

“ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും ഇടയിലെ കഴിഞ്ഞ മുപ്പതു വർഷങ്ങൾ നാം ഗൗരവമായ രാഷ്ട്രീയ-സാമൂഹിക കഠിന പ്രതിസന്ധിയിലൂടെ മാത്രമല്ല കടന്നുപോയത്; മറിച്ച് നാം പുതിയൊരു താത്വിക പ്രശ്നവും നേരിടേണ്ടി വന്നു,” എന്ന് ഏണസ്റ്റ് കസിറർ (+1945) എന്ന ജർമ്മൻ ചിന്തകൻ എഴുതി. അദ്ദേഹം അർഥമാക്കിയത് ജർമ്മനിയിലെ നാസികൾ അധികാരത്തിൽ വന്നതാണ്. ഈ കാലഘട്ടത്തിലുണ്ടായ താത്വികപ്രശ്നമാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. ഈ പ്രശ്നം വ്യക്തമായി വിശകലനം ചെയ്ത അദ്ദേഹത്തിന്റെ “രാഷ്ട്രത്തിന്റെ ഐതിഹ്യം” (The Myth of the State) എന്ന പുസ്തകത്തിന്റെ ആമുഖ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. ജർമ്മനിയിലെ നാസി വിജയത്തെ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: “അത് യുക്തിസഹമായ ആധുനിക രാഷ്ട്രീയ ചിന്തയുടെ മേൽ ഐതിഹ്യചിന്തയ്ക്കുണ്ടായ ആധിപത്യമായിരുന്നു.” മനുഷ്യന്റെ പ്രായോഗികവും സാമൂഹികവുമായ ജീവിതത്തിൽ യുക്തിസഹചിന്തയുടെ പൂർണ്ണമായ പരാജയം അവിടെ സംഭവിച്ചു.
നരവംശശാസ്ത്രജ്ഞന്മാർ പലരും പറഞ്ഞിട്ടുള്ളതുപോലെ, കെട്ടുകഥകളിൽ അടിസ്ഥാനമിട്ട ഐതിഹ്യചിന്ത മനുഷ്യവർഗത്തിന്റെ ആദികാലങ്ങളിലെ ലളിത വിശ്വാസത്തിന്റെ ഫലമാണ്. അത് ഒരുതരം വിഡ്ഢിത്തമാണ്. ജർമ്മൻ സാഹിത്യ കാരനായ ഗൊഥേയുടെ ‘ഡോക്ടർ ഫൗസ്റ്റ്’ എന്ന കൃതിയിൽ ഒരു രംഗമുണ്ട്. സ്വന്തം ആത്മാവിനെ പിശാചിന് വിറ്റ ഡോക്ടർ ഫൗസ്റ്റ്, തന്റെ യൗവനം വീണ്ടെ ടുക്കാൻ മാന്ത്രികപാനീയം കുടിക്കാനായി മന്ത്രവാദത്തിന്റെ അടുക്കളയിലെത്തു ന്നു. ആ പാനപാത്രത്തിൽ ഫൗസ്റ്റസ് അതിസുന്ദരിയായൊരു സ്ത്രീയെ കാണുന്നു. ആ ദൃശ്യത്തിൽ ആകൃഷ്ടനായ അയാൾ അതീവ വികാരാധീനനാകുന്നു. അടുത്തു നിൽക്കുന്ന മെഫിസ്റ്റോഫിലിസ് എന്ന പിശാച് പരിഹസിച്ചുകൊണ്ട് പറയുന്നു: “ആ സുന്ദരി യാഥാർത്ഥ്യമല്ല, അയാളുടെ മനസ്സിന്റെ സൃഷ്ടി മാത്രമാണ്.” മനു ഷ്യന്റെ സങ്കല്പം സൃഷ്ടിക്കുന്ന യക്ഷികളും സൈറനുകളും യാഥാർത്ഥ്യങ്ങളായി മാറുന്ന അവസ്ഥയും, അവയുടെ നിരന്തരമായ അക്രമണം ഭയന്ന് മനുഷ്യർ ഒളി ച്ചോടുന്നതും ഇതിന് ഉദാഹരണമാണ്.
കാവ്യം കല്പിച്ചുണ്ടാക്കുന്ന മിഥ്യകളാണവ. കാവ്യത്തിന്റെ സങ്കല്പങ്ങൾ യാഥാർത്ഥ്യങ്ങളായി മാറുന്ന പ്രതിസന്ധി നിസ്സാരമല്ല. രാഹു, കേതു എന്നു പറയപ്പെടുന്ന ഗ്രഹങ്ങളുടെ സാന്നിധ്യത്തിന്റെ അശുഭകരമായ ശാപം ഭയന്ന് രോഗി കളിൽ ഓപ്പറേഷൻ നടത്താതിരിക്കുന്ന ഡോക്ടർമാർ ഉള്ള നാടാണിത്. ഇതുപോ ലുള്ള നിരവധി അനുഭവങ്ങൾ ഇന്ത്യയിലില്ലേ? ഇത് ജർമ്മനിയുടെ മാത്രം പ്രശ്നമാണോ? കെട്ടുകഥകളെ വിശ്വസിക്കാൻ തുടങ്ങിയാൽ നാം വേദശാസ്ത്രങ്ങളെക്കുറിച്ചും ഇതുതന്നെ പറയും. ഹിന്ദുമതത്തിന്റെ പുരാണങ്ങളിൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ് ഉണ്ടായിരുന്നു എന്ന് ചിലർ വാദിക്കുന്നു; കാരണം അതിൽ പുഷ്പകവിമാനത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ! ഇങ്ങനെ യുക്തിയെ വെടിഞ്ഞ് മിത്തുകളെ ആശ്രയിക്കുമ്പോൾ മൂല്യശ്രേണികൾ തല തിരിയും.
മൂല്യശ്രേണിയിൽ ഏറ്റവും അവസാനമായിരുന്നതിന് ഒന്നാം സ്ഥാനം ലഭിക്കും. വസ്തുനിഷ്ഠമെന്നും വ്യക്തിനിഷ്ഠമെന്നുമുള്ള വിഭജനം ഇല്ലാതാകും. സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ കൂടിക്കുഴയും. പ്രാകൃതമനസ്സും ശാസ്ത്രീയമനസ്സും കൂടിക്കലർന്ന് മന്ത്രവാദിയും ശാസ്ത്രജ്ഞനും തമ്മിൽ വ്യത്യാസമില്ലാതാകും. ഫലമോ, ജീവിതവും അതിന്റെ നിഴലുകളും തമ്മിൽ വേർതിരിക്കാനാവാതെ വരുന്നു; ഡോ. ഫൗസ്റ്റിന് പറ്റിയ അബദ്ധം പോലെ. ഈ അബദ്ധം നാസി ജർമ്മനിയിൽ വ്യാപകമായി സംഭവിച്ചു. തങ്ങൾ ‘ആര്യന്മാർ’ ആണെന്നത് ഒരു ശാസ്ത്രീയസത്യമായി അവർ കണ്ടു. മറ്റു ചില വർഗങ്ങൾ മനുഷ്യന്റെ പരിണാമ ത്തിലെ അബദ്ധങ്ങളാണെന്ന് അവർ വിശ്വസിച്ചു; ആളുകളെ കൊന്നൊടുക്കുന്ന ഗ്യാസ് ചേമ്പറുകൾ ഉണ്ടാക്കി. നാസി ജർമ്മനിയിൽ നടമാടിയ പ്രാകൃതമായ അന്ധവിശ്വാസങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളുണ്ട്. പ്രാകൃതമനുഷ്യൻ തന്റെ ലോകാനുഭവങ്ങളുടെ വ്യാഖ്യാനങ്ങളിൽ മാത്രം ജീവിച്ചു. അവിടെ വസ്തുനിഷ്ഠതയു ണ്ടായിരുന്നില്ല; അത് പരിശോധിക്കാൻ സംവിധാനങ്ങളുമുണ്ടായിരുന്നില്ല.
കെട്ടുകഥകളുടെ മൂടൽമഞ്ഞ് മാറി കാര്യങ്ങൾ വ്യക്തമാകുന്ന ഭാഷ ഉരുത്തിരിഞ്ഞത് വർഷങ്ങളുടെ പരിണാമത്തിലൂടെയാണ്. സാവധാനമാണ് കെട്ടുകഥകളുടെ മൂടൽമഞ്ഞ് മാറിയത്. പ്രകൃതിയെക്കുറിച്ച് സങ്കല്പത്തിന്റെ തലത്തിൽ മാത്രം സംസാരിച്ചവർ ചിന്തയുടെയും ഭാഷയുടെയും പുതിയ തലങ്ങളിലേക്ക് വരുന്നു. ഭാഷയ്ക്ക് വ്യക്തവും കർശനവുമായ താർക്കികസ്വഭാവമുണ്ട്. മിത്തുകൾ കെട്ടുകഥ കളാണ്; അവ പുതിയ അർത്ഥങ്ങൾ നൽകിയേക്കാം, പക്ഷേ കെട്ടുകഥകൾ യാഥാർത്ഥ്യമല്ല. അവ യുക്തിസഹമല്ല, ചഞ്ചലമാണ്. സംയോജിക്കാത്തതിനെ എങ്ങനെ സംയോജിപ്പിക്കും? സങ്കല്പങ്ങൾകൊണ്ട് യോജിപ്പിക്കുന്നതിന് യാഥാർ ത്ഥ്യവുമായി ബന്ധമില്ല. ഭാഷ വിജ്ഞാനത്തിന്റെ വിദ്യാലയഭാഷ മാത്രമല്ല, വിഡ്ഢി ത്തത്തിന്റെ വിദ്യാലയഭാഷയുമാകാം. എല്ലാ ശാസ്ത്രങ്ങൾക്കും ഈ കെട്ടുകഥകളുടെ കാലം കടന്നുപോകേണ്ടതുണ്ട്. കെമിസ്ട്രിക്ക് (രസതന്ത്രം) മുമ്പ് ആൽക്കമി ഉണ്ടായിരുന്നു; ജ്യോതിശാസ്ത്രത്തിന് മുമ്പ് ജ്യോതിഷമുണ്ടായിരുന്നു; ആയുർവേദ ത്തിൽ പക്ഷിപീഡയുണ്ടായിരുന്നു. “ഭൂതകാലത്തിന്റെ മഹത്വം ബോധ്യമാക്കൽ” ആർ.എസ്.എസിന്റെ ഭരണഘടനയുടെ ഒരു ലക്ഷ്യമാണ്. ഇങ്ങനെ ഭൂതകാലത്തിന്റെ മഹത്വത്തിലേക്കായിരുന്നു ജർമ്മനിയിലും ജനങ്ങൾ തിരിഞ്ഞത്. ജാതി, വർഗം, വിശ്വാസം, സാമ്പത്തികവും ഭാഷാപരവുമായ ഈ വ്യത്യാസങ്ങൾ ഇല്ലാ താക്കുന്നത് കടുത്ത ആധിപത്യമാണ്. ഈ വ്യത്യാസങ്ങൾ സമൂഹത്തിലുണ്ട്. അത് പരിഹരിക്കേണ്ടത് ഭാഷണത്തിലൂടെയാണ്; ഭാഷയുടെ വസ്തുനിഷ്ഠത കണ്ടെത്തിക്കൊണ്ടാണ്.
ബാബിലോണിയൻ മിത്തോളജി ലോകം ഉണ്ടായതിനെക്കുറിച്ച് മാത്രമല്ല പറയുന്നതെന്ന് കസിറർ ഓർമ്മിപ്പിക്കുന്നു. ശിഥിലീകരണത്തിന്റെ ഭീകരസത്വത്തെയും അതിന്റെ സർപ്പങ്ങളെയും കീഴടക്കി, അവയുടെ ശരീരങ്ങൾ കൊണ്ടാണ് ‘മർദൂക്’ എന്ന ദൈവം പ്രപഞ്ചം സൃഷ്ടിച്ചത്. മിത്തുകളുടെ ശക്തി നിയന്ത്രിച്ചാണ് ലോകമുണ്ടായത്. ആ ശക്തികൾ ഇനിയും ഉണരാം, അവയെ മെരുക്കാം. ബൗദ്ധികവും ധാർമ്മികവും കലാപരവുമായ സർഗശക്തികൾ ക്രിയാത്മകമായി പ്രവർത്തിച്ചാൽ മിത്തിക്കൽ ശക്തികൾ മനുഷ്യബുദ്ധിക്കു വിധേയമാകും. മറിച്ച്, അവ ശക്തിപ്രാപിച്ച് മനുഷ്യന്റെ സാംസ്കാരിക-സാമൂഹിക-ധാർമ്മിക മണ്ഡലങ്ങളെ അധർമ്മശക്തികൾ ആവസിച്ചാൽ ലോകം തകരും. അതാണ് ജർമ്മനി നൽകുന്ന പാഠം.