നിക്കരാഗ്വയില്‍ ബിഷപ്പ് വീണ്ടും വീട്ടുതടങ്കലില്‍

Bishop Emeritus Abelardo Matha under house arrest again in Nicaragua
Published on

നിക്കരാഗ്വന്‍ പോലീസ് ബിഷപ്പ് എമെരിറ്റസ് അബെലാര്‍ദോ മാത്തയെ വീണ്ടും തടങ്കലിലാക്കി. ജൂണ്‍ 29-ന് അദ്ദേഹത്തെ ആദ്യമായി കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതിന് തൊട്ടുപിറ്റേന്നാണ് ഈ നടപടി. എണ്‍പതുകാരനായ ബിഷപ് ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എസ്‌തേലി രൂപതയുടെ വിരമിച്ച ബിഷപ്പായ മാത്തയെ, പേസ്‌മേക്കര്‍ പരിശോധനയ്ക്കായി എത്തിയ ക്ലിനിക്കില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിക്കരാഗ്വയില്‍ പീഡനങ്ങള്‍ നേരിടുന്ന ക്രൈസ്തവ സഭയ്ക്കായി അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് ഈ സംഭവം നടന്നത്. ഈ പ്രാര്‍ത്ഥനയാകാം പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെയും അദ്ദേഹത്തിന്റെ ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തെ ചൊടിപ്പിച്ചതെന്നു കരുതുന്നു.

ബിഷപ്പിന് പുറമെ, ജൂzണ്‍ 28-ന് ബിഷപ്പ് മാത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച എസ്‌തേലിയിലെ കാല്‍വരി ക്രൂസ് പള്ളി വികാരി ഫാ. ഫ്രാന്‍സിസ്‌കോ മൊറാലസിനെയും ഡീക്കന്‍ വില്‍ഫ്രഡ് അറൗസ് റോഡ്രിഗസിനെയും പോലീസ് തടങ്കലിലാക്കിയിരുന്നു. ഇവരെ രണ്ടുപേരെയും പിന്നീട് വിട്ടയച്ചെങ്കിലും കടുത്ത നിബന്ധനകള്‍ക്ക് വിധേയരാക്കിയിരിക്കുകയാണ്.

ബിഷപ്പ് മാത്ത സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2021 മുതല്‍ എസ്‌തേലി രൂപതയുടെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ബിഷപ് അല്‍വാരസ്, 26 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ 2024 ജനുവരിയില്‍ നാടുകടത്തപ്പെട്ടതിനെ തുടര്‍ന്ന് നിലവില്‍ റോമിലാണ് താമസിക്കുന്നത്. ഒര്‍ട്ടേഗ-മുറില്ലോ ഏകാധിപത്യ ഭരണകൂടത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു അദ്ദേഹം. അല്‍വാരസ് നാടുകടത്തപ്പെട്ട് റോമില്‍ കഴിയുകയാണെങ്കിലും, മാതാഗാല്‍പയിലെ ബിഷപ്പായും എസ്‌തേലിയുടെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും ഔദ്യോഗികമായി അദ്ദേഹം തുടരുകയാണ്.

മാതാഗാല്‍പയ്ക്കുശേഷം ഒര്‍ട്ടേഗ-മുറില്ലോ ഭരണകൂടം ഏറ്റവും കൂടുതല്‍ പീഡിപ്പിക്കുന്ന എസ്‌തേലി രൂപതയ്ക്ക്, നിലവില്‍ സ്വന്തം ബിഷപ്പില്ലാതെയും വെറും 42% വൈദികരെ മാത്രം വെച്ചും പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ രൂപതയില്‍ ഡീക്കന്‍, വൈദിക പട്ടാഭിഷേകങ്ങള്‍ ഭരണകൂടം നിരോധിച്ചതോടെ സാഹചര്യം കൂടുതല്‍ വഷളായിരിക്കുകയാണ്. മാതാഗാല്‍പ, ജിനോട്ടേഗ, സിയുന എന്നീ രൂപതകളിലും തിരുപ്പട്ടങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഈ നാല് രൂപതകളിലും ബിഷപ്പുമാരില്ല, കാരണം അവരെയെല്ലാം നിക്കരാഗ്വയില്‍ നിന്ന് നാടുകടത്തിയിരിക്കുകയാണ്.

logo
Sathyadeepam Online
www.sathyadeepam.org