International

കടലില്‍ കുടുങ്ങിയ ആഫ്രിക്കന്‍ കുടിയേറ്റക്കാരെ ഇറ്റാലിയന്‍ സഭ ഏറ്റെടുത്തു

Sathyadeepam

ഇറ്റലിയുടെ ഒരു തുറമുഖത്തില്‍ തീരദേശസേനയുടെ കപ്പലില്‍ 10 ദിവസം കുടുങ്ങിപ്പോയ ആഫ്രിക്കന്‍ കുടിയേറ്റക്കാരില്‍ ഭൂരിപക്ഷത്തേയും ഏറ്റെടുക്കാന്‍ ഇറ്റാലിയന്‍ മെത്രാന്‍ സംഘം മുന്നോട്ടു വന്നു. ബാക്കിയുള്ളവരെ അല്‍ബേനിയ, ഐര്‍ലണ്ട് എന്നീ രാജ്യങ്ങളും ഏറ്റെടുക്കും. എറിട്രിയായില്‍ നിന്നുള്ളവരാണ് ഈ നിയമവിരുദ്ധ കുടിയേറ്റക്കാരിലേറെയും. ആഫ്രിക്കയില്‍ നിന്നു യൂറോപ്പിലേയ്ക്കു കടല്‍മാര്‍ഗം കടക്കാനുള്ള ശ്രമത്തിനിടെ ബോട്ട് തകര്‍ന്ന ഇവരെ ഇറ്റലിയുടെ തീരദേശസേന രക്ഷിക്കുകയായിരുന്നു. രേഖകളില്ലാത്തതും ആരോഗ്യകാരണങ്ങളും മൂലം ഇവരെ കരയിലിറക്കാതെ അനന്തരനടപടികള്‍ക്കു കാത്തിരിക്കുകയായിരുന്നു ഇറ്റാലിയന്‍ സേന.

കുടിയേറ്റക്കാരെ ഇറ്റലിക്കു മാത്രമായി ഏറ്റെടുക്കാനാവില്ലെന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി ഇവരുടെ ഭാരം വഹിക്കാന്‍ തയ്യാറാകണമെന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ നിലപാടെടുത്തതിനാല്‍ ഇവരുടെ കരയിലിറക്കല്‍ വൈകുകയായിരുന്നു. ഐര്‍ലണ്ടില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വിഷയം സംസാരിച്ചിരുന്നു. കുടിയേറ്റക്കാരെ സ്വീകരിക്കുക എന്നത് ബൈബിളിനോളം പഴക്കമുള്ള കാര്യമാണെന്നു മാര്‍പാപ്പ പറഞ്ഞു. പരദേശികളെ സ്വീകരിക്കാന്‍ ബൈബിള്‍ പറയുന്നുണ്ട്. അതു ക്രൈസ്തവ ചൈതന്യമാണ്, ധാര്‍മ്മിക തത്വമാണ് – മാര്‍പാപ്പ വ്യക്തമാക്കി. അഭയാര്‍ത്ഥികളെ അവരുടെ സ്വന്തം രാജ്യത്തേയ്ക്കു ബലമായി മടക്കി അയക്കുന്നത് മനുഷ്യക്കടത്തു പോലുള്ള അനന്തരഫലങ്ങളുണ്ടാക്കുമെന്നും അതു ചെയ്യരുതെന്നും പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് എറിട്രിയന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണമേറ്റെടുക്കാന്‍ ഇറ്റാലിയന്‍ സഭ മുന്നോട്ടു വരികയായിരുന്നു. ഇതോടെ അഭയാര്‍ത്ഥികളെ കപ്പലില്‍ നിന്നിറക്കാന്‍ ഭരണകൂടം അനുമതി നല്‍കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം