Letters

മദ്യനിരോധനം: ചിന്തകള്‍ യുക്തിസഹമാകണം

Sathyadeepam

ജെയിംസ് ഐസക്, കുടമാളൂര്‍

മദ്യവര്‍ജ്ജനത്തെക്കുറിച്ചു ഫാ. അടപ്പൂരിന്‍റെ ശ്രദ്ധേയമായ ലേഖനത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും രണ്ടു കത്തുകള്‍ വാരികയില്‍ വായിച്ചു. വിഷയം ചര്‍ച്ചയ്ക്കു പാത്രമായതു പ്രസക്തംതന്നെ.

അടപ്പൂരച്ചനും തന്‍റെ വാദം ഉന്നയിക്കാന്‍ സുവിശേഷംതന്നെയാണ് ആധാരമാക്കിയത്. പാലസ്തീനായിലെ നാട്ടുവഴക്കമനുസരിച്ചു വിവാഹവിരുന്നിനു വരുന്നവര്‍ക്കു വീഞ്ഞു വിളമ്പണം. വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച വീഞ്ഞു വിരുന്നിനു വരുന്നവര്‍ ആസ്വദിച്ചുകൊണ്ടിരിക്കും. മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്നും സ്വര്‍ഗപ്രവേശത്തിനു തടസ്സമുണ്ടാക്കുമെന്നും മറ്റുമുള്ള ധാര്‍മികോപദേശം ക്രിസ്തു നല്കിയില്ല.

മദ്യപാനം ഒറ്റയടിക്കു നിരോധിച്ചു രാജ്യത്തെ രക്ഷപ്പെടുത്തേണ്ട സാഹചര്യം ഇന്നുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തു ഭയാനകമായിരിക്കും. പുകവലി ഗണ്യമായി കുറച്ചതുപോലെ കാലാന്തരത്തില്‍ ഈ ദുശ്ശീലം കുറച്ചുകൊണ്ടുവരികയാണു നല്ലത്. നമ്മുടെ കുടുംബങ്ങളിലും ദേവാലയങ്ങളിലും അതിനുള്ള പ്രബോധനം തുടരണം. പിതാക്കന്മാര്‍ ജാഗകരൂകരായിരിക്കണം. അടപ്പൂരച്ചന്‍ പറഞ്ഞത് ഇതു മാത്രമല്ലേ? എന്തിന് അദ്ദേഹത്തെ കുറ്റം പറയുന്നു?

മദ്യപാനം ശീലമാക്കുന്നതും സുബോധം നശിപ്പിച്ചു മറ്റു പാപങ്ങളില്‍ വീഴുന്നതുമാണു കുറ്റകരമാകുന്നത്. സ്ഥിരമായി മദ്യപാനം നടത്തുന്നവരെയാണു മദ്യപന്‍ എന്നു വിളിക്കാറുള്ളത്. വി. ഗ്രന്ഥം ഉദ്ധരിക്കുമ്പോള്‍ സന്ദര്‍ഭവും ഉള്ളടക്കവും യാഥാര്‍ത്ഥ്യബോധത്തോടെ പരിഗണിക്കണമെന്ന് ഓര്‍ക്കേണ്ടതാണ്.
കേരളത്തിലെ കത്തോലിക്കര്‍ ഇതര സമുദായങ്ങള്‍ക്കു ദുര്‍മാതൃക നല്കുന്നവിധം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. നമ്മുടെ തിരുനാള്‍ ആഘോഷങ്ങള്‍, മാമ്മോദീസ, ആദ്യ കുര്‍ബാന തുടങ്ങിയ സാമൂഹ്യചടങ്ങുകള്‍ ഇവയെല്ലാം മദ്യരഹിതമാക്കുവാന്‍ നമ്മള്‍തന്നെ മുന്‍കയ്യെടുക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍നിന്നു വലിയ പ്രോത്സാഹനമൊന്നും ലഭിക്കുകയില്ല. നിയമം നടപ്പാക്കുന്നതിനു സര്‍ക്കാരിനെ സമീപിക്കാന്‍ കഴിഞ്ഞേക്കും. പ്രസക്തമായ ഒരു വിഷയം ചര്‍ച്ചയ്ക്ക് അവതരിപ്പിച്ചതില്‍ സത്യദീപം അഭിനന്ദനം അര്‍ഹിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം