ഏറ്റവും പഴക്കമുള്ള ബിബ്ലിക്കല്‍ കയ്യെഴുത്തുരേഖകളെന്നു കരുതുന്ന ചാവുകടല്‍ ചുരുളുകളിലെ ഏതാനും ഭാഗങ്ങള്‍ കൂടി വായിച്ചു മനസ്സിലാക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു. പുരാതന യഹൂദസമൂഹം ആഘോഷിച്ചിരുന്ന തിരുനാളുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ വായിച്ചെടുത്ത ചുരുളുകളിലുള്ളത്. 1946-ലാണ് വെസ്റ്റ് ബാങ്കിലെ ഖുംറാന്‍ ഗുഹകളില്‍നിന്ന് ഈ ചുരുളുകള്‍ കണ്ടെത്തിയത്. ഒരു സെന്‍റിമീറ്ററില്‍ താഴെ വലിപ്പമുള്ള കഷണങ്ങളടക്കമുള്ളതായിരുന്നു ഇവ. ഇവയെല്ലാം ശരിയായ വിധത്തില്‍ ക്രമീകരിക്കുന്നതിനും വായിച്ചെടുക്കുന്നതിനുമുള്ള പരിശ്രമങ്ങളിലാണ് അന്നു മുതല്‍ നിരവധി ഗവേഷകര്‍. ഹീബ്രു, ഗ്രീക്, അറമായ ഭാഷകളിലുള്ള ഈ രേഖകള്‍ ബിസി 300 മുതല്‍ എഡി 100 വരെയുള്ള കാലഘട്ടത്തില്‍ എഴുതപ്പെട്ടവയാണെന്നു കരുതുന്നു.