ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല
ക്രൈസ്തവസഭകള്‍ക്ക് ലോകമെമ്പാടും സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കിയത് കാലത്തിന്റെ ആവശ്യതകള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചതു കൊണ്ടുതന്നെയാണ്. വിശക്കുന്നവര്‍ക്ക് ഭക്ഷണവും പാര്‍ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് പാര്‍പ്പിടവും രോഗികള്‍ക്ക് ചികിത്സയും അക്ഷരവെളിച്ചമില്ലാത്തിടത്ത് അത് നല്കിയും കാരുണ്യത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ്.
ഇന്ന് സ്ഥിതി ആകെ മാറി. ആശുപത്രി കളും വിദ്യാലായങ്ങളുമെല്ലാം കച്ചവട മൂല്യമുള്ള മേഖലയാണെന്ന് തിരിച്ചറിഞ്ഞവര്‍ ഈ രംഗം കൈയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. മറ്റൊരു കച്ചവട താല്പര്യം മുന്നില്‍ കണ്ട് ഇനിയും ഈ രംഗത്ത് മത്സരിക്കേണ്ടതുണ്ടോയെന്ന കാര്യം സഭ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.
സഭ ഇനിയും കൂടുതലായി കടന്നുവരേണ്ടത് വൃദ്ധരെ സംരക്ഷിക്കേണ്ട കാര്യത്തിലാണ്. വിദൂരദേശങ്ങളിലുള്ള ഇത്തരം കേന്ദ്രങ്ങളിലേക്ക് ഒരുപിടി രോഗങ്ങളുമായി കടന്നുചെല്ലുമ്പോള്‍, ഒരിക്കലും കണ്ടിട്ടില്ലാത്തവരുടെ കൂടെ കഴിയേണ്ടി വരുന്നത് എത്ര ദുഃസ്സഹമായ അവസ്ഥയായിരിക്കും? നമ്മുടെ ഒട്ടുമിക്ക ഇടവക കളുടെയും കൈവശം ആവശ്യത്തിലേറെ ഭൂമി ഒഴിഞ്ഞു കിടക്കുന്നുണ്ട്.
അവിടെ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ കളിച്ചു വളര്‍ന്നവരോടൊപ്പം കഴിയുന്നത് വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാന്‍ സാധിക്കും. ഇത്തരം കേന്ദ്രങ്ങളെ വൃദ്ധമന്ദിരങ്ങള്‍ എന്നല്ല സായാഹ്ന സൗഹൃദാലയങ്ങള്‍ എന്നാണ് വിളിക്കേണ്ടത്. അങ്ങനെ വാര്‍ദ്ധക്യ ത്തെ ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റാം. ഒരു കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണം. പണം ഇല്ലാത്തതുകൊണ്ടുമാത്രം ഒരാള്‍ക്കും അവിടെ പ്രവേശനം നിഷേധിക്കരുത്.