International

നോമ്പ്: പ്രലോഭനങ്ങളെ നേരിടാനും മാനസാന്തരപ്പെടാനുമുള്ള സമയം – ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

നമ്മുടെ പ്രലോഭനങ്ങളെ അഭിമുഖീകരിക്കാനും സുവിശേഷത്താല്‍ മാനസാന്തരപ്പെടാനുമുള്ള സമയമാണു നോമ്പ് എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥന നടത്തി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ക്രിസ്തുവിന്‍റെ മരുഭൂമിയിലെ പ്രലോഭനങ്ങളെ ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ സന്ദേശം. യേശുവിനു മാനസാന്തരം ആവശ്യമില്ലായിരുന്നിട്ടും പിതാവായ ദൈവത്തോടുള്ള അനുസരണത്തെ പ്രതി മരുഭൂമിയിലൂടെ കടന്നു പോകേണ്ടി വന്നുവെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പ്രലോഭനങ്ങളെ മറികടക്കുന്നതിനുള്ള കൃപ നമുക്കു നല്‍കുന്നതിനു വേണ്ടിയായിരുന്നു അത്. ആത്മീയപരിശീലനത്തിന്‍റെയും ആത്മീയപോരാട്ടത്തിന്‍റെയും കാലമാണു നമുക്കു നോമ്പ്. തിന്മയെ പ്രാര്‍ത്ഥനയിലൂടെ നേരിടാന്‍ വിളിക്കപ്പെട്ടവരാണു നമ്മള്‍ – മാര്‍പാപ്പ പറഞ്ഞു.

പ്രലോഭനങ്ങള്‍ നേരിട്ട ശേഷം യേശു മരുഭൂമിയില്‍ നിന്നു പുറത്തുകടന്നു നേരെ പോയത് സുവിശേഷം പ്രഘോഷിക്കാനാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. കേള്‍ക്കുന്നവരുടെയെല്ലാം മാനസാന്തരമാണ് ആ സുവിശേഷം ആവശ്യപ്പെട്ടത്. അനുതപിക്കുക, സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതായിരുന്നു യേശുവിന്‍റെ പ്രഘോഷണം. മാനസാന്തരം എല്ലാ ദിവസവും ആവശ്യമുള്ളവരാണു നമ്മള്‍. ദൈവത്തിലേയ്ക്കു നിരന്തരം നമ്മുടെ മനസ്സിനേയും ഹൃദയത്തേയും തിരിച്ചുകൊണ്ടിരിക്കാന്‍ നമുക്കു കഴിയണം. ദൈവത്തില്‍ നിന്നു നമ്മെ അകറ്റുന്ന എല്ലാത്തിനേയും നാം നിരാകരിക്കണം. – മാര്‍പാപ്പ വിശദീകരിച്ചു.

എങ്കിലും, നോമ്പ് എന്നാല്‍ ദുഃഖത്തിന്‍റെ ഒരു സമയമല്ലെന്നു മാര്‍പാപ്പ വിശദീകരിച്ചു. സ്വാര്‍ത്ഥതയില്‍ നിന്നു നമ്മെ ഉരിഞ്ഞു മാറ്റുക എന്നത് സന്തോഷപൂര്‍ണവും ഗൗരവതരവുമായ ഒരു കടമയാണ്. യഥാര്‍ത്ഥ സന്തോഷം ദൈവത്തില്‍ മാത്രമാണ് എന്നു തിരിച്ചറിഞ്ഞ് മാനസാന്തരപ്പെടാനുള്ള ക്രിസ്തുവിന്‍റെ വിളിക്കു കാതു കൊടുക്കേണ്ട സമയം – മാര്‍പാപ്പ പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം