കഴിഞ്ഞ ഇരുനൂറു വര്‍ഷങ്ങള്‍ക്കിടെ നാം നമ്മുടെ പൊതുഭവനമായ ഭൂമിയെ കണക്കില്ലാതെ ദ്രോഹിച്ചു. സുസ്ഥിരമായ ജീവിതത്തിനായി, അനുദിനജീവിതശൈലി നാം മാറ്റേണ്ടതുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിനു നമുക്കു ധീരതയും സത്യസന്ധതയും ഉത്തരവാദിത്വബോധവും ആവശ്യമുണ്ട് - പാപ്പ വിശദീകരിച്ചു.
പൊള്ളുന്ന അനുഭവമാണ്, പൊള്ളയായ പദങ്ങളല്ല ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഇന്നു മലയാളിക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയില്‍ തിളക്കുന്നു, ഈ ചാരുഹരിതതീരം. ആഗോളപ്രതിഭാസമാണ്, കേരളത്തിനു മാത്രമായി ഒരു പരിഹാരവും കാണാനാകില്ല എന്നറിയാമെങ്കിലും ഈ ചൂടിനെ നേരിടാനെന്തെങ്കിലും മാര്‍ഗമുണ്ടോ എന്നാലോചിച്ചുപോകുകയാണ് ഓരോരുത്തരും.
ഈ ചൂടു കുറയ്ക്കുക എന്നാല്‍ ഈ ഭൂമിയെ രക്ഷിക്കുക എന്നാണര്‍ത്ഥം, ഭാവിമനുഷ്യര്‍ക്കായി ഈ പൊതുഭവനത്തെ നിലനിറുത്തുക എന്നും.
ആയിരക്കണക്കിനു മലയാളികള്‍ക്ക് അന്നം നല്‍കി പോറ്റുന്ന അറേബ്യന്‍ ഗള്‍ഫ് നാടുകള്‍ പ്രളയജലംകൊണ്ടു വലഞ്ഞതും ഇതേസമയത്തു തന്നെ. നാട്ടില്‍ ചൂടു കൊണ്ടു ഉരുകുന്നവരുടെ പ്രിയപ്പെട്ടവര്‍ മറുനാട്ടില്‍ മഴകൊണ്ടു വലയുന്ന വിചിത്രസാഹചര്യം. ഉയര്‍ന്നുയര്‍ന്നു പോകുന്ന ചൂടു മാത്രമല്ല, ഒരു വര്‍ഷത്തെ മഴ മുഴുവന്‍ ഒറ്റനാളില്‍ വര്‍ഷിക്കുന്ന അതിവര്‍ഷവും ആത്യന്തികമായി ആഗോളതാപനത്തിന്റെ അനന്തരഫലം തന്നെ. അടുത്ത മഴക്കാലത്ത് കേരളം അതിവര്‍ഷ ദുരിതം നേരിടില്ല എന്നു പ്രതീക്ഷിക്കാന്‍ കാരണങ്ങളില്ല.
പരിസ്ഥിതി സംരക്ഷണം നാം ഗൗരവപൂര്‍വം സമീപിക്കേണ്ട വിഷയമാണെന്ന് ഈ കടുത്ത വേനലും കൊടിയ വര്‍ഷവും നമ്മെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു. ലോകരാജ്യങ്ങളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ സഹിക്കുന്നുണ്ട്. അതു മനുഷ്യരാശിയുടെയാകെ അതിജീവനത്തിന്റെ പ്രശ്‌നമായി മാറിക്കഴിഞ്ഞു. അതുകൊണ്ടാണ് കത്തോലിക്കാസഭയും ഈ വിഷയത്തിലേക്ക് പണ്ടൊന്നുമില്ലാത്ത വിധം ശ്രദ്ധ കൊടുത്തിരിക്കുന്നത്.
കാലാവസ്ഥാവ്യതിയാനം പ്രധാനമായും മനുഷ്യന്റെ കര്‍മ്മഫലമാണെന്നു 'ലൗദാത്തോ സി' എന്ന ചാക്രികലേഖനത്തില്‍ മാര്‍പാപ്പ അസന്ദിഗ്ധമായി പറഞ്ഞു. കഴിഞ്ഞ ഇരുനൂറു വര്‍ഷങ്ങള്‍ക്കിടെ നാം നമ്മുടെ പൊതുഭവനമായ ഭൂമിയെ കണക്കില്ലാതെ ദ്രോഹിച്ചു. സുസ്ഥിരമായ ജീവിതത്തിനായി, അനുദിനജീവിതശൈലി നാം മാറ്റേണ്ടതുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിനു നമുക്കു ധീരതയും സത്യസന്ധതയും ഉത്തരവാദിത്വബോധവും ആവശ്യമുണ്ട് - പാപ്പ വിശദീകരിച്ചു.
ലോകജനതയും ഭരണകര്‍ത്താക്കളും ഇതിന്റെ ഗൗരവം മനസ്സിലാക്കാതെയിരിക്കുന്നില്ല. അതുകൊണ്ടാണ് അനേകം ഉച്ചകോടികളും കരാറുകളും വ്യവസ്ഥകളുമെല്ലാം പരിസ്ഥിതി സംബന്ധമായി ഉണ്ടായിട്ടുള്ളത്. പഠനഗവേഷണങ്ങളും പ്രായോഗിക പരീക്ഷണങ്ങളും നിരന്തരം നടക്കുന്നു. എന്നാല്‍, പ്രശ്‌നഗൗരവം ഉള്‍ക്കൊള്ളുന്ന ധീരതയും സത്യസന്ധതയും ഉത്തരവാദിത്വബോധവും എല്ലാവര്‍ക്കും ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നുറച്ചു പ്രത്യുത്തരിക്കാന്‍ വിഷയത്തിന്റെ മര്‍മ്മം കണ്ടവര്‍ മടിക്കും.
കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ വ്യവസായ വിപ്ലവമുള്‍പ്പെടെയുള്ള മഹാമാറ്റങ്ങളും അവയ്ക്കനുബന്ധമായ വന്‍ വിഭവചൂഷണവും ഭൂമിയെ അടിമുടി ബാധിച്ചു. ഉപഭോഗം കുതിച്ചുയര്‍ന്നു, മാലിന്യം കുന്നുകൂടി. മണ്ണില്‍ മാത്രമല്ല വിണ്ണിലും മാലിന്യക്കൂമ്പാരങ്ങളുണ്ടായി, അത് അന്തരീക്ഷമാറ്റങ്ങളുണ്ടാക്കി.
ഇനി, രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പിലേക്കു മടങ്ങിപ്പോകുകയല്ല ഇതിനെല്ലാമുള്ള പ്രതിവിധി. ഈ മാറ്റങ്ങളെല്ലാമുണ്ടാക്കിയ ശാസ്ത്ര സാങ്കേതികവിദ്യകളെ തന്നെ ആശ്രയിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ക്കു പരിഹാരവും തേടണം. പക്ഷേ അതിനായി, വിഭവചൂഷണത്തിലൂടെ ഉണ്ടാക്കിയ സമ്പത്ത് ലോഭമില്ലാതെ ചെലവഴിക്കേണ്ടതായി വരും. സമഗ്രമായ ജീവിതശൈലീമാറ്റവും അതിനാധാരമായ മനോഭാവമാറ്റവും മാനവകുടുംബത്തിലെ എല്ലാവരില്‍ നിന്നും ആവശ്യമായി വരും. അതിനുള്ള ഇച്ഛാശക്തി ലോകം കാണിക്കേണ്ട സമയമാണിത്.
ഈ ഉത്തരവാദിത്വം ആര്‍ക്കും പരസ്പരം വച്ചു മാറാനാവില്ല. നടേ സൂചിപ്പിച്ച വ്യവസായവിപ്ലവത്തിലൂടെയും വിഭവചൂഷണത്തിലൂടെയും അതിസമ്പന്നമായി മാറിയ വികസിതലോകത്തിന് ഈ ഉത്തരവാദിത്വം ഏതാനും നോട്ടുകെട്ടുകള്‍ കൂലിയായി കൊടുത്ത് അവികസിത ലോകത്തെ ഏല്‍പിക്കാനാവില്ല. പട്ടിണിയും ദുരിതവും നേരിടുന്ന വികസ്വരരാജ്യങ്ങള്‍ക്കാകട്ടെ വിശപ്പുതന്നെയായിരിക്കും, ആയിരിക്കണം എന്നും മുന്‍ഗണനാവിഷയം. ആ പ്രശ്‌നം ലോകമൊന്നാകെ പരിഗണിക്കണം.
കേരളത്തിലേക്കു വരുമ്പോള്‍, പരിസ്ഥിതി സംരക്ഷണവും പ്രകൃതിപരിപാലനവും മലയോരകര്‍ഷകരുടെ മാത്രം എന്തോ ഉത്തരവാദിത്വമാണെന്ന ഒറ്റബുദ്ധിതീര്‍പ്പുകള്‍ കണ്ടിട്ടുണ്ട്. വനവിസ്തൃതിയും വൃക്ഷാവരണവും തികച്ചും ആരോഗ്യകരമായ നിലയില്‍ നിലനില്‍ക്കുന്ന പ്രദേശമാണു കേരളം. അതില്‍ കര്‍ഷകരുടെ സംഭാവനകള്‍ നിര്‍ണ്ണായകവുമാണ്. അവശേഷിക്കുന്ന കൃഷിയിടങ്ങളില്‍ നിന്നുകൂടി കര്‍ഷകരെ കുടിയിറക്കിക്കൊണ്ടും കൃഷിനാശം ഉദാസീനം വീക്ഷിച്ചുകൊണ്ടുമല്ല പരിസ്ഥിതി സംരക്ഷിക്കേണ്ടത്.
വന്യമൃഗശല്യം രൂക്ഷമാകുമ്പോള്‍ ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. കണക്കുവിട്ടു പെരുകുന്ന മൃഗങ്ങളും പരിസ്ഥിതിക്കു ദോഷമാണെന്ന ശാസ്ത്രവസ്തുതയുടെ അടിസ്ഥാനത്തില്‍ അവയെ നിയന്ത്രിതവേട്ടയ്ക്കു വിധേയമാക്കി പരിസ്ഥിതിസംരക്ഷണം നടത്തുന്ന വികസിതരാജ്യങ്ങളുടെ മാതൃക കേരളം പരിശോധിക്കണം, സാധ്യമായ നടപടികള്‍ സ്വീകരിക്കണം. അതേസമയം പ്രകൃതിക്കിണങ്ങാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നിന്നും ദ്രോഹകരമായ മാലിന്യസംസ്‌കരണരീതികളില്‍ നിന്നും നാടൊന്നാകെ പിന്മാറുകയും വേണം.
ഇപ്പോള്‍ വീശുന്ന തീക്കാറ്റുകള്‍ ഒരു വേനല്‍മഴയില്‍ എന്നേക്കുമായി അണഞ്ഞുപോകുമെന്നു വ്യാമോഹിക്കരുത്.