International

പാസ്റ്ററെ തുര്‍ക്കി മോചിപ്പിച്ചു

Sathyadeepam

രണ്ടു വര്‍ഷമായി തുര്‍ക്കിയില്‍ തടവില്‍ കഴിയുകയായിരുന്ന പാസ്റ്റര്‍ ആന്‍ഡ്രൂ ബ്രന്‍സനെ തുര്‍ക്കിയിലെ ഒരു കോടതി മോചിപ്പിച്ചു. 50 കാരനായ ബ്രന്‍സന്‍ 20 വര്‍ഷത്തിലേറെയായി തുര്‍ക്കിയില്‍ കഴിഞ്ഞു വരികയായിരുന്നു. ഇവാഞ്ചലിക്കല്‍ പ്രിസ്ബിറ്റേരിയന്‍ സഭാംഗമായ അദ്ദേഹത്തെ ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തിയാണ് ജയിലില്‍ അടച്ചിരുന്നത്. കുര്‍ദിഷ് കലാപകാരികളുമായും അമേരിക്കയില്‍ കഴിയുന്ന തുര്‍ക്കി വിമത നേതാവായ ഫത്തേയുള്ള ഗുലേനുമായും ഇദ്ദേഹത്തിനു ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഗുലേനെ വിട്ടുതരണമെന്നത് അമേരിക്കയോടുള്ള തുര്‍ക്കിയുടെ ആവശ്യമാണ്. ഒരു ഘട്ടത്തില്‍ ബ്രന്‍സനേയും ഗുലേനേയും പരസ്പരം വച്ചുമാറാമെന്ന നിര്‍ദേശവും തുര്‍ക്കി പ്രസിഡന്‍റ് ഉന്നയിക്കുകയുണ്ടായി.

ആരോഗ്യകാരണങ്ങളാല്‍ ജൂലൈ മുതല്‍ പാസ്റ്ററെ ജയിലില്‍നിന്നു വീട്ടുതടങ്കലിലേയ്ക്കു മാറ്റുകയുണ്ടായി. പാസ്റ്ററുടെ മോചനത്തിനു അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് വലിയ താത്പര്യമെടുത്തിരുന്നു. ബ്രന്‍സന്‍റെ മോചനത്തിനായി നടത്തുന്ന സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി തുര്‍ക്കിയുടെ മേല്‍ ഉപരോധമേര്‍പ്പെടുത്താനും അമേരിക്ക തയ്യാറായി. ഇതുമായി ബന്ധപ്പെട്ടുണ്ടായ നയതന്ത്രസംഘര്‍ഷങ്ങള്‍ തുര്‍ക്കി നാണയത്തിന്‍റെ മൂല്യമിടിക്കുകയും തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുകയും ചെയ്തു. പാസ്റ്ററുടെ പേരു പറഞ്ഞ് ഈ പ്രശ്നത്തെക്കുറിച്ച് ട്രംപ് നിരവധി തവണ ട്വീറ്റ് ചെയ്യുകയും പ്രസ്താവനകളിറക്കുകയും ചെയ്തു. ഒടുവില്‍ മോചനം സാദ്ധ്യമായപ്പോള്‍ ഉണ്ടായ ആഹ്ലാദങ്ങളും അമേരിക്കന്‍ നേതാക്കള്‍ മറച്ചു വച്ചില്ല.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ