ഭാവിയില്‍ തങ്ങള്‍ ആക്രമിക്ക പ്പെടാനുള്ള സാധ്യതയ്ക്കെതിരെ ഇപ്പോള്‍ യുദ്ധം ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഓരോ രാജ്യങ്ങളും തങ്ങളുടേതായ മാനദണ്ഡങ്ങള്‍ വച്ച് അവകാശ പ്പെട്ടാല്‍ ലോകം ഒന്നാകെ ഗുരുതരമായ അപകടത്തിലേക്ക് നീങ്ങുമെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പ്രസ്താവിച്ചു.
മധ്യപൂര്‍വ ദേശത്തെ ജനങ്ങള്‍ യുദ്ധത്തിന്റെ ഭീകരതയിലേക്ക് വീണിരിക്കുന്നതിന് അതീവ ദുഃഖത്തോടെയാണ് കാണുന്നത്. മനുഷ്യരെ കൊല്ലുകയും വിനാശത്തിനു കാരണമാവുകയും രാഷ്ട്രങ്ങളെ ആകെ അനിശ്ചിതത്വത്തിലേക്ക് തള്ളിയിടുകയും ചെയ്യുകയാണ് യുദ്ധം. അന്താരാഷ്ട്ര നിയമമാണ് ഇവിടെ ബലഹീനമാക്കപ്പെടുന്നത്. ശക്തി നീതിയെ പകരം വയ്ക്കുന്നു, നിയമത്തിന്റെ ശക്തി ശക്തിയുടെ നിയമത്തിന് പകരമാകുന്നു - കാര്‍ഡിനല്‍ വിശദീകരിച്ചു.
ഐക്യരാഷ്ട്രസഭ പോലെയുള്ള ബഹുകക്ഷി സംവിധാനങ്ങള്‍ക്കു ള്ളില്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ആകണം സമാധാനവും സുര ക്ഷയും തേടേണ്ടതെന്ന് അമേരിക്ക - ഇസ്രായേലി ആക്രമണങ്ങളെ പരാമര്‍ശിച്ചുകൊണ്ട് വത്തിക്കാന്‍ വ്യക്തമാക്കി. രണ്ടാം ലോകമഹാ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ഭീകരതകള്‍ ഉണ്ടാകാതിരിക്കാനാണ് ഐക്യരാഷ്ട്രസഭ സ്ഥാപിതമായത്.
ഇന്ന് സംഭാഷ ണവും അഭിപ്രായ ഐക്യവും വളര്‍ത്തുന്ന നയതന്ത്രത്തിനു പകരം ശക്തിയുടെ നയതന്ത്രം സ്ഥാനം പിടിച്ചിരിക്കുന്നു. ആയുധങ്ങളിലൂടെ യാണു സമാധാനം എന്ന വിശ്വാസത്തിലാണ് ഇത് വേരൂന്നിയിരിക്കുന്നത്. ശക്തിയുടെ പ്രയോഗം ഏറ്റവും ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമേ ഉണ്ടാകാവൂ. മറ്റെല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടതിനുശേഷം മാത്രം. അന്താരാഷ്ട്ര നിയമങ്ങളുടെ പ്രയോഗം തങ്ങള്‍ക്ക് സൗകര്യ പ്രദമായ രീതിയില്‍ മാത്രം എടുക്കുന്നതും അപകടകരമാണ്.
ലോകത്തില്‍ ഒന്നാം ക്ലാസ് പൗരന്മാരും രണ്ടാം ക്ലാസ് പൗരന്മാരും ഇല്ലാത്തതുപോലെ മരിക്കുന്നവര്‍ക്കിടയിലും ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഇല്ല. ജീവിക്കാന്‍ മറ്റുള്ളവരെക്കാള്‍ അവകാശം കൂടുതലുള്ള ആരുമില്ല. നിരപരാധികളായ പൗര ജനങ്ങ ളുടെ മരണത്തെ യുദ്ധങ്ങളുടെ കേവലമായ അനന്തരഫലം മാത്ര മായി കാണാനും കഴിയില്ല. പൗര സമൂഹത്തെയും ആശുപത്രികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാന്‍ ഏവര്‍ക്കും ബാധ്യതയുണ്ട്. അന്താരാഷ്ട്ര മാനവിക നിയമങ്ങളെ എല്ലാവരും മാനിക്കണം - കാര്‍ഡിനല്‍ വിശദീകരിച്ചു.