Letters

വിവേകം സമാധാനത്തിലേക്കുള്ള രാജവീഥി

ഫാ. ജോര്‍ജ് വിതയത്തില്‍, അത്താണി

Sathyadeepam

അധികാരത്തിന്റേയും ആധികാരികത്വത്തിന്റേയും അതിപ്രസരഫലമായി സംഭവിച്ച അവിവേകങ്ങളുടെ അനന്തരഫലങ്ങളാണ് തിരുസഭാ ചരിത്രത്തിലെ ചരിത്രഭാഗങ്ങളെ കറപുരണ്ടതാക്കിയത്. ഗുരുമുഖത്തുനിന്നും സ്വീകരിച്ച തിരുസന്ദേശങ്ങള്‍ക്കനുസൃതം അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റേതുമായ നയം സ്വീകരിച്ചതു കൊണ്ടാണ് ശ്ലീഹന്മാരുള്‍പ്പെടെ ആദികാല പിതാക്കന്മാരുടെ കാലത്തു സഭ വേരുപിടിക്കുകയും വളര്‍ന്നു വികസിക്കുകയും ചെയ്തത്. അതുവഴി സംഭവിക്കാമായിരുന്ന വിഭാഗീയതകളും വിഭജനങ്ങളും ഒഴിവാക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ സഭ സാമ്രാജ്യശക്തിക്ക് അനുരൂപമായ കാലം മുതല്‍ സ്വീകരിച്ച ആധിപത്യത്തിന്റേതായ ''അനാത്തമ''നയം സഭയില്‍ ഭിന്നിപ്പുകള്‍ക്കു കാരണമായി. പില്‍ക്കാലത്തു സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗങ്ങളില്‍ ഉണ്ടായ പുരോഗമനത്തിനൊപ്പം മാറ്റത്തിനു നിര്‍ബന്ധിക്കപ്പെട്ടു. അതനുസരിച്ചു സഭയെ നവീകരിക്കുവാന്‍ ഒന്നാം വത്തിക്കാന്‍ സൂനഹദോസ് കൂടുകയും കാലത്തിനൊത്ത വിധം ''അനാത്തമ'' നയത്തിന്റെ സ്ഥാനത്തു അനുരജ്ഞനം സ്വീകരിക്കുകയും ചെയ്തു. ഈ നയ വ്യതിയാനമാണു സീറോ മലബാര്‍ സഭയില്‍ നിലനിന്നിരുന്ന സ്വയംഭരണ-സ്വജാതി മെത്രാന്‍ സമരത്തിന്റേതായ അസ്വസ്ഥതകള്‍ക്കു സമാധാനത്തിലേക്കുള്ള പാത തെളിഞ്ഞത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും തെറ്റിദ്ധാരണകളും കൊണ്ട് കലുഷിതമായ സഭാന്തരീക്ഷത്തിലേക്ക് അധികാരികളുടെ കണ്ണു തുറപ്പിച്ച് സത്യാവസ്ഥ തിരിച്ചറിയുന്നതിനു കമ്മീഷനുകളെ അയയ്ക്കുകയും അവരുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തതുവഴി ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ അവസാനിച്ചു. പുറത്താക്കപ്പെട്ട ബഹു. ളൂയിസച്ചന്‍ മെത്രാനായി നിയമിക്കപ്പെട്ടു. പതിനഞ്ചോളം വര്‍ഷത്തെ പ്രതിഷേധ പ്രകടനഫലമായി സീറോ മലബാര്‍ സഭയില്‍ ''വേറിട്ടൊരു'' രൂപത അനുവദിക്കപ്പെട്ടു. ചങ്ങനാശ്ശേരിയില്‍ നിന്നു മാക്കില്‍ മത്തായി മെത്രാനെ കോട്ടയത്തേക്കു മാറ്റി നിയമിച്ചു. ഈ ചരിത്രാവബോധമാകാം ജനാഭിമുഖകുര്‍ബാന സംബന്ധിച്ച ഔദ്യോഗിക കല്പനകളില്‍ പ്രത്യേകം ''അജപാലനപരവും പിതൃസഹജവുമായ വിവേകത്തോടെ നടപ്പിലാക്കുക'' എന്നു രേഖപ്പെടുത്തുന്നത്. അപ്രകാരം പ്രശ്‌നങ്ങള്‍ മേല്‍ വിവരിച്ച ചരിത്ര സംഭവങ്ങളുടെ വെളിച്ചത്തില്‍ വിവേകത്തോടെ പരിഗണിക്കപ്പെട്ടു സമാധാനത്തോടെ പരിഹരിക്കപ്പെടട്ടെ.

ഫാ. ജോര്‍ജ് വിതയത്തില്‍, അത്താണി

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും