

മരണത്തെ ഭൂതകാലത്തിന്റെ ഓര്‍മ്മ എന്നതിനേക്കാള്‍ ഭാവിയെ സംബന്ധിച്ച പ്രത്യാശ എന്ന നിലയിലാണ് കത്തോലിക്കര്‍ ധ്യാനിക്കേണ്ടത്. മരണത്തെ സംബന്ധിച്ച ക്രൈസ്തവദര്‍ശനം നിരാശയുടെയോ ഗൃഹാതുരതയുടെയോ അല്ല. മറിച്ച് ക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ വേരൂന്നിയ പ്രതീക്ഷയുടേതാണ്.
നമ്മോട് വിടപറഞ്ഞുപോയവരെ സംബന്ധിച്ച ദുഃഖത്തില്‍ തുടരാതിരിക്കുക. പകരം നമ്മുടെ യാത്രയുടെ ലക്ഷ്യസ്ഥാനത്തേക്ക് നോക്കുക.
ദൈവം നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന സുരക്ഷിത തീരമാണത്. നമ്മെ കാത്തിരിക്കുന്ന അനന്തമായ വിരുന്ന്.
ഭാവിയെ സംബന്ധിച്ച ഈ പ്രത്യാശ പ്രിയപ്പെട്ടവരില്‍ നിന്നുള്ള നമ്മുടെ വേര്‍പാടിന്റെ വേദനയെ ആശ്വസിപ്പിക്കുന്ന ഒരു ഭ്രമകല്പന അല്ല. അത് വെറുമൊരു മാനുഷിക ശുഭാപ്തി വിശ്വാസവും അല്ല. മറിച്ച് ക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ അധിഷ്ഠിതമായിരിക്കുന്ന പ്രത്യാശയാണ്. ക്രിസ്തു മരണത്തെ കീഴടക്കുകയും ജീവന്റെ പൂര്‍ണ്ണതയിലേ ക്കുള്ള പാത നമുക്ക് തുറന്നു തരികയും ചെയ്തു.
സ്‌നേഹമാണ് ഈ യാത്രയുടെ താക്കോല്‍. സ്‌നേഹത്താലാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. തന്റെ പുത്രന്റെ സ്‌നേഹത്തിലൂടെയാണ് അവന്‍ നമ്മെ മരണത്തില്‍ നിന്ന് രക്ഷിച്ചത്. ആ സ്‌നേഹത്തിന്റെ സന്തോഷത്തില്‍ തന്നോടും നമ്മുടെ പ്രിയപ്പെട്ടവരോടും ഒപ്പം നാം നിത്യം ജീവിക്കട്ടെ എന്ന് അവന്‍ ആഗ്രഹിക്കുന്നു.
അനുദിനജീവിതത്തില്‍ സ്‌നേഹം അനുഷ്ഠിച്ചു കൊണ്ട് നിത്യ ജീവിതത്തെ ക്രൈസ്തവര്‍ കാത്തിരിക്കണം. നാം സ്‌നേഹത്തില്‍ വസിക്കുകയും മറ്റുള്ളവരോട്, വിശേഷിച്ചും ബലഹീനരോടും സഹായം അര്‍ഹിക്കുന്നവരോടും കരുണ കാണിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് നമുക്ക് യാത്ര ചെയ്യാനാവും. സ്‌നേഹം മരണത്തെ കീഴ്‌പ്പെടുത്തുന്നു. സ്‌നേഹത്തില്‍ ദൈവം നമ്മെ നാം സ്‌നേഹിക്കുന്നവരോട് ഒരുമിച്ചു ചേര്‍ക്കുന്നു.
സ്‌നേഹത്തില്‍ നാം യാത്ര തുടരുകയും നമ്മുടെ ജീവിതങ്ങള്‍ ദൈവത്തിലേക്ക് ഉയരുന്ന ഒരു പ്രാര്‍ഥനയാകുകയും ചെയ്യുന്നു. അത് നമ്മെ വേര്‍പിരിഞ്ഞവരോട് ഐക്യപ്പെടുത്തുകയും നിത്യജീവന്റെ ആനന്ദത്തില്‍ അവരെ വീണ്ടും കണ്ടുമുട്ടുന്നതിനായി കാത്തിരിക്കുന്ന നമ്മളെ അവരോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു.
(നവംബര്‍ രണ്ടിന്, സകല മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി റോമിലെ വരാനോ സെമിത്തേരിയില്‍ അര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ നിന്ന്)