിലേക്ക് പറഞ്ഞുവിടണമെന്ന് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍, അത്തനാസിയൂസിന്റെ നോട്ടത്തില്‍ അതിനേറ്റവും യോഗ്യന്‍ ഫ്രൂമെന്തിയൂസാണെന്ന് ബോധ്യം വന്നതിനാല്‍ അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു. ആക്‌സമില്‍ പുതിയ രൂപത സ്ഥാപിക്കപ്പെട്ടു.

യുവരാജാവിന് ജ്ഞാനസ്‌നാനം നല്‍കി. അനേകം ദൈവാലയങ്ങള്‍ നിര്‍മ്മിച്ചു. അങ്ങനെ ക്രൈസ്തവ വിശ്വാസം രാജ്യമെങ്ങും പ്രചരിച്ചു.
എത്യോപ്യന്‍ ഭാഷയിലേക്ക് പുതിയ നിയമത്തിന് ഒരു പരിഭാഷ ഫ്രൂമെന്തിയൂസ് തയ്യാറാക്കിയെന്നു കരുതപ്പെടുന്നു.

ജനങ്ങള്‍ അദ്ദേഹത്തെ പിതാവായി, അല്ലെങ്കില്‍, സമാധാനത്തിന്റെ പിതാവായി ബഹുമാനിച്ചിരുന്നു. എത്യോപ്യന്‍ സഭയില്‍ ഇന്നും ഈ ആചാരം നിലവിലുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org