International

മ്യാന്‍മറും വത്തിക്കാനും പൂര്‍ണ നയതന്ത്രബന്ധത്തിലേയ്ക്ക്

Sathyadeepam

മ്യാന്‍മറും വത്തിക്കാനും തമ്മില്‍ പൂര്‍ണതോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തീരുമാനമായി. മ്യാന്‍മര്‍ മുന്‍ രാഷ്ട്രമേധാവിയും സ്റ്റേറ്റ് കൗണ്‍സിലറുമായ ഓംഗ് സാന്‍ സ്യുകി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു സംഭാഷണങ്ങള്‍ നടത്തി. അതിനൊടുവിലാണ് നയതന്ത്രബന്ധങ്ങളുടെ കാര്യത്തില്‍ തീരുമാനമായത്. ഇനി മ്യാന്‍മറില്‍ വത്തിക്കാന്‍ സ്ഥാനപതി ഉണ്ടായിരിക്കും. മ്യാന്‍മര്‍ വത്തിക്കാനിലേയ്ക്കും സ്ഥിരം നയതന്ത്രപ്രതിനിധിയെ നിയോഗിക്കും.
ഈ നീക്കത്തെ മ്യാന്‍മറിലെ കത്തോലിക്കാസഭ സ്വാഗതം ചെയ്തു. ഓംഗ് സാന്‍ സ്യുകി വത്തിക്കാനിലെത്തി മാര്‍പാപ്പയെ കണ്ടതില്‍ തങ്ങള്‍ക്കു വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നു മ്യാന്‍മറിലെ കത്തോലിക്കാ മെത്രാന്‍ സംഘം അറിയിച്ചു. ഇരു രാജ്യങ്ങളും നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കുന്നത് മ്യാന്‍മറിലെ കത്തോലിക്കാസഭയ്ക്കു ഗുണകരമായി മാറുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവാണ് ഓംഗ് സാന്‍ സ്യുകി. പക്ഷേ റോഹിംഗ്യ മുസ്ലീങ്ങളെ സംരക്ഷിക്കാന്‍ അവരുടെ സര്‍ക്കാരിനു കഴിയുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു. മുസ്ലീങ്ങളാണ് എന്ന കാരണത്താല്‍ റോഹിംഗ്യ ജനതയെ മ്യാന്‍മര്‍ സര്‍ക്കാര്‍ പീഡിപ്പിക്കുന്നു എന്നാണ് ആരോപണം. മാര്‍പാപ്പ ഈ വിഷയത്തില്‍ ഇടപെടുകയും മതവിശ്വാസത്തിന്‍റെ പേരില്‍ ഒരു സമുദായത്തെ ആക്രമിക്കുന്നത് നിറുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം