

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി ധന സഹായ വിതരണം നടത്തി.
തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണോദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളെ തെരഞ്ഞെടുത്ത് വിദ്യാഭ്യാസം, ആരോഗ്യം വരുമാന പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.
കെ.എസ്.എസ്.എസ് സേവ് എ ഫാമിലി പ്ലാന്‍ ഫീല്‍ഡ് കോര്‍ഡിനേറ്റര്‍മാരായ നിത്യമോള്‍ ബാബു, അനില തോമസ് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.