വിശുദ്ധ ചാള്‍സ് ബൊറോമിയോ (1538-1584) : നവംബര്‍ 4

വിശുദ്ധ ചാള്‍സ് ബൊറോമിയോ (1538-1584) : നവംബര്‍ 4

ഇറ്റലിയിലെ മിലാനില്‍ ലാഗോ മയോരെയ്ക്കു സമീപമുള്ള റോക്ക ഡി അറോണയിലാണ് ചാള്‍സ് ബൊറോമിയോ 1538 ഒക്‌ടോബര്‍ 2 ന് ജനിച്ചത്. അച്ഛന്‍ പ്രഭുവായ ഗിബെര്‍ട്ടോ ബൊറോമിയോ. അമ്മ മര്‍ഗ്ഗരീത്താ. പോപ്പ് പയസ് നാലാമന്റെ സഹോദരിയായിരുന്നു മര്‍ഗ്ഗരീത്താ.

ഇരുപത്തൊന്നാമത്തെ വയസ്സില്‍ സിവില്‍ നിയമങ്ങളും കാനോന്‍ നിയമങ്ങളും പഠിച്ച് ചാള്‍സ് ഡോക്ടറേറ്റെടുത്തു. അമ്മാവനായ പോപ്പ് ചാള്‍സിനെ റോമിലേക്കു വിളിച്ചുവരുത്തി 1560-ല്‍, പേപ്പല്‍ സംസ്ഥാനങ്ങളുടെ അഡ്മിനിസ്‌ട്രേറ്ററും പാപ്പായുടെ പ്രതിനിധിയുമായി നിയമിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വെറും ഡീക്കന്‍ മാത്രമായിരുന്ന ചാള്‍സ് മിലാന്‍ അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായി. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ട്രെന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിനെ പുനര്‍ജീവിപ്പിക്കുവാനുള്ള ഉത്തരവാദിത്വവും ചാള്‍സിനെയാണ് പോപ്പ് ഏല്‍പ്പിച്ചത്. പുതിയ കൗണ്‍സിലിന്റെ ആത്മാവ് ചാള്‍സായിരുന്നു. സഭയുടെ വിശ്വാസസത്യങ്ങള്‍ക്കും സഭാപരിഷ്‌ക്കരണത്തിനും വേണ്ട വിശദീകരണങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്വവും ചാള്‍സിനായിരുന്നു.
ഈ സമയത്ത് ചാള്‍സ് പൗരോഹിത്യം സ്വീകരിച്ചു. അധികം വൈകാതെ മിലാന്റെ ആര്‍ച്ചുബിഷപ്പായി. പക്ഷേ, ആ ജോലി പെട്ടെന്ന് ഏറ്റെടുക്കാന്‍ സാധിച്ചില്ല. റോമില്‍ തങ്ങിക്കൊണ്ട് അന്നത്തെ വിശ്വാസ പരിശീലന പരിപാടിയും ആരാധനക്രമവുമൊക്കെ പരിഷ്‌ക്കരിക്കേണ്ട ഉത്തരവാദിത്വവും ചാള്‍സിന്റെ ചുമലിലായി. അതിന്റെ കൂടെ ചര്‍ച്ച് മ്യൂസിക്കും കാലികമായി പരിഷ്‌കരിക്കേണ്ടതുണ്ടായിരുന്നു. കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച് റോമന്‍ കൂരിയായേയും തിരുത്തേണ്ടതുണ്ടായിരുന്നു.
മിലാനില്‍ അനാര്‍ഭാടതയുടെയും മിതവ്യയത്തിന്റെയും വക്താവായി മാറി, ബിഷപ്പ് ചാള്‍സ്. തന്റെ വിലപിടിപ്പുള്ള ഉപകരണങ്ങളും മറ്റു സാധനങ്ങളും വിറ്റും ഭക്ഷണം ദിവസം ഒരു നേരമാക്കി ചുരുക്കി. വെറും ബ്രഡ്ഡും വെള്ളവും മാത്രം. ഉറക്കം നാലു മണിക്കൂര്‍. "പടുവൃദ്ധനായ ഒരു ബിഷപ്പായിരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഒരു നല്ല ബിഷപ്പായിരിക്കുന്നതാണ്," അദ്ദേഹം ഒരിക്കല്‍ പറഞ്ഞു.
നവോത്ഥാനത്തിന്റെ കാലഘട്ടത്തില്‍ ചാള്‍സിന് വളരെയേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. പിന്നീടുള്ള പത്തൊമ്പതു വര്‍ഷം തിരക്കേറിയ ഒരു യുഗമായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ അത്രയേറെയായിരുന്നു. മൂവായിരത്തോളം വൈദികരെ കാലത്തിന്റെ വെല്ലുവിളികളെപ്പറ്റി ബോധവാന്മാരാക്കി വാര്‍ത്തെടുക്കുക – ആറ് ഒന്നാംകിട സെമിനാരികളാണ് അതിനുവേണ്ടി അദ്ദേഹം സജ്ജമാക്കിയത് കൂടാതെ, മിലാനിലെ സ്വിസ് കോളേജും.
കൂദാശകള്‍ സ്വീകരിക്കാനുള്ള കുട്ടികളെ ഒരുക്കാനായി അത്മായ അധ്യാപകര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ടായിരുന്നു. കുഗ്രാമങ്ങളില്‍ പുതിയ ഇടവകകളും ആശ്രമങ്ങളും സ്ഥാപിക്കുവാന്‍ ചാള്‍സ് മുന്‍കൈയെടുത്തു. തെറ്റായ പഠനങ്ങളിലും ദുര്‍മന്ത്രവാദങ്ങളിലും കുടുങ്ങിപ്പോയ അനേകം ആത്മാക്കളെ രക്ഷപെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മണിക്കൂറുകള്‍ വചനപ്രഘോഷണത്തിനായും വി. കുര്‍ബാന നല്‍കുന്ന തിനായും അദ്ദേഹം ചെലവഴിച്ചു. ചാള്‍സിന്റെ ഊര്‍ജ്ജസ്വലത സഭയ്ക്കു മൊത്തം ഒരു പോസിറ്റീവ് എനര്‍ജിയായി. വൈദികരും അല്‍മായരും പ്രവര്‍ത്തനനിരതരായി. വഴിയരികില്‍ ഇരുന്ന് ഒരു വൃദ്ധനെയോ ഏതാനും കുട്ടികളെയോ ഉത്‌ബോധിപ്പിക്കുന്നതിനു പോലും ചാള്‍സിന് ഒരു മടിയു മില്ലായിരുന്നു.
രണ്ടുവര്‍ഷം മിലാന്‍ പ്ലേഗിന്റെ പിടിയില്‍ അമര്‍ന്നുപോയി. ആ സമയത്ത് മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് അദ്ദേഹം പ്രവര്‍ത്തനനിരതനായി. ആശുപത്രികളിലും വീടുകളിലും പോയി രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ഒരു കടുത്ത ദാരിദ്ര്യത്തിന്റെ അവസരത്തില്‍ ദിവസവും മൂവായിരത്തോളം ദരിദ്രരെ അദ്ദേഹത്തിനു സംരക്ഷിക്കേണ്ടി വന്നു. തന്റെ കൈവശമുള്ളതും മറ്റുള്ളവരുടെ സംഭാവനകളും അവസാനിച്ചപ്പോള്‍ പണം കടം വാങ്ങേണ്ടിയും വന്നു.
1584 നവംബര്‍ 3-ന് 46-ാമത്തെ വയസില്‍ ചാള്‍സ് ബൊറോമിയോ മിലാനില്‍ മരണമടഞ്ഞു. 1610 നവംബര്‍ 1-ന് പോപ്പ് പോള്‍ അഞ്ചാമന്‍ ചാള്‍സിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വേദപാഠാദ്ധ്യാപകരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. ചാള്‍സ് ബൊറോമിയോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org