വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷിച്ച സെപ്റ്റംബര്‍ 14 ഞായറാഴ്ച മാര്‍പാപ്പയുടെ എഴുപതാം ജന്മദിനം കൂടിയായിരുന്നു. ഞായറാഴ്ചകളില്‍ പതിവുള്ള മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ഥനയ്ക്കായി സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ വന്നുചേര്‍ന്ന തീര്‍ഥാടക സംഘങ്ങള്‍ മാര്‍പാപ്പയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഹാപ്പി ബര്‍ത്ത് ഡേ പാടിക്കൊണ്ട് നിരവധി സംഗീത സംഘങ്ങള്‍ അങ്കണത്തില്‍ നിന്നിരുന്നു.
പതിവുള്ള പ്രാര്‍ഥനയ്ക്കും സന്ദേശത്തിനും ഒടുവില്‍ തന്റെ ജന്മദിനത്തെക്കുറിച്ച് രണ്ടു വാക്ക് പറയാതിരിക്കാന്‍ പാപ്പായ്ക്കു സാധിച്ചില്ല. ഇന്ന് 70 തികഞ്ഞ വിവരം നിങ്ങളെല്ലാം അറിഞ്ഞതായി തോന്നുന്നു എന്ന് പറഞ്ഞ മാര്‍പാപ്പ ദൈവത്തിനും തന്റെ മാതാപിതാക്കള്‍ക്കും പ്രാര്‍ഥനകളില്‍ തന്നെ ഓര്‍ക്കുന്ന മറ്റെല്ലാവര്‍ക്കും നന്ദി പറഞ്ഞു.
നാലാം നൂറ്റാണ്ടില്‍ വിശുദ്ധ ഹെലന്‍ ജെറുസലേമില്‍ വിശുദ്ധ കുരിശ് കണ്ടെത്തിയതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് കുരിശിന്റെ പുകഴ്ച തിരുനാള്‍ ആഘോഷിക്കുന്നത് എന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. മരണത്തിന്റെ ഉപകരണത്തെ ജീവന്റെ മാര്‍ഗമായി പരിവര്‍ത്തിപ്പിച്ച ദൈവത്തിന്റെ അഗാധ സ്‌നേഹത്തെ പ്രതിയാണ് കുരിശിന്റെ പുകഴ്ച നാം ആഘോഷിക്കുന്നത്.
ദൈവത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്താന്‍ യാതൊന്നിനും കഴിയില്ല നമ്മുടെ പാപത്തേക്കാള്‍ മഹത്താണ് അവിടുത്തെ സ്‌നേഹം മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാന്‍ സിനഡ് സ്ഥാപിച്ചതിന്റെ അറുപതാം വാര്‍ഷികം കൂടിയാണ് ഇതൊന്നും പാപ്പാ ചൂണ്ടിക്കാട്ടി.