

വര്‍ത്തമാനകാലത്ത് ആത്മീയതയുടെ ഭാഷയിലും പ്രഘോഷണ രീതികളിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കരിസ്മാറ്റിക് പ്രാർഥനാരീതികളും ഡിജിറ്റല്‍ മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും വ്യാപനവും വ്യക്തികേന്ദ്രീകൃത ആത്മീയതയും സ്വയംസഹായ (Self-help) ചിന്തകളും പോസിറ്റീവ് സൈക്കോളജിയും കൂടിക്കലര്‍ന്ന് ക്രമേണ വിശ്വാസപ്രഭാഷണങ്ങളുടെ ഭാഷയിലേക്ക് പ്രവേശിച്ചിരിക്കുന്നു.
പ്രത്യക്ഷത്തില്‍ തിരുവചന കേന്ദ്രീകൃതമായി വിശ്വാസത്തിന്റെ വൈകാരികതലത്തെ ഉത്തേജിപ്പിക്കുന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവണതയുടെ വ്യാപനത്തിന്റെ ഫലമായി, ക്രൈസ്തവവിശ്വാസത്തിന്റെ ക്രിസ്തുകേന്ദ്രീകൃതമായ ആത്മീയതയ്ക്ക് സമാന്തരമായി, മനുഷ്യന്റെ ചിന്താശക്തിക്കും വാക്കുകള്‍ക്കും വികാരങ്ങള്‍ക്കും അസാധാരണമായ ആത്മീയശക്തി കല്പിക്കുന്ന പുതിയ ആത്മീയപ്രവണതകള്‍ രൂപം കൊണ്ടിരിക്കുന്നു.
‘മാനിഫെസ്‌റ്റേഷന്‍’, ‘പോസിറ്റീവ് കോണ്‍ഫഷന്‍’, ‘വിഷ്വലൈസേഷന്‍’, ‘ഡിക്ലറേഷന്‍’, ‘വിജയത്തിന്റെ വിശ്വാസം’, ‘സമൃദ്ധിയുടെ സുവിശേഷം’ തുടങ്ങിയ ആശയങ്ങള്‍ ഇന്ന് പല ക്രൈസ്തവപ്രഭാഷണങ്ങളിലും ആത്മീയ ശുശ്രൂഷകളിലും പ്രച്ഛന്നവേഷത്തില്‍ കടന്നുകയറുന്നുണ്ട്. പലപ്പോഴും ഇവ വിശുദ്ധഗ്രന്ഥത്തിലെ ചില വചനങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് വേര്‍പെടുത്തി അവതരിപ്പിക്കുകയും, വിശ്വാസം മനുഷ്യന്റെ ആഗ്രഹങ്ങള്‍ സാക്ഷാൽക്കരിക്കുക മാത്രം ചെയ്യുന്ന ആത്മീയ സാങ്കേതികവിദ്യയാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സമീപനം സുവിശേഷത്തിന്റെ യഥാര്‍ത്ഥ സന്ദേശത്തോടും ക്രൈസ്തവ ധാർമ്മികതയോടും എത്രത്തോളം യോജിക്കുന്നുവെന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
‘വിശ്വസിച്ചാല്‍ മാത്രം മതി’, ‘പ്രഖ്യാപിച്ചാല്‍ നടക്കും’, ‘നെഗറ്റീവ് പറയരുത്’, ‘നിന്റെ വാക്കുകള്‍ നിന്റെ ഭാവി സൃഷ്ടിക്കുന്നു’ തുടങ്ങിയ സന്ദേശങ്ങള്‍ പലപ്പോഴും വിശുദ്ധ ഗ്രന്ഥത്തിലെ ചില വചനങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കപ്പെടുന്നു.
വിശ്വാസത്തോടെ ചോദിക്കുന്ന തെല്ലാം ലഭിക്കും, ആഗ്രഹങ്ങള്‍ നിറവേറുന്നതാണ് അനുഗ്രഹത്തിന്റെ അടയാളം എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം മനുഷ്യന്റെ ആഗ്രഹങ്ങളല്ല; ദൈവഹിതമാണെന്നത് തമസ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. യേശുക്രിസ്തു പഠിപ്പിച്ച പ്രാർഥനയുടെ ഹൃദയം ‘അങ്ങയുടെ ഹിതം നിറവേറട്ടെ’ എന്ന സമര്‍പ്പണമാണ്. അതുകൊണ്ട് വിശ്വാസത്തെ ദൈവഹിതത്തിന് വിധേയമായ ബന്ധത്തില്‍ നിന്ന് മനുഷ്യന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഉപാധിയായി മാറ്റുന്ന ഏതു ആത്മീയ പ്രവണതയും ദൈവശാസ്ത്രപരമായ വിവേചനത്തിന് വിധേയമാകണം.
അതേസമയം, മനഃശാസ്ത്രത്തിന്റെ സംഭാവനകളെ പൂർണ്ണമായി നിരാകരിക്കുന്ന സമീപനവും ശരിയല്ല. പ്രത്യാശ, ആത്മവിശ്വാസം, ക്രമബദ്ധമായ ചിന്ത, ലക്ഷ്യബോധം എന്നിവ മനുഷ്യജീവിതത്തില്‍ ഗുണകരമാണെന്ന് മനഃശാസ്ത്രം വ്യക്തമാക്കുന്നു. എന്നാല്‍ ഈ ശാസ്ത്രീയ നിരീക്ഷണങ്ങളെ അദ്ഭുതശക്തികളായി അവതരിപ്പിക്കുകയും അവയെ സുവിശേഷത്തിന്റെ പേരില്‍ ആത്മീയ സത്യങ്ങളായി പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ വിശ്വാസവും മനഃശാസ്ത്രവും തമ്മിലുള്ള അതിരുകള്‍ മങ്ങിപ്പോകുന്നു.
മാനിഫെസ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള നവ ആത്മീയ പ്രവണതകള്‍ പ്രചരിപ്പി ക്കുന്ന വ്യക്തികളെ വിമര്‍ശിക്കുക എന്നതല്ല ഇതിന് പരിഹാരം. മറിച്ച് അവയുടെ ആശയപരമായ അടിത്തറയെ വിശുദ്ധ ഗ്രന്ഥം, സഭയുടെ ഔദ്യോഗിക പ്രബോധനം, സഭാചരിത്രം, മനഃശാസ്ത്രം, ക്രൈസ്തവ ധാർമ്മികത എന്നിവയുടെ വെളിച്ചത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ് വേണ്ടത്. സുവിശേഷ കേന്ദ്രീകൃതമായ യഥാര്‍ത്ഥ ആത്മീയത സംരക്ഷിക്കുന്നതിനും വിശ്വാസികളില്‍ വിവേചനബോധം വളര്‍ത്തുന്നതിനും വേണ്ടിയാകണം ഈ വിഷയത്തെ സമീപിക്കുന്നത്.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ലോകമെമ്പാടും “Manifestation” എന്ന ആശയം ആത്മീയത, സ്വയം സഹായ സാഹിത്യം, വ്യക്തിത്വ വികസന പരിശീലനങ്ങള്‍, സാമൂഹ്യമാധ്യമങ്ങള്‍ എന്നിവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. യുവജനങ്ങളിലേക്ക് വിശ്വാസ വിരുദ്ധതയുടെ വിഷം കുത്തിവയ്ക്കുന്ന ഇത്തരം ആധുനികമായ അന്ധവിശ്വാസങ്ങളെ ശാസ്ത്രീയതയായി തെറ്റിദ്ധരിക്കുന്നവര്‍ ഒരു ഭാഗത്തും, വിശ്വാസത്തിന്റെ മാർഗമായി പഠിപ്പിക്കുന്നവര്‍ മറുഭാഗത്തും സത്യവിരുദ്ധതയ്ക്ക് കുടപിടിക്കുകയാണ്.
ആഗ്രഹങ്ങള്‍ നിറവേറുന്നതാണ് അനുഗ്രഹത്തിന്റെ അടയാളം എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു! ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം മനുഷ്യന്റെ ആഗ്രഹങ്ങൾ സാധിക്കപ്പെടുന്നതല്ല; ദൈവഹിതമാണെന്നത് തമസ്‌ക്കരിക്കപ്പെട്ടിരിക്കുന്നു.
ഈ ആശയത്തിന്റെ അടിസ്ഥാന വാദം ലളിതമാണ്: മനുഷ്യന്റെ ചിന്തകൾക്കും വിശ്വാസങ്ങൾക്കും വാക്കുകൾക്കും യാഥാര്‍ത്ഥ്യത്തെ രൂപപ്പെടുത്താന്‍ കഴിയും. ഒരാള്‍ ഒരു ലക്ഷ്യത്തെ അതിയായ ആത്മവിശ്വാസത്തോടെയും വികാരപരമായ ഉറപ്പോടെയും നിരന്തരം മനസ്സില്‍ ദൃശ്യവല്‍ക്കരിക്കുകയും അതിനെക്കുറിച്ച് അനുകൂലമായി പ്രഖ്യാപിക്കുകയും ചെയ്താല്‍, ആ ലക്ഷ്യം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകു മെന്നാണ് ഇതിന്റെ മുഖ്യ അവകാശവാദം.
ഈ ആശയം ആധുനിക സ്വയം സഹായ പ്രസ്ഥാനങ്ങളുടെ സൃഷ്ടിയാണെന്ന് പലരും കരുതുന്നു വെങ്കിലും, അതിന്റെ വേരുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ രൂപംകൊണ്ട New Thought Movement ലാണ്. മനസ്സിന്റെ ശക്തി രോഗശാന്തിക്കും വിജയത്തിനും സമ്പത്തിനും എന്ന പേരില്‍ അത് ജനകീയമായി. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വിവിധ പുസ്തകങ്ങളും ഡിജിറ്റല്‍ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ഈ ആശയത്തെ ലോകവ്യാപകമാക്കി.
ഇവയില്‍ ചില ഘടകങ്ങള്‍ മനഃശാസ്ത്രപരമായി വിശദീകരിക്കാവുന്നതാണ്. ലക്ഷ്യബോധം, ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം, ക്രമബദ്ധമായ ജീവിതരീതി എന്നിവ വ്യക്തിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുമെന്ന് മനഃശാസ്ത്രം അംഗീകരിക്കുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി, മാനിഫെസ്‌റ്റേഷന്‍ മനുഷ്യന്റെ ചിന്തകള്‍ക്ക് യാഥാര്‍ത്ഥ്യത്തെ തന്നെ മാറ്റിമറിക്കാനുള്ള ആത്മീയ ശക്തിയുണ്ടെന്ന അവകാശവാദത്തി ലേക്ക് നീങ്ങുന്നു. ഈ അവകാശവാദ ത്തിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ല. ഈ വീക്ഷണത്തെ വിശ്വാസത്തിന്റെ ചായം പുരട്ടിയും ചമയം ധരിപ്പിച്ചും സുവിശേഷ പ്രഘോഷകര്‍ വിറ്റു കാശാക്കുന്നു.
ഇതാണ് ഈ ആശയം ക്രൈസ്തവ വിശ്വാസവുമായി ഏറ്റുമുട്ടുന്ന പ്രധാന മേഖല. ക്രൈസ്തവവിശ്വാസത്തില്‍ സൃഷ്ടിയുടെ അധിപന്‍ ദൈവമാണ്; മനുഷ്യന്റെ ചിന്തയോ വാക്കോ അല്ല. വിശ്വാസം ദൈവത്തിന്റെ പരിപാലനത്തില്‍ ആശ്രയിക്കുന്ന ബന്ധമാണ്; മനുഷ്യന്റെ ആഗ്രഹങ്ങളെ നിര്‍ബന്ധമായും യാഥാര്‍ത്ഥ്യമാക്കുന്ന ഒരു ആത്മീയ നിയമമല്ല. അതിനാല്‍ മാനിഫെസ്‌റ്റേഷന്റെ അടിസ്ഥാന തത്ത്വം ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടേണ്ടതാണ്.
ഇന്ന് ആശങ്കാജനകമായ മറ്റൊരു പ്രവണത, ഈ ആശയങ്ങള്‍ സുവിശേഷത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്നതാണ്. ‘വിശ്വസിച്ചാല്‍ മാത്രം മതി’, ‘പ്രഖ്യാപിച്ചാല്‍ നടക്കും’, ‘നെഗറ്റീവ് പറയരുത്’, ‘നിന്റെ വാക്കുകള്‍ നിന്റെ ഭാവി സൃഷ്ടിക്കുന്നു’ തുടങ്ങിയ സന്ദേശങ്ങള്‍ പലപ്പോഴും വിശുദ്ധ ഗ്രന്ഥത്തിലെ ചില വചനങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ വിശ്വാസം ദൈവഹിതത്തിന് കീഴടങ്ങുന്ന ആത്മീയജീവിതമെന്നതില്‍ നിന്ന് വ്യക്തിയുടെ ആഗ്രഹസാക്ഷാൽക്കാരത്തിനുള്ള ഉപാധിയായി ചുരുങ്ങാനുള്ള സാധ്യത വര്‍ധിക്കുന്നു.
അതുകൊണ്ട് മാനിഫെസ്‌റ്റേഷനും തിരുവചനങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ച് ദൈവം പ്രാർഥിക്കുന്നവ നല്‍കിയതായി കണ്ട് സ്തുതിച്ച് ആവശ്യം അവകാശമാക്കാന്‍ പറയുന്ന പ്രഘോഷണങ്ങളെയും വിലയിരുത്തു മ്പോള്‍ അതിന്റെ മനഃശാസ്ത്രപരമായ ഘടകങ്ങളെയും ദൈവശാസ്ത്രപരമായ അവകാശവാദങ്ങളെയും വേര്‍തിരിച്ചു കാണുന്നത് അനിവാര്യമാണ്. ഈ വിവേചനമാണ് ക്രൈസ്തവ ധാർമ്മികത ആവശ്യപ്പെടുന്നത്. ഈ വൈകല്യത്തെ അവഗണിക്കുമ്പോള്‍ വിശ്വാസരാഹിത്യ ത്തിന്റെ ദുരന്തഫലങ്ങള്‍ നമ്മെ വിശ്വാസത്യാഗത്തിലേക്ക് നയിക്കും.