International

സമാധാനത്തിനും സൗഹാര്‍ദ്ദത്തിനുമായി ഐക്യത്തോടെ മുന്നേറുക കത്തോലിക്കാ മെത്രാന്മാര്‍

Sathyadeepam

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മതവര്‍ഗീയതയ്ക്കും മതസ്പര്‍ദ്ധയ്ക്കുമെതിരെ ശബ്ദിച്ചുകൊണ്ട് സമാധാനത്തിനും സൗഹാര്‍ദ്ദത്തിനുമായി ജാതി-മത- ഭാഷാ-വര്‍ഗ വൈവിധ്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് എല്ലാവരും ഐക്യത്തോടെ മുന്നേറാന്‍ ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ആഹ്വാനം ചെയ്തു. ജൂലൈ 11 നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍, കൊലപാതകങ്ങള്‍, ഭീകരാക്രമണങ്ങള്‍ തുടങ്ങിയവ ആശങ്കാജനകവും ഭീതിജന്യവുമാണെന്ന് മെത്രാന്‍ സമിതി സൂചിപ്പിച്ചു.

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളെ മെത്രാന്‍ സമിതി അപലപിച്ചു. രാജ്യത്ത് അതിക്രമങ്ങളുടെ ജ്വാല അസ്തമിക്കുന്നില്ലെന്നതിന്‍റെ സൂചനയാണ് ഈ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്കരിനാസ് പറഞ്ഞു. ഗോസംരക്ഷകരെന്ന പേരില്‍ ഭാരതത്തിലെ മുസ്ലിം സഹോദരങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ നടന്നുവരികയാണ്. നിയമത്തെ നോക്കുകുത്തിയാക്കി ജനക്കൂട്ടം ആക്രമണം നടത്തുന്ന സംഭവങ്ങളില്‍ നടുക്കവും ആശങ്കയും പ്രകടിപ്പിച്ച കത്തോലിക്കാ മെത്രാന്മാര്‍ ദൈവത്തിന്‍റെയോ മതത്തിന്‍റെയോ മൃഗങ്ങളുടെയോ എന്തിന്‍റെ പേരിലായാലും നടക്കുന്ന അതിക്രമങ്ങളെയും കയ്യേറ്റങ്ങളെയും ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നു വ്യക്തമാക്കി.

പശ്ചിമ ബംഗാളിലും രാജ്യത്തിന്‍റെ ഇതരഭാഗങ്ങളിലും നടക്കുന്ന വര്‍ഗീയ കലാപങ്ങളെയും സിബിസിഐ അപലപിച്ചു. സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും പേരുകേട്ട പാരമ്പര്യമുള്ള നാടാണ് ഭാരതം. മതസൗഹാര്‍ദ്ദവും സാഹോദര്യവും സമാധാനവും നിലനിര്‍ത്താന്‍ രാജ്യത്തെ എല്ലാ പൗരന്മാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും സിബിസിഐ അനുസ്മരിപ്പിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം