മിഷന്‍ പ്രദേശങ്ങളിലെ രൂപതകള്‍ക്കു വത്തിക്കാന്‍ നല്‍കി വരുന്ന ധനസഹായം കുറയ്ക്കാനുള്ള സാദ്ധ്യത സൂചിപ്പിച്ച് ആയിരത്തിലേറെ മെത്രാന്മാര്‍ക്കു വത്തിക്കാന്‍ സുവിശേഷവത്കരണ കാര്യാലയം കത്തയച്ചു. മിഷന്‍ പ്രദേശങ്ങളിലെ രൂപതകളും മെത്രാന്മാരും സുവിശേഷവത്കരണ കാര്യാലയത്തിന്റെ അധികാരപരിധിയിലാണു വരിക. ഈ രൂപതകള്‍ക്കു വത്തിക്കാനില്‍ നിന്നുള്ള ധനസഹായം സ്ഥിരമായി ലഭിക്കുന്നുണ്ട്. മിഷന്‍ ഞായറാഴ്ചകളില്‍ ലോകമെങ്ങുമുള്ള കത്തോലിക്കാ ദേവാലയങ്ങളില്‍ നടക്കുന്ന മിഷന്‍ പിരിവില്‍ നിന്നുള്ള വിഹിതമാണ് പ്രധാനമായും ഇതിനായി ചെലവഴിക്കുന്നത്.
മിഷന്‍ രൂപതകള്‍ക്കു നല്‍കുന്ന പിന്തുണ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലഭ്യമായ ധനത്തിന്റെ കൂടുതല്‍ മെച്ചപ്പെട്ട വിതരണം ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ കത്തയച്ചിരിക്കുന്നതെന്നും സുവിശേഷവത്കരണ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജാംപിയെട്രോ ദാല്‍ ടോസോ വിശദീകരിച്ചു. വത്തിക്കാന്റെ ധനസഹായം കൂടാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന രൂപതകളെ അതിനു പ്രേരിപ്പിക്കുകയും അതുവഴി ധനസഹായം അര്‍ഹിക്കുന്ന രൂപതകളെ കൂടുതല്‍ സഹായിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. 2015 ല്‍ ഇപ്രകാരം കത്തയച്ചതു വഴിയായി മുപ്പതോളം മെത്രാന്മാര്‍ വത്തിക്കാനില്‍ നിന്നുള്ള ധനസഹായം വേണ്ടെന്നു വയ്ക്കാന്‍ തയ്യാറായി – ആര്‍ച്ചുബിഷപ് അറിയിച്ചു.
2019 ല്‍ ആകെ 13 കോടി ഡോളറാണ് മിഷന്‍ ഞായര്‍ സംഭാവനകള്‍ വഴി സമാഹരിച്ചു മിഷന്‍ രൂപതകളില്‍ വിതരണം ചെയ്തത്. 2020 ലെ കണക്കു ലഭ്യമായിട്ടില്ല. കോവിഡ് പ്രതിസന്ധി മൂലം തുക 2019 ലേതിനേക്കാള്‍ കുറയാനാണു സാദ്ധ്യതയെന്നു കരുതുന്നു. ശരാശരി 20,000 ഡോളറാണ് ഒരു രൂപതയ്ക്കു പ്രതിവര്‍ഷം ലഭിക്കുന്നത്. ഇത് അത്ര വലിയ തുകയല്ലെങ്കിലും പല രൂപതകളെയും സംബന്ധിച്ചു നിര്‍ണായകമാണ്. ഉദാഹരണത്തിനു മിഷന്‍ രൂപതകളിലെ ഒരു സെമിനാരി വിദ്യാര്‍ത്ഥിക്കു പ്രതിമാസം 460 ഡോളര്‍ വത്തിക്കാന്‍ നല്‍കുന്നുണ്ട്. മിഷനുകളിലെ സെമിനാരി വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഇതു വലിയ സഹായമാണ്. വിരമിച്ച മെത്രാന്മാരുടെ ചിലവുകള്‍ വഹിക്കുന്നതും ഇപ്രകാരമാണ്.