ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ പങ്കുപറ്റുന്നവരായി മാറുന്ന ഒരു മിഷനറി സഭയെ പടുത്തുയര്‍ത്താന്‍ എല്ലാ ഇടവക വൈദികരും ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വിശ്വാസികള്‍ എല്ലാവരും മിഷനറിമാരായി പുറപ്പെടുകയും സ്വന്തം സാക്ഷ്യത്തിലൂടെ തങ്ങളുടെ ദൗത്യം നിര്‍വഹിച്ചതിന്റെ സന്തോഷവുമായി മടങ്ങിയെത്തുകയും ചെയ്യുന്ന ഇടമായി ഇടവക സമൂഹങ്ങള്‍ മാറണം - പാപ്പ പറഞ്ഞു.
വത്തിക്കാനില്‍ നടന്ന വൈദിക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ വൈദികസമൂഹത്തിനായി പുറപ്പെടുവിച്ച കത്തിലാണ് മാര്‍പാപ്പയുടെ ഈ ആഹ്വാനം. സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിന്റെ ഭാഗമായി ലോകമെങ്ങുമുള്ള ഇടവകവൈദികരുടെ പ്രതിനിധികളായ 300 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. എല്ലാത്തരത്തിലുമുള്ള മണ്ണില്‍ സുവിശേഷത്തിന്റെ വിത്തുകള്‍ അനുദിനം വിതച്ചു കൊണ്ടിരിക്കുന്ന വൈദികരുടെ മഹത്തായ ജോലിയോടുള്ള തന്റെ മതിപ്പും കൃതജ്ഞതയും മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇടവക വൈദികരുടെ സമര്‍പ്പണവും അജപാലന സേവനവും ഇല്ലാതെ സഭയ്ക്ക് മുന്നോട്ടുപോകാന്‍ ആകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അല്മായരുടെ അനവധിയായ വരദാനങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇടവക വൈദികര്‍ തയ്യാറാകണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. സുവിശേഷവല്‍ക്കരണ ദൗത്യത്തില്‍ വൈദികര്‍ക്ക് ഏകാന്തതാബോധം ഇല്ലാതിരിക്കാന്‍ ഇതാവശ്യമാണ്. യഥാര്‍ത്ഥ പിതാക്കന്മാരായി മാറുന്നതിന്റെ സന്തോഷം അനുഭവിക്കാനും ഇതിലൂടെ വൈദികര്‍ക്ക് സാധിക്കും. മറ്റുള്ളവരുടെ മേല്‍ ആധിപത്യം ചെലുത്തുകയല്ല, അവരിലെ അമൂല്യമായ സാധ്യതകള്‍ പുറത്തുകൊണ്ടുവരികയാണ് വൈദികര്‍ ചെയ്യേണ്ടത്. - മാര്‍പാപ്പ വിശദീകരിച്ചു.
സഹവൈദികരുമായും മെത്രാന്മാരും ഉള്ള പങ്കുവയ്ക്കലിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തില്‍ വേണം വൈദികര്‍ എല്ലാ കാര്യങ്ങളും ചെയ്യാനെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. ആദ്യം പുത്രന്മാരും സഹോദരങ്ങളും ആകുന്നില്ലെങ്കില്‍ യഥാര്‍ത്ഥ പിതാക്കന്മാര്‍ ആകാന്‍ നമുക്ക് സാധിക്കില്ല. കൂട്ടായ്മയും പങ്കാളിത്തവും നമുക്കിടയില്‍ നാം ജീവിക്കുന്നില്ലെങ്കില്‍ ഇടവക സമൂഹങ്ങളില്‍ അത് വളര്‍ത്തിയെടുക്കാനും നമുക്ക് സാധിക്കില്ല - മാര്‍പാപ്പ പറഞ്ഞു.