Dignitas Infinita: വായനയും നിരീക്ഷണങ്ങളും

Dignitas Infinita: വായനയും നിരീക്ഷണങ്ങളും
ദൈവത്തിനു മാത്രമുള്ള 'അനന്തമായ മഹത്വം' സ്ഥലകാല പരിമിതികളിലും അതിര്‍ത്തികള്‍ക്കുള്ളിലും നിലനില്‍ക്കുകയും ജീവിക്കുകയും ചെയ്യുന്ന മനുഷ്യനുമുണ്ട് എന്ന് എങ്ങനെ പറയാനാവും എന്നു സംശയിക്കുന്ന ചിലരുണ്ട്.

ഡോ. ബിനു തടത്തില്‍ പുത്തന്‍വീട്ടില്‍

2024 ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിച്ച Dignitas Infinita (DI) എന്ന വിശ്വാസതിരുസംഘത്തിന്റെ (DDF) പ്രഖ്യാപനരേഖ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ രേഖയുടെ തലക്കെട്ട് നല്‍കപ്പെട്ടിരിക്കുന്നത് ലത്തീന്‍ ഭാഷയിലാണ് (Dignitas Infinita). ഇംഗ്ലീഷിലേക്ക് Infinite Dignity എന്ന് ഇതിനെ മൊഴിമാറ്റം നടത്താം. പക്ഷേ, മലയാളത്തില്‍ ഇത് ഒറ്റവാക്കില്‍ ഒതുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, 'dignitas' എന്ന ലത്തീന്‍ പദത്തെ 'മഹത്വം', 'അന്തസ്സ്', 'മാഹാത്മ്യം' എന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. 'infinita' എന്ന പദത്തെ 'അനന്തമായ', 'അപരിമിതമായ', 'അതിരറ്റ', 'അമേയമായ' എന്ന അര്‍ത്ഥത്തിലും മനസ്സിലാക്കാം. സംയോജിതമായി ഈ പ്രഖ്യാപന രേഖയെ മലയാളത്തില്‍ 'അനന്തമായ അന്തസ്സ്', 'അനന്തമായ മഹത്വം' എന്നൊക്കെ വായിക്കാം.

ഈ രേഖയുടെ രൂപീകരണം 2019-ലാണ് ആരംഭിച്ചത്. തുടര്‍ന്ന്, 2024-ല്‍ ആഗോള സഭയ്ക്ക് നല്‍കപ്പെട്ടിരിക്കുന്ന ഈ പ്രബോധന രേഖയ്ക്ക് 66 ഖണ്ഡികകളാണ് ഉള്ളത്.

വിശുദ്ധ ഗ്രന്ഥത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ കത്തോലിക്കാസഭയുടെ പ്രബോധനങ്ങളുടെയും അതിന്റെ വികസിത നിലപാടുകളുടെയും പഠിപ്പിക്കലുകളുടെയും ആവര്‍ത്തനവും തുടര്‍ച്ചയും ആണ് ഈ രേഖ.

അതിനാല്‍ തന്നെ, ഈ പ്രഖ്യാപന രേഖ തികച്ചും പുതിയ കാര്യങ്ങളെ പറ്റിയാണ് പ്രതിപാദിക്കുന്നത് എന്ന് പറയാനാവുകയില്ല. എന്നാല്‍, 1960 മുതലുള്ള മാര്‍പാപ്പമാരുടെ പ്രബോധനങ്ങളിലും (ജോണ്‍ XXIII, പോള്‍ VI, ജോണ്‍പോള്‍ II, ബെനഡിക്ട് XVI, ഫ്രാന്‍സിസ്) രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണ രേഖകളിലുമാണ് ഈ പ്രഖ്യാപന രേഖ അതിന്റെ ആശയ നങ്കൂരം ഉറപ്പിച്ചിരിക്കുന്നത്.

ഈ രേഖ ഈ കാലഘട്ടത്തിന്റെ ആത്മാവിനോടുള്ള (Zeitgeist) ആശയസംവേദനമാണെന്ന് നിസംശയം പറയാം.

ഓരോ വ്യക്തിക്കും അലംഘനീയമായ, അനന്തമായ മഹത്വം ഉണ്ട് എന്നതാണ് ഉള്ളടക്കം. ഏതു സാഹചര്യത്തിലും അവസ്ഥയിലും ജീവിക്കേണ്ടി വന്നാലും ആ മഹത്വത്തിന് ഇടിവ് സംഭവിക്കുന്നില്ല.

എത്രമേല്‍ പരിതാപകരമായ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നാലും അവന്റെ മഹത്വം വിലമതിക്കപ്പെടേണ്ടതാണ്. മനുഷ്യമഹത്വത്തിന് ഭീഷണിയായ പതിനാല് കാലിക പ്രശ്‌നങ്ങെളയാണ് ഈ രേഖ മുന്നോട്ടുവയ്ക്കുന്നത്. ദാരിദ്രം, യുദ്ധം, കുടിയേറ്റം, മനുഷ്യക്കടത്ത്, ലൈംഗിക ദുരുപയോഗം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഗര്‍ഭച്ഛിദ്രം, വാടക ഗര്‍ഭധാരണ ധാര്‍മ്മിക പ്രശ്‌നങ്ങള്‍, ദയാവധം, assisted suicide, ശാരീരിക വൈകല്യം നേരിടുന്നവരോടുള്ള അവഗണന, ജെന്‍ഡര്‍ തിയറികള്‍, ലിംഗ മാറ്റം, ഡിജിറ്റല്‍ അഥവാ സൈബര്‍ അക്രമങ്ങള്‍.

അതേസമയം, മനുഷ്യന് 'അനന്തമായ മഹത്വം' ഉണ്ടോ എന്ന ഗൗരവമായ ചോദ്യങ്ങളും ചിന്തകളും ഇതിനോടകം തന്നെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 'അനന്തമായ മഹത്വം' മനുഷ്യനുണ്ട് എന്ന പ്രബോധനം ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധം അല്ലേ എന്ന സന്ദേഹികളുടെ വിചാരപ്പെടലിനും കുറവില്ല. ദൈവത്തിനു മാത്രമുള്ള 'അനന്തമായ മഹത്വം' സ്ഥലകാല പരിമിതികളിലും അതിര്‍ത്തികള്‍ക്കുള്ളിലും നിലനില്‍ക്കുകയും ജീവിക്കുകയും ചെയ്യുന്ന മനുഷ്യനുമുണ്ട് എന്ന് എങ്ങനെ പറയാനാവും എന്നതാണ് അവരുടെ ന്യായമായ സംശയം. പക്ഷേ, ഈ പ്രബോധന രേഖയെ അതിന്റെ സമഗ്രതയില്‍ വായിക്കുമ്പോള്‍ ഈ സംശയങ്ങള്‍ക്ക് ഇടം ഇല്ലാതാവുന്നുണ്ട്. അതായത്, ദൈവത്തിന് 'അനന്തമായ മഹത്വം' ഉള്ളതുപോലെ അല്ല മനുഷ്യന്റെ 'അനന്തമായ മഹത്വം'. മനുഷ്യനോട് ദൈവത്തിനുള്ള സ്‌നേഹമാണ് അവന്റെ മഹത്വത്തിന്റെ ഉറവിടവും അടിസ്ഥാനവും. അതിനാല്‍, ദൈവത്തിന്റെ മഹത്വത്തിന്റെ അപരിമേയതയോട് മത്സരിക്കുന്നവനല്ല മനുഷ്യന്‍.

അനന്തമായ മഹത്വം ഉള്ള ദൈവത്തിനുള്ള വെല്ലുവിളിയാണ് മനുഷ്യന്റെ മഹത്വം എന്ന അര്‍ത്ഥ സൂചനകള്‍ക്കും ഇവിടെ സ്ഥാനം ഇല്ലാതാവുന്നുണ്ട്. ചുരുക്കത്തില്‍, ദൈവത്തിന്റെ മാഹാത്മ്യത്തിനും മഹത്വത്തിനും തത്തുല്യമായ മാഹാത്മ്യം ഉള്ളവനാണ് മനുഷ്യന്‍ എന്ന അവകാശവാദത്തിന്റെ പരിസരങ്ങളില്‍ അല്ല ഈ പ്രബോധന രേഖയുടെ ആശയദൃഷ്ടിയുടെ കേന്ദ്രം പതിഞ്ഞിരിക്കുന്നത്. മറിച്ച്, ഈ പ്രബോധനരേഖ ആവര്‍ത്തിക്കുന്നത് മനുഷ്യമാഹാത്മ്യവും അവന്റെ അസ്പര്‍ശ്യമായ അന്തസ്സുമാണ്. പക്ഷേ അത് മറ്റൊരാളുടെ ഔദാര്യത്താല്‍ അവന് നല്‍കപ്പെട്ട ഒന്നല്ല; മറിച്ച്, ദൈവത്തിന്റെ സ്‌നേഹം എന്ന ഒറ്റക്കാരണം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഉണ്‍മയുടെ ലോകത്തേക്ക് പ്രവേശനം ലഭിച്ചിരിക്കുന്നു എന്നതാണ് മനുഷ്യന്റെ അനന്തമായ അന്തസ്സിന്റെ അടിസ്ഥാനം. അതിനാല്‍ തന്നെ അവന്‍ ദൈവത്താല്‍ സ്‌നേഹിക്കപ്പെട്ടു എന്നതുകൊണ്ടു തന്നെ അവന് അളക്കാനാവാത്ത (immeasurable) മാഹാത്മ്യം ഉണ്ട്.

ഈ പ്രബോധന രേഖയുടെ വായനയ്ക്കും അപഗ്രഥനത്തിനും ഒരുങ്ങുമ്പോള്‍ നാം മനസ്സില്‍ സൂക്ഷിക്കേണ്ട ചില അടിസ്ഥാന വസ്തുതകള്‍ ഉണ്ട്.

ഒന്നാമതായി, പ്രത്യേകമായ ചില അജണ്ടകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഇത് വായിക്കാന്‍ ശ്രമിക്കരുത്. രണ്ടാമതായി, മനുഷ്യ മഹത്വത്തെക്കുറിച്ച് ഇത് ആദ്യമായിട്ടല്ല കത്തോലിക്കാസഭ ഒരു പ്രബോധന രേഖ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ടുതന്നെ, സഭയുടെ പരമ്പരാഗതമായ പഠനങ്ങളുടെയും ബോധ്യങ്ങളുടെയും പ്രബോധനത്തിന്റെയും ഇടമുറിയാത്ത തുടര്‍ച്ച തന്നെയാണ് ഫ്രാന്‍സിസ് പാപ്പ ഒപ്പുവച്ചിരിക്കുന്ന ഈ രേഖയും.

കത്തോലിക്കാസഭയുടെതിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു മനുഷ്യ വിജ്ഞാനീയം ആര്‍ക്കും മുന്നോട്ടുവയ്ക്കാന്‍ ഇല്ല എന്ന ഉറപ്പോടെയാണ് ഈ രേഖ ആരംഭിക്കുന്നത്. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മരണത്തിനപ്പുറത്തേക്കും നീളുന്ന അവന്റെ നിയോഗങ്ങളെക്കുറിച്ചുമുള്ള യുക്തിഭദ്രമായ ധാരണകളുടെ വെളിച്ചത്തിലാണ് ഈ അവകാശവാദവും ഈ രേഖയും പിറവിയെടുക്കുന്നത്. അതിനാല്‍ തന്നെ, ബൗദ്ധിക നിരാശയുടെ ചവര്‍പ്പോടെ വായിച്ച് തള്ളേണ്ടതല്ല ഈ പ്രബോധന രേഖ. മറിച്ച്, മനുഷ്യനെ ക്കുറിച്ചുള്ള പവിത്രമായ ധാരണകളുടെ വെളിച്ചത്തില്‍ കാലഘട്ടത്തിന്റെ നേര്‍വായനയാണിത്.

മനുഷ്യന്റെ മഹത്വത്തെക്കുറിച്ചുള്ള വിശാലമായ ഭൂമികയിലാണ് ഈ രേഖ അതിന്റെ അനിഷേധ്യമായ ഇടം കണ്ടെത്തുന്നത് എന്നത് വര്‍ത്തമാനകാലത്തില്‍ ഈ രേഖയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ മഹത്വത്തെക്കുറിച്ച് ഇത്ര ആധികാരികമായും ഉറപ്പോടെയും തീര്‍ച്ചയോടെയും മൂര്‍ച്ചയോടെയും സംസാരിക്കുന്നു എന്നത് വളരെ കാലിക പ്രസക്തവും ഗൗരവതരവുമായ ഒരു കാര്യം തന്നെയാണ്.

മനുഷ്യന്‍ റദ്ദ് ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ (cancel culture) അവന് 'അനന്തമായ മഹത്വം' ഉണ്ട് എന്ന് പറയാന്‍ പത്രോസിന്റെ പിന്‍ഗാമി ആനുകാലിക ലോകത്തേക്ക് വിശ്വാസത്തിന്റെ പ്രകാശവുമായി പ്രവേശിക്കുന്നു എന്നത് തികച്ചും ആശാവഹമാണ്. അതിന്റെ രാഷ്ട്രീയ മാനങ്ങള്‍ (political implications), പ്രത്യേകിച്ചു തീവ്ര ഇടതുപക്ഷ ചിന്താധാരകള്‍ക്ക് (far -leftists) ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പല ഉറച്ച നിലപാടുകളും ഉണ്ട്.

ദൈവത്തിന് 'അനന്തമായ മഹത്വം' ഉള്ളതുപോലെ അല്ല മനുഷ്യന്റെ 'അനന്തമായ മഹത്വം'. മനുഷ്യനോട് ദൈവത്തിനുള്ള സ്‌നേഹമാണ് അവന്റെ മഹത്വത്തിന്റെ ഉറവിടവും അടിസ്ഥാ നവും. അതിനാല്‍, ദൈവത്തിന്റെ മഹത്വത്തിന്റെ അപരിമേയതയോട് മത്സരിക്കുന്നവനല്ല മനുഷ്യന്‍.

അതോടൊപ്പം തന്നെ ചില നിരീക്ഷണങ്ങളേയും ഈ രേഖയുടെ വായനയുടെ വഴിയില്‍ നമുക്ക് അവഗണിക്കാനാവുകയില്ല.

1) ഒറ്റ വായനയില്‍ പ്രായോഗികമല്ലെന്നു തോന്നുന്ന ചില പ്രസ്താവനകള്‍ ഈ രേഖയിലുണ്ടെന്ന് കരുതുന്നവരുണ്ട്. സമ്പത്തിന്റെ വിതരണത്തെക്കുറിച്ച് (DI 37) പറയുന്ന ഭാഗം ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് അവര്‍ പറയുന്നത്.

2) അവ്യക്തത സൃഷ്ടിക്കുന്ന ചില പരാമര്‍ശങ്ങള്‍ ഇതിലുണ്ട്. ഉദാഹരണത്തിന്, DI അതിന്റെ പന്ത്രണ്ടാം ഖണ്ഡികയില്‍ അന്ത്യവിധിയെക്കുറിച്ച് പറയുന്ന ഭാഗം അത്ര തെളിമയോടെ അല്ല അവതരിപ്പിച്ചിരിക്കുന്നത്. അന്ത്യവിധിയുടെ ഏക മാനദണ്ഡം (single criterion of judgement) ഒരു വ്യക്തി ചെയ്ത നന്മ പ്രവര്‍ത്തികള്‍ മാത്രമാണെന്ന പ്രസ്താവനയാണ് അവ്യക്തതയ്ക്ക് കാരണമാകുന്നത്. അതായത്, ക്രൈസ്തവധര്‍മ്മം നിര്‍ബന്ധമായും വിശ്വസിക്കാന്‍ ആവശ്യപ്പെടുന്ന ചില അടിസ്ഥാന വിശ്വാസസത്യങ്ങള്‍ ഉണ്ട്. മനുഷ്യാവതാരം ചെയ്ത പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ ഈശോ ഒരേസമയം മനുഷ്യനും ദൈവവും ആണെന്ന് വിശ്വസിക്കണമെന്നും അവന്‍ സ്ഥാപിച്ച സഭയുടെ വിശ്വാസധാര്‍മ്മിക നിയമങ്ങള്‍ വിട്ടുവീഴ്ച ഇല്ലാതെ പാലിക്കണമെന്നും ഉള്ളത് അന്ത്യവിധിയുടെ മാനദണ്ഡമല്ല എന്ന ധ്വനിയാണ്, ചില അവ്യക്തതകള്‍ ഉണ്ട് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

3) ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മറ്റൊരു കാര്യം DI യുടെ 38, 39 ഖണ്ഡികകളില്‍ സൂചിപ്പിക്കപ്പെടുന്ന യുദ്ധം എന്ന ആശയപരിസരവുമായി ബന്ധപ്പെട്ടവയാണ്. മനുഷ്യാന്തസ്സിനും മഹത്വത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു എന്ന കാരണം കൊണ്ട് ന്യായീകരിക്കപ്പെടാവുന്ന യുദ്ധത്തിനു പോലും (Just war) ഇടമില്ല എന്ന് രേഖ പറയുന്നതോടൊപ്പം തന്നെ സ്വയം പ്രതിരോധിക്കേണ്ടത് ഒരാളുടെ മൗലിക അവകാശമാണെന്ന് പ്രസ്താവിക്കുന്നതിലൂടെയാണ് മേല്‍ സൂചിപ്പിച്ച ആശയക്കുഴപ്പം രൂപപ്പെടുന്നത്.

4) DI യുടെ നാല്പതാമത്തെ ഖണ്ഡികയില്‍ മനുഷ്യമഹത്വത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കുടിയേറ്റം എന്ന വിഷയമാണ് പ്രതിപാദിക്കപ്പെടുന്നത്. കുടിയേറ്റം എന്ന വിഷയത്തിന്റെ സങ്കീര്‍ണ്ണമായ മാനങ്ങളെ ഒന്നും സ്പര്‍ശിക്കാതെ പോകുന്നുവെന്ന് സന്ദേഹിക്കുന്നവരുണ്ട്. ഒപ്പം, കുടിയേറ്റക്കാരും (migrants) അഭയാര്‍ത്ഥികളും (refugees) തമ്മിലുള്ള വ്യത്യാസത്തെ ഈ രേഖ വല്ലാതെ ആപേക്ഷികവല്‍ക്കരിക്കുന്നുണ്ടോ എന്നും നിലനില്‍ക്കുന്ന ഒരു ചോദ്യമാണ്.

5. DI യുടെ അറുപതാം ഖണ്ഡികയില്‍ ലിംഗമാറ്റത്തിന്റെ (sex change) ധാര്‍മ്മികതയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ അനന്യമായ മഹത്വത്തിന് ഭീഷണിയായ (threat) ഒരു കാര്യമായിട്ടാണ് ലിംഗമാറ്റത്തെ വിലയിരുത്തുന്നത്. അത് വെറും ഭീഷണിയാണോ (threat) അതോ മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാനപരമായ ധ്വംസനം (violation) ആണോ എന്ന് ഈ രേഖ കൃത്യമായി പറയുന്നില്ല. ഈ അവ്യക്തതയുടെ മറപറ്റി ലിംഗമാറ്റത്തെ (sex change) വളച്ചൊടിക്കാനും ന്യായീകരിക്കാനുമുള്ള സാധ്യതകള്‍ക്ക് ഇത് വഴി തുറന്നേക്കാം.

6) അജ്ഞതയില്‍ നടത്തപ്പെടുന്ന സ്ഥിരസ്വഭാവമുള്ള (permanent) ലിംഗമാറ്റ ശസ്ത്രക്രിയകളുടെ വിശദാംശങ്ങളിലേക്ക് ഈ പ്രബോധന രേഖ പ്രവേശിക്കുന്നില്ല.

7) ഇതിനോടകം പ്രസ്തുത ലിംഗമാറ്റങ്ങള്‍ക്ക് സ്വയം വിധേയരായവരോടു പുലര്‍ത്തേണ്ട പ്രായോഗിക അജപാലന സമീപന രീതികളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ (pastoral approaches) താരതമ്യേന കുറവാണ്. സമീപഭാവിയില്‍ അത്തരം നിര്‍ദേശങ്ങള്‍ കൂടുതല്‍ നല്കപ്പെടുമെന്നു പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org