

50 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിലൊന്നായിരുന്ന കേരളം, ഇപ്പോള്‍ അതിദാരിദ്ര്യത്തെ ഉന്മൂലനം ചെയ്ത സംസ്ഥാനമായി മാറിയിരിക്കുന്നു. 1970 കളില്‍, കേരളത്തിന്റെ ശരാശരി വരുമാനം ഇന്ത്യന്‍ ശരാശരിയുടെ മൂന്നില്‍ രണ്ടു മാത്രമായിരുന്നു. 1980 കളില്‍ ഈ വ്യത്യാസം തുടര്‍ന്നു. പിന്നീട് വന്ന ദശകങ്ങളിലരങ്ങേറിയ അദ്ഭുതം കേരളത്തെ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റി.
ദരിദ്രമായിരുന്നപ്പോഴും കേരളം വ്യത്യസ്തമായിരുന്നു. വരുമാനമില്ലായിരുന്നെങ്കിലും, ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരി സാക്ഷരതാനിരക്കും, ആരോഗ്യ പരിരക്ഷാ സാഹചര്യങ്ങളും, ആയുര്‍ദൈര്‍ഘ്യവും, പ്രാദേശിക വികസനവും കേരളത്തിനു 1970 കളിലേയും 80 കളിലേയും സാമ്പത്തിക വിദഗ്ധരുടെ ഇടയില്‍ 'മികച്ച സംസ്ഥാന'മെന്ന അംഗീകാരം പകര്‍ന്നു. വിഭവങ്ങള്‍ പരിമിതവും പശ്ചാത്തലം ദരിദ്രവുമെങ്കിലും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മുന്‍ഗണന നല്‍കിയതിന് കേരളത്തിന്റെ വികസന മാതൃകയെ നോബല്‍ സമ്മാന ജേതാവായ അമര്‍ത്യ സെന്‍ തന്റെ കൃതികളില്‍ പ്രശംസിച്ചിട്ടുണ്ട്.
അനവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന്റെ നേട്ടം ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് പതിച്ചെടുക്കാനാവില്ല. കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളത്തിന്റെ ഭരണസാരഥ്യത്തില്‍ ഇരുന്ന എല്ലാ മുഖ്യമന്ത്രിമാരും മന്ത്രിമാരും അണികളും രാഷ്ട്രീയേതര മുന്നേറ്റങ്ങളും ഒന്നുചേര്‍ന്നു തന്നെയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയിലേക്കു നയിച്ചത്. മേല്‍പ്പറഞ്ഞ നേട്ടങ്ങളെല്ലാം ഒരൊറ്റക്കക്ഷിയുടെ ഭരണനേട്ടമാണ് എന്നാരെങ്കിലും വമ്പു പറഞ്ഞാല്‍ ഉടഞ്ഞു പോകുന്നതല്ല മറ്റു മനുഷ്യരുടെ കര്‍മ്മമുദ്രകള്‍ ചാര്‍ത്തിയ ചരിത്രശിലകള്‍.
അതിദാരിദ്ര്യം ഉന്മൂലനം ചെയ്തുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിധനികരെ സേവിക്കാന്‍ തുനിയുകയല്ല, ദരിദ്രരിലേക്ക് തിരിയുകയാണ് ഭരണകൂടം ചെയ്യേണ്ടത്. സകലര്‍ക്കും സമ്പത്തുണ്ടാകുന്ന സമൃദ്ധിയുടെ കേരളം നമുക്ക് സ്വപ്നം കാണാം.
ഇപ്പോള്‍ പ്രഖ്യാപിതമായ ഈ നേട്ടത്തില്‍ ഊറ്റം കൊള്ളുമ്പോള്‍ ഭരണപ്രതിപക്ഷങ്ങള്‍ ഈ പ്രഖ്യാപനത്തിന്റെ സത്യസന്ധതയും സുതാര്യതയും ആത്മപരിശോധനയ്ക്കു വിധേയമാക്കണം. ഉത്തരദേശത്തെ ദരിദ്ര സംസ്ഥാനങ്ങളോടല്ല, പാശ്ചാത്യ വികസിത രാജ്യങ്ങളോടാണ് കേരളത്തിന്റെ മാനവ വികസന സൂചികകള്‍ എന്നും താരതമ്യപ്പെടുത്തി വരാറുള്ളത് എന്നു മറക്കരുത്. ഈ താരതമ്യങ്ങളുടെ ഭൂമികയില്‍ പ്രതിഷ്ഠിക്കുമ്പോള്‍ നമ്മുടെ ഒന്നാം സ്ഥാനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും എത്രത്തോളമുണ്ട് മഹിമയും ഗരിമയും എന്ന ചോദ്യമുയരും.
അതിദാരിദ്ര്യ വിമുക്ത കേരളമെന്ന് പ്രഖ്യാപിച്ച് ഭരണപക്ഷവും, 'പ്രഖ്യാപനം പച്ചക്കള്ളമെന്ന്' പ്രതിപക്ഷവും പറയുന്നിടത്തുവച്ചാണ് കേരളത്തിലെ അതിദരിദ്രരും ദരിദ്രരും ഒന്നിച്ച് പകയ്ക്കുന്നത്. 'രാജപാതകളും കെട്ടിടങ്ങളുമല്ല വികസനം, അതിദാരിദ്ര്യത്തില്‍ നിന്നേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണ്. പട്ടിണി കിടക്കുന്നവര്‍ക്ക് മുന്‍പില്‍ അമ്പരപ്പിക്കുന്ന വികസനങ്ങള്‍ക്ക് ഒരു വിലയുമില്ല' എന്ന് മെഗാസ്റ്റാര്‍ വിളിച്ചു പറഞ്ഞത് കേരള മുഖ്യമന്ത്രിയുടെ അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിന്റെ വേദിയില്‍ വച്ച് തന്നെയാണ്.
അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഓരോ പൗരനെയും പ്രാപ്തനാക്കുക എന്നതാണ് വികസനത്തിന്റെ മര്‍മ്മം. അടിസ്ഥാനാവശ്യങ്ങള്‍ നിവര്‍ത്തിയാക്കാന്‍ യത്‌നിക്കുന്നതിനിടെ ദരിദ്രര്‍ അതിദരിദ്രരാകുകയും ധനികര്‍ അതിധനികരാകുകയും ചെയ്യുന്ന വിപര്യയം ആവര്‍ത്തിക്കപ്പെടരുത്. അപ്പോള്‍, അതിദാരിദ്ര്യമുക്തിക്കുള്ള പ്രവര്‍ത്തനങ്ങളും ആവര്‍ത്തിക്കേണ്ടി വരികയും അതൊരു വിഷമവൃത്തമാകുകയും ചെയ്യും. അതിദാരിദ്ര്യമുക്തിയില്‍ നിന്ന് ദാരിദ്ര്യമുക്തിയിലേക്കു കേരളം യാത്ര ചെയ്യണം.
സര്‍വേ നടത്തി തിരഞ്ഞെടുത്ത 64,000 ത്തോളം കുടുംബങ്ങളെയാണ് ഈ അതിദാരിദ്ര്യ വിമോചന പ്രക്രിയയ്ക്കു വിധേയമാക്കിയത്. അവരിലേക്കു ഭരണകൂട ശ്രദ്ധ തിരിഞ്ഞതും പരിചരണം ലഭിച്ചതും മുക്തി സാധ്യമാക്കിയതും അഭിനന്ദനാര്‍ഹം തന്നെ. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഥവത്തായ തുടര്‍ച്ചകളുണ്ടാകണം. അശ്രദ്ധകളും ഉപേക്ഷകളും തിരുത്തപ്പെടണം.
ആരോഗ്യപരിചരണം, വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങിയ രംഗങ്ങളില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പ മെത്താനുള്ള പ്രയാണം മന്ദവേഗത്തിലാകരുത്. മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാകുന്ന സംസ്ഥാനമെന്ന പേരുള്ളപ്പോഴും യഥാസമയം ചികിത്സ ലഭിക്കാത്ത ജനവിഭാഗങ്ങള്‍ കേരളത്തിലവശേഷിക്കുന്നു. രാസമരുന്നുകളില്‍ മുങ്ങിയ പച്ചക്കറികളും അയല്‍ സംസ്ഥാനങ്ങള്‍ കടന്നെത്തുന്ന അമോണിയ മുക്കിയ മത്സ്യങ്ങളും കേരളത്തിന്റെ കവലകളിലെ കച്ചവട ചന്തകളിലേക്കും മലയാളിയുടെ ഊട്ടുമുറികളിലേക്കും ഉദരങ്ങളിലേക്കും നിര്‍ഭയം കടന്നുകയറി വരുന്നതു ശുഭകരമല്ല.
ജില്ലകളെയും സംസ്ഥാനങ്ങളെയും കൂട്ടിമുട്ടിക്കുന്ന ദേശീയപാതകള്‍ പണിയുകയും പൊളിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ തന്നെ, ഗ്രാമപാതകള്‍ തകര്‍ന്നു കിടക്കുന്നുണ്ട്. അതിസമ്പന്നര്‍ പാര്‍ക്കുന്ന കൊട്ടാരവീഥികള്‍ പ്രകാശസ്തൂപങ്ങളാലും പൂമരങ്ങളാലും അലംകൃതമാകുമ്പോള്‍, ഒരൊറ്റ മഴയില്‍ കുതിര്‍ന്നും കുളമായും കാന കവിഞ്ഞും ഓട നിറഞ്ഞും കൂലിപ്പണിക്കാരന്റെ കാലിലെ മുറിവിലേക്ക് കലക്കവെള്ളം കുതിച്ചൊലിച്ച് ചെല്ലുന്നു. വികസനസമീപനത്തിലെ ഇത്തരം ഇരട്ടത്താപ്പുകള്‍ ഇല്ലാതാക്കണം. 'അതിദാരിദ്ര്യം ഉന്മൂലനം ചെയ്തു'വെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിധനികരെ സേവിക്കാന്‍ തുനിയുകയല്ല ദരിദ്രരിലേക്കു തിരിയുകയാണു ഭരണകൂടം ചെയ്യേണ്ടത്. സകലര്‍ക്കും സമ്പത്തുണ്ടാകുന്ന സമൃദ്ധിയുടെ കേരളം നമുക്കു സ്വപ്നം കാണാം, സ്വപ്നസാക്ഷാല്‍ക്കാരത്തിനായി രംഗത്തിറങ്ങാം.