

മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട് തടവിലാ യിരുന്ന 61 കാരനായ കത്തോലിക്കാ വിശ്വാസി പാക്കിസ്ഥാനില്‍ കസ്റ്റഡിയില്‍ വച്ച് മരണമടഞ്ഞു. പാക്കിസ്ഥാനിലെ മതനിന്ദാ നിയമങ്ങളുടെ ദുരുപയോഗ ത്തെക്കുറിച്ചും ദുര്‍ബലരായ തടവുകാ രോട് കാണിക്കുന്ന സമീപനത്തെക്കുറി ച്ചുമുള്ള ആശങ്കകള്‍ ഇതോടെ വീണ്ടും വര്‍ധിച്ചിരിക്കുകയാണെന്നു പാക് ക്രൈസ്തവര്‍ പറഞ്ഞു.
ലാഹോറിലെ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് വികാരിയായ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. ഹെന്റി പോളിന്റെ ഇളയ സഹോദരന്‍ അമീര്‍ പീറ്ററാണ് ജൂലൈ 1-ന് മരണമടഞ്ഞത്. ലാഹോറിലെ ജയിലില്‍ വിചാരണ കാത്തു കഴിയുന്നതിനിടെയായിരുന്നു മരണം. മൂന്ന് കുട്ടികളുടെ പിതാവായിരുന്നു.
മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ഒരു മുസ്ലീം വ്യാപാരി ആരോപിച്ചതിനെ തുടര്‍ന്ന് 2025 ജൂലൈയിലാണ് പീറ്റര്‍ അറസ്റ്റിലായത്. പീറ്ററിന് കടുത്ത മറവിരോഗം ഉള്ളതിനാല്‍ വിചാരണ നേരിടാന്‍ മാനസികമായി യോഗ്യനല്ലെന്ന് മെഡിക്കല്‍ വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തി യിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷ കര്‍ പറഞ്ഞിട്ടും, മരണം വരെ അദ്ദേഹം അഴിക്കുള്ളില്‍ തന്നെയായിരുന്നു. ലാഹോറിലെ പുതുതായി നിയമിതനായ ആർച്ചുബിഷപ്പ് ഖാലിദ് റഹ്മതാണ് മര ണാനന്തര ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.
“അദ്ദേഹത്തിന്മേല്‍ കള്ളക്കേസാണ് ചുമത്തിയത്. അദ്ദേഹത്തിന്റെ മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യ സ്ഥിതിയെക്കുറിച്ചും അടിയന്തര ചികിത്സയുടെ ആവശ്യ കതയെക്കുറിച്ചും ഞങ്ങള്‍ ആവര്‍ത്തിച്ച് അധികാരിക ളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍, ഈ ശ്രമങ്ങളെല്ലാം നടത്തിയിട്ടും നീതി ലഭിക്കുന്നതിനു മുമ്പ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു,” പീറ്ററിനുവേണ്ടി കോടതിയില്‍ ഹാജരായ ‘ക്രിസ്ത്യന്‍സ് ട്രൂ സ്പിരിറ്റ്’ എന്ന നിയമസഹായ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ സ്വപ്ന പറഞ്ഞു.