International

കത്തോലിക്കാ മാധ്യമങ്ങള്‍ വൈവിധ്യത്തിലെ ഏകത്വത്തിന്റെ അടയാളങ്ങളായിരിക്കണം : ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

കത്തോലിക്കാ മാധ്യമങ്ങള്‍ വൈവിധ്യത്തിലെ ഏകത്വത്തിന്റെ അടയാളങ്ങളായിരിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. വിവിധ താത്പര്യങ്ങള്‍ക്കായി വാര്‍ത്തകളെ വളച്ചൊടിക്കുന്നിടത്ത്, യഥാര്‍ത്ഥ ആശയവിനിമയത്തെ സംരക്ഷിക്കാന്‍ ഉത്തമ മാധ്യമപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്നു കാത്തലിക് പ്രസ് അസോസിയേഷന്റെ സമ്മേളനത്തിനയച്ച സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഒരു നൂറ്റാണ്ടു മുമ്പ് അമേരിക്കയില്‍ സ്ഥാപിതമായ അസോസിയേഷനില്‍ ഇരുനൂറിലേറെ കത്തോലിക്കാ പ്രസിദ്ധീകരണങ്ങളും അറുന്നൂറിലേറെ മാധ്യമപ്രവര്‍ത്തകരും അംഗങ്ങളാണ്. ഈ വര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്തിയ സമ്മേളനത്തിന്റെ മുഖ്യപ്രമേയം, 'അകന്നിരിക്കുമ്പോഴും ഒന്നിച്ച്' എന്നതായിരുന്നു. പകര്‍ച്ചവ്യാധിയുടെ ഫലമായ സാമൂഹിക അകലത്തിനിടയിലും ഉയരുന്ന ഒരുമയുടെ അവബോധത്തെ ഈ സമ്മേളനം ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നു മാര്‍പാപ്പ സൂചിപ്പിച്ചു. ജനങ്ങളെ ഒരുമിപ്പിക്കുക, അകലങ്ങള്‍ കുറയ്ക്കുക, ആവശ്യമായ വിവരങ്ങള്‍ കൈമാറുക, ഹൃദയങ്ങളെ സത്യത്തിലേയ്ക്കു തുറക്കുക എന്നീ മാധ്യമദൗത്യങ്ങള്‍ ഏറ്റവും പ്രസക്തമായിരിക്കുന്ന സമയമാണിതെന്നും പാപ്പ ചൂണ്ടിക്കാട്ടി.

പാലങ്ങള്‍ നിര്‍മ്മിക്കാനും ജീവന്‍ സംരക്ഷിക്കാനും ദൃശ്യവും അദൃശ്യവുമായ മതിലുകള്‍ തകര്‍ക്കാനും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമിടയില്‍ സത്യസന്ധമായ ആശയവിനിമയം നടത്താനും പ്രാപ്തമായ മാധ്യമങ്ങളെ നമുക്കാവശ്യമുണ്ടെന്നു പാപ്പ പറഞ്ഞു. തിന്മയെ നന്മയില്‍ നിന്നും തിരിച്ചറിയാന്‍ ജനങ്ങളെ സഹായിക്കുക, വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിധിനിര്‍ണയങ്ങള്‍ രൂപപ്പെടുത്തുക, നീതിക്കും സാമൂഹ്യ ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുക, പൊതുഭവനമായ ഭൂമിയെ ആദരിക്കുക എന്നിവയെല്ലാം മാധ്യമങ്ങളുടെ ദൗത്യങ്ങളാകണം. ക്രിസ്തുവിലുള്ള പൂര്‍ണ പക്വതയിലേയ്ക്കു വളരാന്‍ സഭയെ സഹായിക്കുക ക്രൈസ്തവമാധ്യമങ്ങളുടെ ധര്‍മ്മമാണ് – മാര്‍പാപ്പ വിശദീകരിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം