മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത
ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു കൊണ്ടുതന്നെ ലിംഗപരവും മതപരവും സാമൂഹികവും രാഷ്ട്രീയവും സംസ്‌കാരികവുമായ എല്ലാ മേഖലകള്‍ക്കുമതീതമായി വര്‍ത്തിക്കുവാനുള്ള ശേഷി മനുഷ്യര്‍ക്കുണ്ട്.
  • ഡോ. സജി മാത്യു കണയങ്കല്‍ CST

മനുഷ്യമാഹാത്മ്യത്തെക്കുറിച്ചും സമകാലിക ലോകത്തില്‍ മനുഷ്യാന്തസ്സിനെതിരെ ഉയരുന്ന വെല്ലുവിളികളെക്കുറിച്ചുമുള്ള വത്തിക്കാന്റെ ഏറ്റവും പുതിയ പ്രഖ്യാപനമാണ് 'അനന്തമായ അന്തസ്സ്' (Dignitas Infinita). കഴിഞ്ഞ ഏപ്രില്‍ 8-ന് വിശ്വാസതിരുസംഘം (Dicastery for the Doctrine of the Faith) പുറപ്പെടുവിച്ച ഈ രേഖയുടെ ഒരുക്കം 2019 മാര്‍ച്ച് 21-ന് ആരംഭിച്ചതാണ്. അഞ്ചുവര്‍ഷം നീണ്ട പഠനത്തിന്റെയും വിശകലനത്തിന്റെയും ഫലമായി നല്‍കിയ ഈ രേഖ, ഇന്നത്തെ പശ്ചാത്തലത്തില്‍ മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പഠനങ്ങള്‍ അവതരിപ്പിക്കുന്നു. ഈ പ്രഖ്യാപനത്തിന്റെ അവതാരികയില്‍ (Presentation) സൂചിപ്പിക്കുന്നതുപോലെ, ഇതിന്റെ ആദ്യ മൂന്നു ഭാഗങ്ങളും മനുഷ്യമാഹാത്മ്യത്തെക്കുറിച്ചുള്ള ദാര്‍ശനികവും സൈദ്ധാന്തികവുമായ അപഗ്രഥനമാണ്. മനുഷ്യാന്തസ്സിനെ ഹനിക്കുന്ന സമകാലിക പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് അവയെക്കുറിച്ചുള്ള സഭയുടെ നിലപാട് നാലാം ഭാഗത്ത് വിശദമാക്കുന്നു. ഓരോന്നിനെയും കുറിച്ച് ദീര്‍ഘമായ പഠനമില്ലെങ്കിലും പരമ്പരാഗത സിദ്ധാന്തങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് കാലിക പ്രതിസന്ധികള്‍ക്ക് വ്യക്തമായ മറുപടി ഈ രേഖയില്‍ കാണാവുന്നതാണ്.

അസ്തിത്വത്തിന്റെ കേന്ദ്രമായ മനുഷ്യാന്തസ്സ്

'ഓരോ മനുഷ്യന്റെയും സത്തയില്‍ തന്നെ ലീനമായ അനന്തമായ അന്തസ്സ്, അവന്‍ അല്ലെങ്കില്‍ അവള്‍ കടന്നുപോകാവുന്ന എല്ലാ സാഹചര്യങ്ങള്‍ക്കും അവസ്ഥകള്‍ക്കും സാഹചര്യങ്ങള്‍ക്കും ഉപരിയാണ്' എന്ന ആരംഭ വാചകത്തില്‍ത്തന്നെ ഈ പ്രഖ്യാപനത്തിന്റെ ആത്മാവ് കുടികൊള്ളുന്നുണ്ട്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെടുകയും ക്രിസ്തുവാല്‍ രക്ഷിക്കപ്പെടുകയും ചെയ്ത മനുഷ്യവ്യക്തിയുടെ മഹത്വം ക്രൈസ്തവവിശ്വാസത്തിന്റെയും ദൈവിക വെളിപാടിന്റെയും സാരാംശമായിട്ടാണ് ഈ പ്രഖ്യാപനം കാണുത്. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ക്കതീതമായി ഓരോ വ്യക്തിയും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടതാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പ്രഖ്യാപനത്തെയും മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള വിവിധ മാര്‍പാപ്പമാരുടെ പ്രധാന പ്രഖ്യാപനങ്ങളെയും ആമുഖമായി പരാമര്‍ശിക്കുന്ന ഈ രേഖ, തുടര്‍ന്ന് മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള പ്രധാന തത്വങ്ങള്‍ വിശദീകരിക്കുന്നു.

മനുഷ്യാന്തസ്സ് (human dignity) എന്ന പദം പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുള്ളതാണ്. അതുകൊണ്ടാവാം ഈ പദത്തിന്റെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഒന്നാം ഭാഗത്ത് തന്നെ ഈ പ്രഖ്യാപനം വിശദീകരിക്കുന്നത്. മനുഷ്യാന്തസ്സിനെ നാല് തലങ്ങളിലായാണ് ഇവിടെ അപഗ്രഥിക്കുന്നത്. സത്താപരവും (ontological) ധാര്‍മ്മികവും (moral) സാമൂഹികവും (social) അസ്തിത്വപരവുമായ (existential) ഈ നാല് തലങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടത് ഒരാളുടെ സത്താപരമായ അന്തസ്സാണ്. ഒരു വ്യക്തി നിലനില്‍ക്കുന്നു (he or she exists) എന്നത് തന്നെയാണ് അടിസ്ഥാനപരമായി അയാളുടെ അന്തസ്സിന്റെ മാനദണ്ഡം. ഒരാള്‍ ഈ ഭൂമിയില്‍ ഉണ്ട് എന്നതിന്റെ അര്‍ത്ഥം അയാള്‍ ദൈവത്തിന്റെ ആഗ്രഹത്തിന്റെയും സൃഷ്ടിയുടെയും സ്‌നേഹത്തിന്റെയും പാത്രമായിരിക്കുന്നു എന്നാണ്. ഒരാളുടെ ജീവിതത്തില്‍ നിന്നും ഒരിക്കലും മാറ്റിനിര്‍ത്താനാവാത്തതും അയാള്‍ കടന്നുപോകുന്ന ഏത് ജീവിത സാഹചര്യത്തിലും സാധുതയുള്ളതുമാണ് സത്താപരമായ അന്തസ്സ്. എന്നാല്‍ ധാര്‍മ്മിക അന്തസ്സാകട്ടെ, തനിക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ഒരാള്‍ ഉപയോഗിക്കുന്നതിനെ ആധാരമാക്കിയാണ് വിലയിരുത്തേണ്ടത്. ചിലരെങ്കിലും തങ്ങളുടെ മനസ്സാക്ഷിക്ക് വിരുദ്ധമായും മാനവസമൂഹത്തിന് ദ്രോഹകരമായും പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ആ പ്രവൃത്തികള്‍ അതിനാല്‍ തന്നെ മനുഷ്യാന്തസ്സിന് വിരുദ്ധമായിരിക്കുന്നതുകൊണ്ട്, അവരുടെ മനുഷ്യാന്തസ്സിന്റെ ഒരംശം നഷ്ടമാകുമെങ്കിലും, ഇത്തരം വ്യക്തികളില്‍ അന്തര്‍ലീനമായിരിക്കുന്ന സത്താപരമായ അന്തസ്സ് നിലനില്‍ക്കും. മറ്റൊരു മേഖല, മനുഷ്യന്റെ സാമൂഹികാന്തസ്സാണ്. അത് അവര്‍ ജീവിക്കുന്ന സാഹചര്യങ്ങളെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. തീവ്രദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരിക്കുന്ന ഒരാളുടെ ജീവിതത്തിലെ വ്യത്യസ്ത മേഖലകളില്‍ മനുഷ്യാന്തസ്സിന് കോട്ടം സംഭവിക്കാം. അവര്‍ ജീവിതത്തിന്റെ ചില കഠിന വഴികളിലൂടെയാവാം കടന്നുപോകുന്നത്. അടിസ്ഥാനപരമായ പല അവകാശങ്ങളും അവര്‍ക്ക് ലഭ്യമായില്ല എന്നും വരാം. എന്നിരുന്നാലും സത്താപരമായ അന്തസ്സിന് മാറ്റമൊന്നും വരികയില്ല. അസ്തിത്വപരമായ അന്തസ്സ് ആവട്ടെ, 'വ്യക്തി'യെ (person) സംബന്ധിച്ചുള്ള ക്ലാസിക്കല്‍ നിര്‍വചനത്തെ ആധാരമാക്കി വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്. യുക്തിസഹമായ സ്വഭാവമുള്ള വ്യക്തിഗത അസ്തിത്വമാണല്ലോ (an indivitual substance of a rational nature) വ്യക്തിയെ നിര്‍വചിക്കുക. മനുഷ്യയുക്തിക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം ഒരാളുടെ സ്വയംനിര്‍ണ്ണയാവകാശവും ഇവിടെ പ്രസക്തമാണ്. യുക്തിസഹം (rational) എന്ന പദം മനുഷ്യന്റെ എല്ലാ കഴിവുകളെയും സാധ്യതകളെയും ഉള്‍ക്കൊള്ളുന്ന ഒന്നായി വേണം മനസ്സിലാക്കാന്‍. അറിയാനും മനസ്സിലാക്കാനും സ്‌നേഹിക്കാനും ആഗ്രഹിക്കാനും തിരഞ്ഞെടുക്കാനുമുള്ള ഒരാളുടെ സ്വാതന്ത്ര്യം ഉള്‍ക്കൊള്ളുന്ന വിശാലമായ അര്‍ത്ഥമാണ് ഈ പദത്തിനുള്ളത്. മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് സവിശേഷമായുള്ള പ്രത്യേകതകളെയും നമ്മുടെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളെയുമാണ് മനുഷ്യ പ്രകൃതി (nature) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വിശാലമായ അര്‍ത്ഥത്തില്‍ മനുഷ്യപ്രകൃതിയാണ് മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമായി വര്‍ത്തിക്കുന്നതും.

മനുഷ്യാന്തസ്സിനെ നാല് തലങ്ങളിലായാണ് ഇവിടെ അപഗ്രഥിക്കുന്നത്. സത്താപരവും (ontological) ധാര്‍മ്മികവും (moral) സാമൂഹികവും (social) അസ്തിത്വപരവുമായ (existential) ഈ നാല് തലങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടത് ഒരാളുടെ സത്താപരമായ അന്തസ്സാണ്.

മനുഷ്യാന്തസ്സിനെക്കുറിച്ച് വളരുന്ന അവബോധം

മനുഷ്യാന്തസിനെക്കുറിച്ച് സഭയ്ക്കും സമൂഹത്തിനും ഇന്നുള്ള അവബോധം കാലത്തിന്റെ പരിക്രമണത്തില്‍ രൂപപ്പെട്ട് വന്നിട്ടുള്ളതാണ്. പ്രപഞ്ചത്തിന്റെ സമഗ്ര ഭാവങ്ങളെയും അപഗ്രഥിക്കുമ്പോള്‍, അന്തസ്സ് എന്നത് സമഗ്രതയില്‍ ലീനമാകുന്ന ഒന്നാണ്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുള്ളപ്പോള്‍ തന്നെ, ബുദ്ധിയും വിവേകവും ഉത്തരവാദിത്വവുമുള്ള മനുഷ്യര്‍, തങ്ങളുടെ അസ്തിത്വത്തില്‍ തന്നെ സ്വതന്ത്രമായി നിലനില്‍ക്കുന്നവരാണ്. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്ന വിശുദ്ധഗ്രന്ഥ വചനങ്ങള്‍ കേവലം ഭൗതിക തലങ്ങളിലേക്ക് മാത്രമായി മനുഷ്യരെ പരിമിതപ്പെടുത്തരുത് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തിന്റെ ഛായ എന്നത് മനുഷ്യന്റെ ആത്മാവിനെയോ ബൗദ്ധികാംശത്തെയോ വിശേഷിപ്പിക്കുവാനായി മാത്രം ഉപയോഗിക്കുന്ന ഒരു പദമല്ല. മറിച്ച്, സ്ത്രീപുരുഷന്മാര്‍ എന്ന നിലയില്‍ മനുഷ്യര്‍ തുല്യരാണെന്നും പരസ്പരം സ്‌നേഹിക്കേണ്ടവരാണെന്നും ഈ ഭൂമിയില്‍ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നവരുമാണെന്നുള്ള നിരവധി വസ്തുതകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ, ലിംഗപരവും മതപരവും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ എല്ലാ മേഖലകള്‍ക്കുമതീതമായി വര്‍ത്തിക്കുവാനുള്ള ശേഷി മനുഷ്യര്‍ക്കുണ്ട്. ദൈവം മനുഷ്യരില്‍ നിക്ഷേപിച്ചിരിക്കുന്ന ഈ അടിസ്ഥാന മാഹാത്മ്യം ഒരാള്‍ പിടിച്ചു വാങ്ങുന്നതോ മറ്റൊരാള്‍ അയാള്‍ക്ക് നല്‍കുന്നതോ അല്ല. മറിച്ച് ഇത് ദൈവത്തിന്റെ ദാനമാണ്; ഓരോ മനുഷ്യവ്യക്തിയും ദൈവത്തിന്റെ ഇച്ഛയാലും സ്‌നേഹത്താലും രൂപം കൊണ്ടിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.

ബൈബിളിലെ ആദ്യഗ്രന്ഥമായ ഉല്പത്തിയില്‍ രൂപംകൊള്ളുന്ന ഈ ദര്‍ശനത്തിന്റെ വികസിത ഭാവങ്ങള്‍ പഴയനിയമത്തിലുടനീളം ദര്‍ശിക്കാവുന്നതാണ്. ദീനരുടെ നിലവിളി കേള്‍ക്കുന്ന ദൈവത്തെ ചിത്രീകരിക്കുന്ന പുറപ്പാട് പുസ്തകവും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍ക്കായി പ്രത്യേക നിയമങ്ങള്‍ വിഭാവനം ചെയ്യുന്ന നിയമാവര്‍ത്തനവും സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഇസ്രായേലിന്റെ തന്നെ ധാര്‍മ്മിക മനസ്സാക്ഷിയായ പ്രവാചകന്മാരുമെല്ലാം മനുഷ്യമാഹാത്മ്യത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. മനുഷ്യനായി ഭൂമിയില്‍ അവതരിച്ച യേശുവാകട്ടെ, മനുഷ്യമാഹാത്മ്യം സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ സാഹചര്യങ്ങള്‍ക്കുമതീതമാണെന്ന് തന്റെ ജീവിതത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും അസന്ദിഗ്ധമായി തെളിയിക്കുകയായിരുന്നു. സാമൂഹികവും രാഷ്ട്രീയവും മതപരവും അനുഷ്ഠാനപരവുമായ എല്ലാ അതിരുകളെയും ഭേദിച്ചുകൊണ്ടാണ് ലോകത്തില്‍ അവന്‍ സുവിശേഷമായി മാറിയത്. അത് അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള ആഭിമുഖ്യവും സ്ത്രീകളോടും കുട്ടികളോടുമുള്ള സവിശേഷ പരിഗണനയും കുഷ്ഠരോഗികളോടും അപരിചിതരോടുമുള്ള കാരുണ്യവും വിധവകളോടും അനാഥരോടുമുള്ള സ്‌നേഹവായ്പും ചുങ്കക്കാരോടും വേശ്യകളോടുമുള്ള സഹവര്‍ത്തിത്തവും ആയി മാറി. അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളും നല്‍കിയ ശുശ്രൂഷകളും നടത്തിയ ഇടപെടലുകളും അടിമത്തത്തില്‍ കഴിഞ്ഞവര്‍ക്ക് വിമോചനത്തിന്റെ സദ്വാര്‍ത്തയായിരുന്നു. സുവിശേഷത്തിന്റെ ഭാഷയില്‍ ചെറിയവര്‍ (the little ones) എന്നത് കുട്ടികള്‍ മാത്രമല്ല, മറിച്ച് ദുര്‍ബലരും പുറത്താക്കപ്പെട്ടവരും ഏറ്റവും നിസ്സാരരും അടിച്ചമര്‍ത്തപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും പീഡിതരും രോഗികളും പലതരത്തിലുള്ള ചൂഷണത്തിന് വിധേയരുമായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ മനുഷ്യരും ഉള്‍പ്പെടുന്ന ഒരു സാമൂഹിക സഞ്ചയമാണ്. ഇങ്ങനെ പരിത്യക്തരായ സകലരേയും യേശു തന്റെ കാരുണ്യം കൊണ്ട് ആലിംഗനം ചെയ്യുകയും സ്വന്തമാക്കുകയും ചെയ്തു. അന്ത്യവിധിയില്‍ സ്വര്‍ഗരാജ്യം കരഗതമാക്കുന്നതിന് മാനദണ്ഡമായി, വിശക്കുന്നവരെയും ദാഹിക്കുന്നവരെയും അപരിചിതരെയും നഗ്നരെയും രോഗികളെയും തടവുകാരെയും ചേര്‍ത്തുവയ്ക്കാനുള്ള ആഹ്വാനം, ചെറിയവരോടുള്ള അവന്റെ പരിഗണനയും മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള സുവിശേഷദര്‍ശനവുമാണ്.

സുവിശേഷത്തില്‍ ലീനമായിരുന്ന മനുഷ്യാന്തസിനെക്കുറിച്ചുള്ള ഈ ദര്‍ശനം സഭാപിതാക്കന്മാര്‍ ധ്യാനിക്കുകയും മധ്യകാല ദൈവശാസ്ത്രജ്ഞര്‍ വികസിപ്പിക്കുകയും ചെയ്തു. ആധുനിക തത്വചിന്തയുടെ പ്രയോക്താക്കളായിരുന്ന ഡെക്കാര്‍ട്ടിന്റെയും കാന്റിന്റെയും ചിന്തകളില്‍ പരമ്പരാഗതക്രൈസ്തവ മനുഷ്യവിജ്ഞാനീയം (traditional christian anthropology) നിരസിക്കുന്ന ചില ചിന്തകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പോലും, വെളിപാടിന്റെ പ്രതിധ്വനികള്‍ അവയില്‍ ശക്തമായി മനസ്സിലാക്കുവാന്‍ കഴിയും. സമകാലിക ലോകത്താകട്ടെ അന്തസ്സ് എത് മനുഷ്യവ്യക്തിയുടെ അതുല്യതയെ വ്യക്തമാക്കുവാന്‍ ഉപയോഗിക്കുന്ന പദമാണ്. ഇത് ആരെങ്കിലും സൗജന്യമായി നല്‍കുന്ന ഒന്നല്ല, മറിച്ച് ഒരു വ്യക്തിയില്‍ തന്നെ അന്തര്‍ലീനമായിരിക്കുന്ന അടിസ്ഥാന തത്വമാണ്; മറ്റൊരാളുടെ ഔദാര്യത്താലല്ല, ഒരു വ്യക്തി അവന്റെ / അവളുടെ ജന്മത്തില്‍ തന്നെ ആര്‍ജിച്ചെടുക്കുന്ന അടിസ്ഥാന മാനുഷികഭാവമാണ്. ഒരാള്‍ക്ക് തന്റെ പരിമിതമായ സാഹചര്യത്തില്‍ വേണ്ട രീതിയില്‍ പ്രകടിപ്പിക്കുവാന്‍ ആവുമോ ഇല്ലയോ എന്ന് പരിഗണിക്കാതെ എല്ലാ മനുഷ്യരിലും അന്തര്‍ലീനമായിരിക്കുന്ന അടിസ്ഥാനമായ ഒന്നാണ് മാനുഷികാന്തസ്സ്.

മനുഷ്യാന്തസ്സ്: സഭയുടെ ദൃഷ്ടിയില്‍

സഭാപഠനങ്ങളിലുള്ള മനുഷ്യവിജ്ഞാനീയത്തിന്റെ മൂന്ന് തലങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഈ പ്രഖ്യാപനം ഉറപ്പിക്കുന്നത്. ഒന്നാമതായി, ദൈവിക വെളിപാട്. മനുഷ്യര്‍ ഭൂമിയിലേക്ക് കടന്നുവന്നത് സ്രഷ്ടാവിന്റെ സ്‌നേഹത്തിന്റെ പരിണിത ഫലമാണ്. സ്രഷ്ടാവ് തന്നെയാണ് തന്റെ മായാത്ത മുദ്രയാല്‍ അവരെ സ്‌നേഹിച്ച് സ്വന്തമാക്കിയതും. അതുകൊണ്ടുതന്നെ മനുഷ്യാസ്തിത്വമെന്നത് എല്ലാവരോടും സാഹോദര്യത്തിലും നീതിയിലും സമാധാനത്തിലും വര്‍ത്തിക്കാനുള്ള വിളിയാണ്. രണ്ടാമതായി, ദൈവപുത്രന്റെ മനുഷ്യാവതാരം. ഇത് മനുഷ്യമാഹാത്മ്യത്തിന്റെ മറ്റൊരു മഹനീയ മുഹൂര്‍ത്തമാണ്. ശരീരവും ആത്മാവും ഉള്‍ച്ചേര്‍ന്നിരിക്കുന്ന മനുഷ്യന്റെ മഹത്വം തിരുവവതാരത്തിലൂടെ ദൈവപുത്രന്‍ സ്ഥിരീകരിക്കുകയാണ്. മനുഷ്യനായി ഈ മണ്ണില്‍ പിറന്നുവീണ ദൈവസുതന്‍, ഭൂമിയില്‍ പിറവികൊള്ളുന്ന ഓരോ മനുഷ്യനുമായാണ് താദാത്മ്യം പ്രാപിക്കുന്നത്. അങ്ങനെ ഓരോ വ്യക്തിക്കുമുള്ള അളവറ്റ മഹത്വം യേശു സ്ഥിരീകരിക്കുന്നു. മനുഷ്യസമൂഹത്തിന്റെ ഭാഗമായുള്ള ഈ മഹത്വം ഒരിക്കലും നഷ്ടപ്പെടുത്താനാവില്ല എന്ന് അവന്‍ ഉറപ്പിക്കുകയും ചെയ്തു. മൂന്നാമതായി, മനുഷ്യാന്തസ്സ് കേന്ദ്രീകൃതമായിരിക്കുന്നത് മനുഷ്യരുടെ ആത്യന്തികമായ ലക്ഷ്യത്തെ (ultimate destiny) ആധാരമാക്കിയാണ്. സൃഷ്ടിയിലൂടെയും മനുഷ്യാവതാരത്തിലൂടെയും വെളിപ്പെടുത്തപ്പെട്ട മനുഷ്യന്റെ മറ്റൊരു തലമാണ് ദൈവവുമായുള്ള അവന്റെ സംയോജനം. ക്രിസ്തുവിന്റെ ഉത്ഥാനം പ്രതിനിധീകരിക്കുന്നത് നിത്യതയില്‍ ദൈവപിതാവുമായുള്ള ഒന്നുചേരലാണ്. മനുഷ്യനായി പിറന്ന ക്രിസ്തു, ദൈവവുമായി യോജിച്ചിരിക്കുന്നതുപോലെ ഓരോ മനുഷ്യനും നിത്യതയില്‍ ദൈവപിതാവുമായി ഐക്യത്തിലാകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അസ്തിത്വത്തിന്റെ പ്രാരംഭനിമിഷം മുതല്‍ അവിഭാജ്യവും അന്തര്‍ലീനവുമായി ഓരോ വ്യക്തിയിലുമുള്ള അന്തസ്സ് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒരു വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും മനുഷ്യര്‍ക്കുണ്ട്. ദൈവത്തോടുള്ള തങ്ങളുടെ സ്‌നേഹത്തിന്റെ ഉത്തരമായി തങ്ങളുടെ തന്നെ സ്വാതന്ത്ര്യത്താല്‍ ഒരാള്‍ നന്മയില്‍ ചരിക്കുമ്പോഴാണ് അസ്തിത്വപരവും ധാര്‍മ്മികവുമായ തലങ്ങളില്‍ തങ്ങളുടെ അന്തസ്സിന്റെ ആന്തരികവ്യാപ്തി പ്രകടിപ്പിക്കുന്നത്.

ഓരോ മനുഷ്യനും നിത്യതയില്‍ ദൈവപിതാവുമായി ഐക്യത്തിലാകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അസ്തിത്വത്തിന്റെ പ്രാരംഭനിമിഷം മുതല്‍ അഭിവാജ്യവും അന്തര്‍ലീനവുമായി ഓരോ വ്യക്തിയിലുമുള്ള അന്തസ്സ് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഒരു വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും മനുഷ്യര്‍ക്കുണ്ട്.

മനുഷ്യാന്തസ്സ്: മനുഷ്യാവകാശങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും അടിസ്ഥാനം

മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗത പഠനങ്ങളുടെ വെളിച്ചത്തില്‍ കൂടിയാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. 'മനുഷ്യരാശിയുടെ ദീര്‍ഘവും ദുഷ്‌കരവുമായ പാതയിലെ നാഴികക്കല്ല്' എന്നാണ് ഈ പ്രഖ്യാപനത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്. മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള കാലികദര്‍ശനങ്ങളില്‍ വരുന്ന അപകടകരമായ ചില പ്രവണതകളെ കൂടി 'അനന്തമായ അന്തസ്സ്' എന്ന ഈ പ്രഖ്യാപനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്നാമതായി, മനുഷ്യാന്തസ്സിനെ കേവലം വ്യക്തിപരമായ അന്തസ്സായി (personal dignity) ചുരുക്കുന്ന ഒരു ദര്‍ശനമാണ്. മനുഷ്യനല്ല ഒരു വ്യക്തിക്കാണ് അവകാശം എന്നാണ് ചിലര്‍ വാദിക്കുന്നത്. ഒരു വ്യക്തിയുടെ അറിവിനെയും സ്വാതന്ത്ര്യത്തെയും ആധാരമാക്കി വേണം അന്തസ്സും അവകാശങ്ങളും കണക്കാക്കേണ്ടതെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം. ഈ പശ്ചാത്തലത്തിലാണ് മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള ഈ പ്രബോധനത്തിലെ പഠനം ശ്രദ്ധേയമാകുന്നത്. ഓരോ മനുഷ്യന്റെയും അന്തസ്സ് സത്താപരമായതുകൊണ്ടുതന്നെ, അത് എല്ലാ സാഹചര്യങ്ങളിലും നിലനില്‍ക്കും. ഒരു വ്യക്തിയുടെ കഴിവിനെയോ സ്വാതന്ത്ര്യത്തെയോ അയാള്‍ കടന്നുപോകുന്ന സാഹചര്യങ്ങളെയോ നേരിടുന്ന ജീവിതാവസ്ഥകളെയോ ആശ്രയിച്ചല്ല മനുഷ്യാന്തസ്സ് നിര്‍ണ്ണയിക്കേണ്ടത്. സത്താപരമായ ഈ ഒരു അടിസ്ഥാനമില്ലെങ്കില്‍ ഓരോ വ്യക്തിയുടെയും അന്തസ്സ് വ്യത്യസ്തവും ഏകപക്ഷീയവുമായ വിധിതീര്‍പ്പുകളാല്‍ വൈരുദ്ധ്യത്തിന് വിധേയമാകുവാനുള്ള സാധ്യതയുണ്ട്. അപരന്റെ കാരുണ്യത്താല്‍ ഒരാള്‍ക്ക് നല്‍കപ്പെടുന്ന ദയാവായ്പ്പായി ഇത് ചിത്രീകരിക്കപ്പെടും.

രണ്ടാമതായി, മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള ചിന്തകളില്‍ ചില പുതിയ അവകാശങ്ങളുടെ ഏകപക്ഷീയമായ വ്യാപനത്തിന് സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഈ പദം ദുരുപയോഗിക്കപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. ആത്മനിഷ്ഠമായ ആഗ്രഹങ്ങളും സ്വേച്ഛപ്രവണതകളും സ്ഥാപിച്ചെടുക്കുന്ന, ഒറ്റപ്പെട്ടതും വ്യക്തിപരവുമായ സ്വാതന്ത്ര്യമായി മനുഷ്യാന്തസ്സിനെ ചിലരെങ്കിലും വ്യാഖ്യാനിക്കാറുണ്ട്. കേവലം വ്യക്തിഗതമാനദണ്ഡങ്ങളെ ആധാരമാക്കിയോ ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന്റെ പരിണിതഫലം അടിസ്ഥാനമാക്കിയോ ആയിരിക്കരുത് മനുഷ്യാന്തസ്സ് നിര്‍ണ്ണയിക്കുവാന്‍. ഇത് വ്യക്തിഗതമായ സ്വേച്ഛാധിപത്യത്തിന്റെ സാമൂഹികാംഗീകാരമായി മാറും. ഇത്തരം പ്രവണതകള്‍ മനുഷ്യന്റെ ജീവിക്കാനുള്ള മൗലീകാവകാശത്തിന് വിരുദ്ധമായി പോലും വന്നേക്കാം. മറിച്ച് മനുഷ്യന്റെ അടിസ്ഥാനസ്വഭാവത്തെ ആധാരമാക്കി തന്നെ വേണം മനുഷ്യാന്തസ്സ് നിര്‍ണ്ണയിക്കുവാന്‍. മാനുഷികതയുടെ ഇത്തരം വിശാലമായ പരിപ്രേക്ഷ്യം അടയാളപ്പെടുത്തപ്പെടുമ്പോള്‍ മനുഷ്യാന്തസ്സ് എന്നത് കേവലം മനുഷ്യകേന്ദ്രീകൃത ദര്‍ശനമായി പരിമിതപ്പെടാന്‍ പാടില്ല. സര്‍വജീവജാലങ്ങളുമായി സ്‌നേഹത്തിലും സൗഹൃദത്തിലും വ്യാപരിക്കേണ്ട ഒരു അടിസ്ഥാനദര്‍ശനം ഇതിനുണ്ട്.

മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള സാമാന്യം ദീര്‍ഘവും തത്വചിന്താപരവുമായ ഈ വിചിന്തനങ്ങള്‍ അവസാനിക്കുന്നത് ഇതര സൃഷ്ടജാലങ്ങളെയും നാം മാനിക്കണം എന്ന കാഴ്ചപ്പാടോടുകൂടിയാണ്. മനുഷ്യനെക്കുറിച്ചുള്ള നേര്‍മയാര്‍ന്ന ചിന്തകള്‍ മറ്റ് സൃഷ്ടികളുടെ മൂല്യത്തെ ഹനിക്കുന്നതായിരിക്കരുത്. മനുഷ്യാന്തസ്സിനെ മാനിക്കുന്നതോടൊപ്പം, സമസ്ത ജീവജാലങ്ങളുടെയും മൂല്യവും അതിന്റെ അന്തസ്സും തിരിച്ചറിയാനുള്ള ഉത്തരവാദിത്വവും മനുഷ്യനുണ്ട്. പ്രപഞ്ചത്തിലെ ഓരോ അസ്തിത്വത്തിനും തനിമയാര്‍ന്ന നന്മയും പൂര്‍ണ്ണതയും ഉണ്ട്. ഓരോ സൃഷ്ടവസ്തുവും ദൈവത്തിന്റെ അനന്തമായ ജ്ഞാനത്തിന്റെയും നന്മയുടെയും കിരണം അതിന്റേതായ രീതിയില്‍ പ്രതിഫലിപ്പിക്കുന്നു എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദര്‍ശനമാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. മനുഷ്യര്‍ക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ദൈവത്തിന്റെ വലിയ ദാനമാണെന്നും ഒരുവനെ ധാര്‍മ്മികനായി ജീവിക്കുവാന്‍ പ്രാപ്തനാക്കുന്നത് ഈ സ്വാതന്ത്ര്യമാണ് എന്നുമുള്ള പാഠത്തോടെയാണ് ഈ ഭാഗം അവസാനിക്കുക. സ്രഷ്ടാവായ ദൈവത്തില്‍ നിന്നും ഒരാള്‍ അകന്നു കഴിഞ്ഞാല്‍ നമ്മുടെ സ്വാതന്ത്ര്യം വികലവും ദുര്‍ബലവും അവ്യക്തവുമാകും. ധാര്‍മ്മികമായ ആപേക്ഷികവാദം സഹവര്‍ത്തിത്വത്തിനുള്ള താക്കോല്‍ ദാനം ചെയ്യുന്നു എന്നത് യഥാര്‍ത്ഥത്തില്‍ ഭിന്നിപ്പുകളുടെ ഉത്ഭവത്തിന് കാരണമാകുകയും ചെയ്യും.

മനുഷ്യാന്തസ്സിന്റെ ഗുരുതര ലംഘനങ്ങള്‍

ഈ പ്രഖ്യാപനത്തിന്റെ അവസാന ഭാഗത്താണ് സമകാലിക ലോകത്ത് നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും അവയെക്കുറിച്ചുള്ള സഭയുടെ നിലപാടുകളും വ്യക്തമാക്കിയിരിക്കുന്നത്. ഓരോ വ്യക്തിക്കും അയാളുടെ ജീവിതാവസ്ഥയോ ഉല്‍പാദനക്ഷമതയോ പരിഗണിക്കാതെ അന്തസ്സോടെ ജീവിക്കാനും സമഗ്രമായി വളരാനുമുള്ള അവകാശമുണ്ടെന്നും ഈ മൗലികാവകാശം ഒരു രാജ്യത്തിനും വ്യക്തിക്കും നശിപ്പിക്കാനാവില്ല എന്നുമുള്ള ക്രൈസ്തവ ദര്‍ശനങ്ങളാണ് ഈ വിചിന്തനങ്ങള്‍ക്ക് അടിസ്ഥാനം. മനുഷ്യജീവന് വിരുദ്ധമായ എല്ലാ കുറ്റകൃത്യങ്ങളും മനുഷ്യമഹത്വത്തിന് എതിരാണ് എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനവും ഇവിടെ ആവര്‍ത്തിക്കുന്നു. ദാരിദ്ര്യം, യുദ്ധം, അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍, മനുഷ്യക്കടത്ത്, ലൈംഗിക ദുരുപയോഗം, സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങള്‍, ഗര്‍ഭച്ഛിദ്രം, വാടക ഗര്‍ഭധാരണം, കാരുണ്യ വധം, വൈകല്യമുള്ളവരുടെ പാര്‍ശ്വവല്‍ക്കരണം, ലിംഗ സിദ്ധാന്തം, ലിംഗമാറ്റം, ഡിജിറ്റല്‍ വയലന്‍സ് എന്നിവയാണ് സമകാലിക ലോകത്ത് മനുഷ്യാന്തസ്സിനെ ഹനിക്കുന്നവയായി ഈ പ്രഖ്യാപനം ചൂണ്ടിക്കാണിക്കുന്നത്.

സമ്പത്ത് വര്‍ധിക്കുന്നതോടൊപ്പം പെരുകുന്ന ആഗോള അസമത്വത്തിന്റെ ഇരകളാണ് ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്നവര്‍. സമ്പത്തും സുഖസൗകര്യങ്ങളും വര്‍ധിച്ചിരിക്കുന്നു എന്നത് വസ്തുതയാണെങ്കിലും, ഏതാനും വ്യക്തികളില്‍ മാത്രം സ്വത്ത് കേന്ദ്രീകരിക്കുന്ന സാമൂഹിക രാഷ്ട്രീയ പരിതാവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. അതോടൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസമത്വവും മനുഷ്യാന്തസ്സിനെ ഗുരുതരമായി ബാധിക്കുന്നു. മനുഷ്യാന്തസ്സ് ഹനിക്കുന്ന മറ്റൊരു മേഖലയാണ് യുദ്ധം. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മോശമായ അവസ്ഥയിലേക്ക് ലോകത്തെ തള്ളിവിടുന്ന യുദ്ധം, മാനവികതയുടെ ദയനീയമായ പരാജയമാണ്. അതുകൊണ്ടുതന്നെ ഇനി മേലില്‍ യുദ്ധം പാടില്ല എന്ന് ഈ പ്രഖ്യാപനവും ആവര്‍ത്തിക്കുന്നു.

അഭയാര്‍ത്ഥികളുടെ പ്രശ്‌നവും മനുഷ്യക്കടത്തും ലൈംഗിക ദുരുപയോഗവും സ്ത്രീകള്‍ക്ക് എതിരായ ആക്രമവും മനുഷ്യാന്തസ്സിന് ഹാനികരമായതുകൊണ്ട് ഈ പ്രഖ്യാപനം അവയെ എല്ലാം അപലപിക്കുന്നു. ഗര്‍ഭധാരണം മുതല്‍ മരണം വരെയും ഓരോ മനുഷ്യന്റെയും അന്തസ്സിന് അന്തര്‍ലീനമായ സ്വഭാവം ഉള്ളതുകൊണ്ടുതന്നെ, ഗര്‍ഭച്ഛിദ്രത്തെയും കാരുണ്യവധത്തെയും ഈ പ്രഖ്യാപനം അംഗീകരിക്കുന്നില്ല. വ്യക്തിസ്വാതന്ത്ര്യം എന്ന നിലയിലാണ് പല രാഷ്ട്രങ്ങളും ഈ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. പ്രതിരോധിക്കുവാന്‍ കഴിവില്ലാത്ത ജീവന്‍ ഹനിക്കുന്നത് കൊലപാതകത്തിന് തുല്യമായതുകൊണ്ടുതന്നെ ഗര്‍ഭച്ഛിദ്രം മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ വരേണ്ടതാണ്. സഹനത്തെക്കുറിച്ചുള്ള ഉദാത്ത ദര്‍ശനങ്ങള്‍ പരാജയപ്പെടുന്നിടത്താണ് മനുഷ്യര്‍ തങ്ങളുടെ ജീവന്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്. രോഗത്തിന്റെയോ പ്രായത്തിന്റെയോ അരക്ഷിതാവസ്ഥയുടെയോ പശ്ചാത്തലത്തില്‍ ഓരോ വ്യക്തിക്കും അര്‍ഹമായ പരിഗണന കൊടുക്കുവാന്‍ സമൂഹം ശ്രദ്ധിക്കേണ്ടതാണ്. ഇതേ രീതിയില്‍ തന്നെ തിരസ്‌കരിക്കേണ്ട ഒന്നാണ് വാടകയ്ക്കുള്ള ഗര്‍ഭധാരണം. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിനെ ഹനിക്കുകയും കുഞ്ഞിനേയും സ്ത്രീയുടെ ഗര്‍ഭപാത്രത്തെയും വസ്തുവത്ക്കരിക്കുകയും ചെയ്യുന്ന വാടകഗര്‍ഭധാരണം പലപ്പോഴും കേവലം കച്ചവടമായി മാറാറുമുണ്ട്. അടിസ്ഥാനപരമായി കുഞ്ഞിന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുന്ന വാടകഗര്‍ഭധാരണം ഈ പ്രഖ്യാപനം ശക്തമായി തിരസ്‌കരിക്കുന്നു.

വൈകല്യമനുഭവിക്കുന്ന വ്യക്തികളുടെ പാര്‍ശ്വവത്കരണം ആധുനികലോകം നേരിടുന്ന വലിയ ഒരു പ്രതിസന്ധിയാണ്. ശാരീരികമോ മാനസികമോ വൈകാരികമോ ആയ കുറവുകള്‍ മനുഷ്യാന്തസ്സിനെ ബാധിക്കുന്നില്ല. അവരവരുടെ പരാധീനതകള്‍ പരിഗണിക്കാതെ, ദൈവത്തിന്റെ ഇഷ്ടവും സ്‌നേഹവുമാണ് മനുഷ്യാന്തസ്സിന്റെ ആധാരം എന്ന തിരിച്ചറിവില്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും സാധിക്കണം. അതുപോലെതന്നെ ഓരോ വ്യക്തിയും അവന്റെ അല്ലെങ്കില്‍ അവളുടെ ലൈംഗിക ആഭിമുഖ്യം പരിഗണിക്കാതെ ബഹുമാനിക്കപ്പെടേണ്ടവരും പരിഗണിക്കപ്പെടേണ്ടവരുമാണ്. ലൈംഗികതയുടെ പേരിലുള്ള എല്ലാത്തരത്തിലുള്ള അന്യായമായ വിവേചനത്തിന്റെ അടയാളങ്ങള്‍, പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള അക്രമവും അടിച്ചമര്‍ത്തപ്പെടലുകളും ഒഴിവാക്കണമെന്ന് ഈ പ്രഖ്യാപനം ആവശ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ പരിഗണിക്കേണ്ട ഒന്നാണ് ലിംഗമാറ്റ പ്രക്രിയകളും. ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ ഒരു വ്യക്തിക്ക് ലഭിച്ച അതുല്യവും അന്യൂനവുമായ അന്തസ്സിന് ഭീഷണിയാകുന്ന ലിംഗമാറ്റ ഇടപെടല്‍, മാനവികതയ്ക്ക് ഭീഷണിയാണ്. സമീപകാല ദശകങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന, മനുഷ്യവ്യക്തിത്വത്തിന്റെ വ്യത്യസ്തതകളെ മാനിക്കാത്ത, ലിംഗസിദ്ധാന്തത്തിന്റെ പൊള്ളയായ അവകാശവാദങ്ങളെ എതിര്‍ക്കുന്നതോടൊപ്പം പ്രത്യയശാസ്ത്രത്തിന്റെ കോളനിവത്ക്കരണത്തെയും ഈ രേഖ വിമര്‍ശന വിധേയമാക്കുന്നു. ഈ പ്രഖ്യാപനം അവസാനമായി പരാമര്‍ശിക്കുന്നത് ഡിജിറ്റല്‍ വയലന്‍സിനെക്കുറിച്ചാണ്. നിര്‍മ്മിതബുദ്ധിയുപയോഗിച്ച് രൂപീകരിക്കുന്ന വ്യാജവാര്‍ത്തകളും പരദൂഷണവും അപരന്റെ സദ്‌പേര് നശിപ്പിക്കുന്നതും തികച്ചും അപകടകരവുമാണ്. അതോടൊപ്പം തന്നെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും മാറി മിഥ്യയുടെ ലോകത്തേക്ക് എറിയപ്പെടുന്ന 'ഡാര്‍ക്ക് വെബ്ബി'ന്റെ അടിമകളായി മാറുമ്പോള്‍ ഏകാന്തതയും കൃത്രിമത്വവും ആസക്തിയും ഒറ്റപ്പെടലുമൊക്കെ ഒരാളെ ബാധിക്കും. യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോള്‍ ഒരു വ്യക്തിയില്‍ രൂപീകൃതമാകേണ്ട ആധികാരിക ബന്ധങ്ങള്‍ക്കാണ് ഭംഗം സംഭവിക്കുന്നത്. ഇങ്ങനെ പല രീതിയില്‍ മനുഷ്യാന്തസ്സ് ഹനിക്കപ്പെടുന്നത് മനുഷ്യകുടുംബത്തിന്റെ തന്നെ ഭാവിക്ക് ഭീഷണിയാണ് എന്ന് ഈ രേഖ ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യാന്തസ്സിനെ മാനിക്കുന്നതും മനുഷ്യരെ ഉപദ്രവിക്കാത്തതുമായ സാങ്കേതികവിദ്യ, അക്രമത്തേക്കാള്‍ ഏറെയായി സമാധാനത്തെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കും മാനുഷിക അന്തസ്സിന്റെ ഉന്നമനത്തിനുമായി ഉപയോഗിക്കപ്പെടുകയും ചെയ്യണം. എല്ലാ സാഹചര്യങ്ങള്‍ക്കുമതീതമായി മനുഷ്യവ്യക്തിയുടെ അന്തസ്സിനോടുള്ള ആദരവ് പൊതുനന്മയ്ക്കുള്ള പ്രതിബദ്ധതയുടെ കേന്ദ്രത്തിലും എല്ലാ നിയമവ്യവസ്ഥകളുടെയും കേന്ദ്രത്തിലും സ്ഥാപിക്കണമെന്ന ശക്തമായ ആഹ്വാനത്തോടെയാണ് ഈ പ്രഖ്യാപനം സമാപിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org