'പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല' വിശുദ്ധ പദവിയിലേക്ക്

'പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല' വിശുദ്ധ പദവിയിലേക്ക്

പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട എലേന ഗുവേരയുടെ മധ്യസ്ഥത്താല്‍ അത്ഭുതം നടന്നു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഇതോടെ വാഴ്ത്തപ്പെട്ട എലേനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള വഴി തെളിഞ്ഞു.

ആത്മീയ രചനകളുടെയും പരിശുദ്ധാത്മാവിനോടുള്ള തീവ്രമായ ഭക്തിയുടെയും പേരില്‍ അറിയപ്പെടുന്ന ആളാണ് എലേന (1835-1914). ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മയുടെ അധ്യാപികയും ആയിരുന്നു. പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കണം എന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ക്ക് ലിയോ പതിമൂന്നാമന്‍ നല്‍കിയ ആഹ്വാനങ്ങളുടെ പിന്നില്‍ എലേന അദ്ദേഹത്തിന് അയച്ച കത്തുകളായിരുന്നു. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഒരു ചാക്രിക ലേഖനവും 1897-ല്‍ മാര്‍പാപ്പ പുറപ്പെടുവിക്കുകയുണ്ടായി.

പന്തക്കുസ്ത തീര്‍ന്നിട്ടില്ലെന്ന് എഴുതിയിട്ടുണ്ട് എലേന. അത് എല്ലാകാലത്തും എല്ലാ ഇടങ്ങളിലും നിരന്തരമായി നടക്കുന്ന ഒരു പ്രക്രിയയാണ്. കാരണം തന്നെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യര്‍ക്കും സ്വയം സമ്മാനിക്കാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. അതുകൊണ്ട് അപ്പോസ്‌തോലന്മാരോടോ ആദിമവിശ്വാസികളോടോ നാം അസൂയ പുലര്‍ത്തേണ്ട കാര്യമില്ല. പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ നാം സ്വയം വിട്ടുകൊടുത്താല്‍ മാത്രം മതി. അപ്പോള്‍ അവന്‍ വരികയും അപ്പസ്‌തോലന്മാരോടും ആദിമവിശ്വാസികളോടും പ്രവര്‍ത്തിച്ചതുപോലെ നമ്മോടും പ്രവര്‍ത്തിക്കുകയും ചെയ്യും - എലേന വിശദീകരിച്ചു.

പരിശുദ്ധാത്മാവിന്റെ ദാസര്‍ എന്ന ഒരു സന്യാസമൂഹത്തിന്റെ സ്ഥാപകയുമാണ് എലേന. 1959-ല്‍ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ അവരെ പരിശുദ്ധാത്മാവിന്റെ 'ആധുനികകാല അപ്പസ്‌തോല' എന്ന് വിശേഷിപ്പിക്കുകയും വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇറ്റലിയില്‍ ജനിച്ചുവളര്‍ന്ന എലേനയുടെ സന്യാസസമൂഹം ഇപ്പോള്‍ മറ്റു രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org