International

മധ്യപൂര്‍വ ക്രൈസ്തവരുടെ കാര്യത്തില്‍ ലോകത്തിന്‍റേത് കുറ്റകരമായ മൗനം – ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളുടേയും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ അവിടെ നേരിടുന്ന പ്രതിസന്ധികളേയും കുറിച്ചു ലോകം കുറ്റകരമായ മൗനവും ഉദാസീനതയും അവലംബിക്കുകയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഉദാസീനത കൊല്ലുന്നതാണ്. കൊലപാതകങ്ങള്‍ക്കിടയാക്കുന്ന ഈ ഉദാസീനതയ്ക്കെതിരെ നാം ഒന്നിച്ചു ശബ്ദമുയര്‍ത്തണം. ശബ്ദമില്ലാത്തവര്‍ക്കു ശബ്ദമാകേണ്ടവരും അവരുടെ കണ്ണീര്‍ തുടയ്ക്കേണ്ടവരുമാണ് ക്രൈസ്തവര്‍ – മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ ബാരിയില്‍ മധ്യപൂര്‍വദേശത്തെ വിവിധ ക്രൈസ്തസഭകളുടെ മേധാവികള്‍ പങ്കെടുത്ത സംയുക്ത പ്രാര്‍ത്ഥനാപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ദക്ഷിണ ഇറ്റലിയിലെ ബാരി പൗരസ്ത്യകവാടം എന്നറിയപ്പെടുന്ന സ്ഥലമാണ്. കത്തോലിക്കാസഭയ്ക്കും ഓര്‍ത്തഡോക്സ് സഭകള്‍ക്കും ഒരേപോലെ ബന്ധമുള്ള സ്ഥലമെന്ന നിലയിലാണിത്. ഇരുപാരമ്പര്യങ്ങളിലും ഉന്നതമായി ആദരിക്കപ്പെടുന്ന വി. നിക്കോളാസിന്‍റെ തിരുശേഷിപ്പുള്ള സ്ഥലമെന്നതാണ് ബാരിയുടെ പ്രത്യേകത. ഇവിടെ നടന്ന സഭൈക്യ പരിപാടിയില്‍ പൗരസ്ത്യ കത്തോലിക്കാസഭകളുടേയും ഓര്‍ത്തഡോക്സ് സഭകളുടേയും മറ്റു സഭാത്മക സമൂഹങ്ങളുടേതുമായി 19 സഭാദ്ധ്യക്ഷന്മാരാണ് പങ്കെടുത്തത്. കടലുകള്‍ കടന്ന് സഭകള്‍ ക്കിടയില്‍ പാലം പണിയുന്ന വിശുദ്ധനാണ് നിക്കോളാസ് എന്നു മാര്‍പാപ്പ അനുസ്മരിപ്പിച്ചു.

യേശുക്രിസ്തു ജീവിക്കുകയും മരിക്കുകയും ചെയ്ത സ്ഥലമാണ് മധ്യപൂര്‍വദേശമെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്‍റെ വെളിച്ചം ലോകമെങ്ങും പരന്നത് അവിടെ നിന്നാണ്. സമ്പന്നമായ ആശ്രമ, സാംസ്കാരിക പാരമ്പര്യങ്ങളുള്ള നാടാണെങ്കിലും ഇന്ന് ആ പ്രദേശം യുദ്ധത്തിന്‍റെയും അക്രമത്തിന്‍റെയും വിനാശത്തിന്‍റെയും കാര്‍മേഘങ്ങള്‍ കൊണ്ടു മൂടിയിരിക്കുന്നു. തീവ്രവാദത്തിന്‍റെ പല രൂപങ്ങള്‍ ഇവിടെ നടമാടുന്നു. നിര്‍ബന്ധിതമായ കുടിയേറ്റവും അവഗണനയും അരങ്ങേറുന്നു. അനേകരുടെ കുറ്റകരമായ മൗനത്തിനിടയിലാണ് ഇതെല്ലാം സംഭവിക്കുന്നത് – മാര്‍പാപ്പ വിശദീകരിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം