തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ചുവെന്നു പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ വിശ്വസിക്കുന്ന തക്ഷശിലയിലെ തീര്‍ഥകേന്ദ്രത്തിലേക്ക് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള കത്തോലിക്കാ വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തുകയും തിരുനാള്‍ ആഘോഷിക്കുകയും ചെയ്തു. തോമാശ്ലീഹ ഇന്ത്യയിലേക്ക് തന്റെ മിഷന്‍ യാത്ര തുടരു ന്നതിനു മുമ്പ്, ഗോണ്ടോഫറസ് രാജാവിന്റെ കൊട്ടാരത്തില്‍ വച്ച് സുവിശേഷം പ്രസംഗിച്ചിരുന്നത് ഇവിടെയാണെന്നാണ് ക്രൈസ്തവ പാരമ്പര്യം. അപ്രമാണികഗ്രന്ഥമായ തോമായുടെ നടപടികള്‍ പ്രകാര മുള്ളതാണ് ഈ വിശ്വാസം.
തോമാശ്ലീഹ സിര്‍കാപ്പില്‍ മൂന്നടി ഉയരമുള്ള ശിലകൊണ്ടുള്ള ഒരു സിംഹാസനം നിര്‍മ്മിച്ച് അവിടെ നാല് പതിറ്റാണ്ടോളം സുവിശേഷം പ്രസംഗിച്ചിരുന്നു എന്നൊരു പ്രാദേശിക പാരമ്പര്യവും നിലവിലുണ്ട്. പഞ്ചാബ് പുരാവസ്തു വകുപ്പ് ഈ സിംഹാസനം സംരക്ഷിച്ചുപോരുന്നുണ്ട്. ഈ സിംഹാസനത്തിന് സമീപമുള്ള കല്ലുകൊണ്ടുള്ള രണ്ടു സ്‌നാനതൊട്ടികള്‍ ഇപ്പോഴും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജ്ഞാനസ്‌നാനത്തിനായി ഉപയോ ഗിക്കുന്നുണ്ട്.
തിരുനാളിനോടനുബന്ധിച്ച് ജൂലൈ 2-ന് നല്‍കിയ സന്ദേശ ത്തില്‍, ഇസ്ലാമാബാദ്-റാവല്‍പിണ്ടി ആര്‍ച്ചുബിഷപ്പ് ജോസഫ് അര്‍ഷാദ്, തോമാശ്ലീഹായുടെ സാക്ഷ്യം ക്രൈസ്തവര്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ക്രിസ്തുവിന് ധീരമായി സാക്ഷ്യം വഹിക്കാന്‍ നിരന്തരം പ്രചോദനം നല്‍കുന്നുണ്ടെന്ന് പറഞ്ഞു. “നമ്മുടെ വിശ്വാസം ധീരമായി പ്രഖ്യാപിക്കാനും, ആത്മാര്‍ത്ഥത യോടും ത്യാഗത്തോടും കൂടി നിലകൊള്ളാനും, സുവിശേഷ പ്രഘോഷണം തുടരാനും, എതിര്‍പ്പുകളും പ്രതിസന്ധികളും ഉണ്ടായാലും സഹിഷ്ണുതയോടെ മുന്നേറാനും സെന്റ് തോമസിന്റെ മാതൃക നമ്മെ ക്ഷണിക്കുന്നു,” ആര്‍ച്ചുബിഷപ്പ് പറഞ്ഞു.
ബുദ്ധ-ഗാന്ധാര അവശിഷ്ട ങ്ങള്‍ക്ക് പേരുകേട്ട യുനെസ്‌കോ യുടെ ലോക പൈതൃക കേന്ദ്രമായ തക്ഷശില, തോമാശ്ലീഹായുമായും ഗോണ്ടോഫറസ് രാജാവുമായുമുള്ള ബന്ധം കാരണം ക്രൈസ്തവ പാരമ്പര്യത്തിലും സവിശേഷമായ ഒരു സ്ഥാനം അലങ്കരിക്കുന്നു. അപ്പസ്തോലന്റെ സന്ദര്‍ശനത്തിന്റെ ചരിത്രപരമായ വിശദാംശങ്ങളെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഈ പാരമ്പര്യം ദക്ഷിണേഷ്യയിലെ ക്രൈസ്തവ പൈതൃക ത്തിന്റെ ഒരു പ്രധാന ഭാഗമായി തുടരുന്നു.
1935-ല്‍ ഈ അവശിഷ്ടങ്ങള്‍ക്ക് സമീപം നിലം ഉഴുതുമറിക്കുകയായിരുന്ന ഒരു കര്‍ഷകന്‍ ഒരു കുരിശ് കണ്ടെത്തുകയും, അത് പിന്നീട് ലാഹോറിലെ ആംഗ്ലിക്കന്‍ ബിഷപ്പിന് സമര്‍പ്പിക്കുകയും ചെയ്തു. ‘തക്ഷശില കുരിശ്’ എന്നറിയപ്പെടുന്ന ഈ തിരുശേഷിപ്പ് ഇപ്പോള്‍ പഞ്ചാബ് തലസ്ഥാനമായ ലാഹോറിലെ കത്തീഡ്രല്‍ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്നു.