International

ചെസ്റ്റര്‍ട്ടണിന്‍റെ നാമകരണനടപടികള്‍ ആരംഭിക്കുന്നില്ലെന്നു രൂപതാദ്ധ്യക്ഷന്‍

Sathyadeepam

എഴുത്തുകാരനും ബുദ്ധിജീവിയും ഉറച്ച കത്തോലിക്കാവിശ്വാസിയുമായിരുന്ന ജി കെ ചെസ്റ്റര്‍ട്ടണിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചെസ്റ്റര്‍ട്ടണിന്‍റെ മാതൃരൂപതയായ നോര്‍ത്താംപ്ടണ്‍ ബിഷപ് പീറ്റര്‍ ഡോയില്‍ പ്രസ്താവിച്ചു. പ്രചോദനാത്മകമായ നിരവധി രചനകള്‍ നടത്തുകയും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപതിറ്റാണ്ടുകളില്‍ ഇംഗ്ലണ്ടില്‍ കത്തോലിക്കാസഭയുടെ പുനരുജ്ജീവനത്തിനു വലിയ സംഭാവനകള്‍ നടത്തുകയും ചെയ്ത ചെസ്റ്റര്‍ട്ടണിന്‍റെ നാമകരണനടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം പലരും ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനു പല തടസ്സങ്ങളും ഉണ്ടെന്ന് നാമകരണനടപടികള്‍ ആരംഭിക്കുവാന്‍ ചുമതലപ്പെട്ട ബിഷപ് ഡോയല്‍ പറയുന്നു.

ചെസ്റ്റര്‍ട്ടണിനോടു പ്രാദേശിക വണക്കം രൂപപ്പെട്ടിട്ടില്ല, വൈയക്തികമായ ആത്മീയജീവിതത്തിനു തെളിവുകളില്ല, യഹൂദവിരോധം പല രചനകളിലും ദൃശ്യമാണ് എന്നിവയാണു ബിഷപ് ഡോയല്‍ പറഞ്ഞ മൂന്നു കാരണങ്ങള്‍.

1874-ല്‍ ജനിച്ച ചെസ്റ്റര്‍ട്ടണ്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ച ശേഷം കത്തോലിക്കാ വിശ്വാസസമര്‍ത്ഥന രംഗത്തു മികവു പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്‍റെ രചനകള്‍ കത്തോലിക്കാവിശ്വാസത്തിനു ഉണര്‍വു പകരുകയും ചെയ്തു. ചെസ്റ്റര്‍ട്ടണ്‍ നാസികള്‍ക്ക് എതിരായിരുന്നുവെങ്കിലും യഹൂദരെ സംബന്ധിച്ച് അക്കാലത്തു നിലവിലുണ്ടായിരുന്ന തെറ്റായ ചില വാര്‍പ്പുമാതൃകകള്‍ക്കു ചേരുന്ന വിധത്തിലുള്ള രചനകള്‍ നടത്തിയിട്ടുണ്ടെന്നു ബിഷപ് ചൂണ്ടിക്കാട്ടി.

എന്നാല്‍, ബിഷപ്പിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ ജി കെ ചെസ്റ്റര്‍ട്ടണ്‍ സൊസൈറ്റി രംഗത്തെത്തി. യഹൂദരെ നല്‍കിയതിനു ലോകം ദൈവത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും യൂറോപ്പിലെ അവസാന യഹൂദനെ വരെ സംരക്ഷിച്ചുകൊണ്ടാകും താന്‍ മരിക്കുകയെന്നും എഴുതിയിട്ടുള്ളയാളാണു ചെസ്റ്റര്‍ട്ടണെന്ന് അവര്‍ പറഞ്ഞു. വംശീയതയേയും വംശീയസിദ്ധാന്തങ്ങളേയും എന്നും എതിര്‍ത്തിട്ടുള്ള ചെസ്റ്റര്‍ട്ടണ്‍ എല്ലാ മനുഷ്യരുടേയും സാഹോദര്യത്തിനു വേണ്ടിയാണ് എന്നും നിലകൊണ്ടിട്ടുള്ളത്. കത്തോലിക്കാസഭയില്‍ അല് മായരെ വിശുദ്ധരായി പ്രഖ്യാപിക്കുക ദുഷ്കരമാണെന്നു തെളിയിക്കുന്നതാണ് ചെസ്റ്റര്‍ട്ടണിന്‍റെ അനുഭവം. വൈദികരുടേയും സന്യസ്തരുടേയും നാമകരണനടപടികള്‍ക്കു പിന്‍ബലമേകാന്‍ അവര്‍ അംഗങ്ങളായ സന്യാസസമൂഹങ്ങളുണ്ടാകും. അല്മായര്‍ക്ക് അതുണ്ടാകുകയില്ല. എന്നാല്‍, കത്തോലിക്കാസഭയ്ക്കു അല്മായരായ വിശുദ്ധരെ ഏറ്റവും ആവശ്യമുള്ള സമയമാണിത്. വൈദികരും സന്യസ്തരും വിശുദ്ധര്‍ തന്നെയാണെങ്കിലും അവരുടെ വിശുദ്ധി സാധാരണക്കാരായ അല്മായര്‍ക്കു പ്രചോദനം പകരുന്നതാകാറില്ല – സൊസൈറ്റി പ്രസിഡന്‍റ് ഡെയില്‍ അഹില്‍ക്വിസ്റ്റ് അഭിപ്രായപ്പെട്ടു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം