International

ജര്‍മ്മന്‍ സഭയിലെ വൈദികക്ഷാമം: പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നു

sathyadeepam

ജര്‍മ്മനിയിലെ കത്തോലിക്കാസഭയില്‍ വൈദികരുടെ അഭാവം രൂക്ഷമായിക്കൊണ്ടിരിക്കെ ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുന്നു. 2015-ല്‍ 58 പേര്‍ മാത്രമാണ് ജര്‍മ്മനിയിലാകെ വൈദികരായി അഭിഷിക്തരായത്. 2005-ല്‍ 122 വൈദികര്‍ പുതുതായി ഉണ്ടായ സ്ഥാനത്താണിത്. അര നൂറ്റാണ്ടു മുമ്പ് 1965-ല്‍ 500 പേരായിരുന്നു നവവൈദികര്‍. 1990-ല്‍ ജര്‍മ്മനിയില്‍ 20,000 കത്തോലിക്കാ പുരോഹിതന്മാരുണ്ടായിരുന്നു. ഇപ്പോഴത് 14,000 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സെമിനാരിയില്‍ ചേര്‍ന്നവരുടെ എണ്ണം ആദ്യമായി ഇരട്ട അക്കത്തിലേയ്ക്കു താണു. 96 പേര്‍. അതേ സമയം അതേ വര്‍ഷം 309 വൈദികര്‍ മരണമടയുകയും 19 പേര്‍ പൗരോഹിത്യം ഉപേക്ഷിക്കുകയും ചെയ്തു. വൈദികരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഗുരുതരമായ പ്രതിസന്ധിയാണ് ജര്‍മ്മന്‍ സഭ നേരിടുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ പ്രതിസന്ധിയെ നേരിടുന്നതിനു പ്രധാനമായും രണ്ടു വഴികളാണ് ജര്‍മ്മന്‍ സഭാനേതൃത്വം പ്രയോഗിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നു വൈദികരെ വരുത്തുക എന്നതാണൊന്ന്. ഇപ്പോള്‍ ജര്‍മ്മന്‍ രൂപതകളില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റുമുള്ള നൂറു കണക്കിനു വൈദികര്‍ സേവനം ചെയ്യുന്നുണ്ട്. അജപാലനസംവിധാനത്തിന്റെ പുനഃസംഘടനയാണ് മറ്റൊരു വഴി. പല രൂപതകളില്‍ പല പേരുകളിലാണ് ഇതു നടപ്പാക്കുന്നതെങ്കിലും ഫലത്തില്‍ ഒരു കാര്യം തന്നെയാണ് ചെയ്യുന്നത്. പരമ്പരാഗത മട്ടിലുള്ള ഇടവകകളെ സംയോജിപ്പിച്ച് അജപാലനമേഖല കളാക്കി മാറ്റുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇത്തരം അജപാലനമേഖലയ്ക്കാകെ ഒന്നോ രണ്ടോ വൈദികര്‍ സേവനത്തിനുണ്ടായിരിക്കും. അവര്‍ ഓരോ പള്ളികളിലും മാറിമാറിയെത്തുന്നു. ബാക്കി അജപാലനജോലികള്‍ ചെയ്യുന്നതിന് അല്മായരായ പ്രവര്‍ത്തകരെ നിയോഗിക്കുന്നു. ദൈവശാസ്ത്ര വിദ്യാഭ്യാസം നേടിയവരും പ്രതിഫലം പറ്റുന്നവരുമായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇവരാണ് അജപാലനത്തിന്റെ ഭാഗമായ വിവിധ ജോലികള്‍ നിര്‍വഹിക്കുന്നത്. പുരോഹിതന്മാര്‍ വിവിധ പള്ളികള്‍ സന്ദര്‍ശിച്ച് ദിവ്യബലിയര്‍പ്പിക്കുകയും കൂദാശകള്‍ നല്‍കുകയും ചെയ്യുന്നതില്‍ ഒതുങ്ങുന്നു. ജനങ്ങളുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന പുരോഹിതരായ അജപാലകര്‍ ഇല്ലാതാകുന്നു. സ്വകാര്യവിഷയങ്ങളില്‍ പുരോഹിതര്‍ ഇടപെടുന്നത് ജര്‍മ്മന്‍ ജനത ആഗ്രഹിക്കുന്നില്ലെ ന്ന നിരീക്ഷണവും ഉണ്ട്.
പുരോഹിതന്മാര്‍ കുറയുകയാണെങ്കിലും ജര്‍മ്മന്‍ കത്തോലിക്കാസഭയ്ക്കു ലഭിക്കുന്ന നികുതിയിനത്തിലുള്ള വരുമാനവും ജര്‍മ്മന്‍ സഭയിലെ ജോലിക്കാരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ജര്‍മ്മന്‍ സഭയെ അല്മായ പങ്കാളിത്തമേറെയുള്ള മറ്റൊരുതരം സഭയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും പുരോഹിതരുടെ എണ്ണം കുറയുന്നത് അതിന്റെ ഭാഗമായി ബോധപൂര്‍വം നടപ്പാക്കുന്ന പദ്ധതിയാണെന്നും വിമര്‍ശനമുയര്‍ത്തുന്നവരും ഉണ്ട്.

image

'പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല' വിശുദ്ധ പദവിയിലേക്ക്

നല്ലിടയന്‍ നേതാവോ വഴികാട്ടിയോ മാത്രമല്ല ഒപ്പം ജീവിക്കുന്നവനാണ്

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും