ഉരുകും കാലവും അതിജീവനവും ഭൂതകാലത്തിലേക്ക് നീങ്ങുന്ന ഭാവി കാലമോ?

ഉരുകും കാലവും അതിജീവനവും ഭൂതകാലത്തിലേക്ക് നീങ്ങുന്ന ഭാവി കാലമോ?
Published on

സമീപകാലങ്ങളിലെ കാലാവസ്ഥ വ്യതിയാനങ്ങളും അതിന്റെ രൂക്ഷ ഭാവങ്ങളും മനുഷ്യന് അതിജീവനത്തിന്റെ ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. പ്രകൃതിയുടെ സ്വഭാവം എന്ന് വിശേഷിപ്പി ക്കാവുന്ന കാലാവസ്ഥയ്ക്ക് ഏതാനും ദശകങ്ങൾ മുമ്പുവരെ ഏറെക്കുറെ നിയതമായ അല്ലെങ്കിൽ സ്ഥിരതയുള്ള ഒരു പ്രകൃതം ഉണ്ടായിരുന്നു. പ്രകൃതിക്ക് അതിന്റേതായ നിയമങ്ങൾ അതായത് പ്രകൃതി നിയമങ്ങൾ ഉണ്ടെന്ന് മനുഷ്യൻ മനസ്സിലാക്കിയിട്ടുണ്ട്. ഈ നിയമങ്ങൾക്ക് വിധേയമായി ഭൂമിയിലെ ജീവജാലങ്ങൾ നിലകൊള്ളുമ്പോൾ പ്രകൃതി അതിന്റെ സന്തുലിതമായ അവസ്ഥ നിലനിർത്തുന്നു. പ്രകൃതി നിയമങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോൾ അല്ലെങ്കിൽ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ പ്രകൃതിദുരന്തങ്ങൾ കടന്നുവരുന്നു.

ഇന്ന് ലോകം പരിസ്ഥിതിയുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രതിസന്ധി ക്രമാതീതമായി വർധിച്ചു വരുന്ന ആഗോളതാപനം ആണെന്ന് എല്ലാവർക്കും അറിയാം. അതിന്റെ ദുരന്ത ഫലങ്ങളാണ് ആഗോള കാലാവസ്ഥ വ്യതിയാനവും അതിനോടനുബന്ധിച്ച് വരുന്ന പ്രകൃതി ദുരന്തങ്ങളും.

  • പ്രകൃതി നിയമങ്ങളും ശാസ്ത്രവും

തെർമോഡൈനാമിക്സ് ശാസ്ത്രശാഖയിലെ ആദ്യ നിയമം തന്നെ പ്രകൃതി പറഞ്ഞുതരുന്ന നിയമങ്ങളിൽ ഒന്നാണ്. അതായത് ‘പദാർഥത്തെയോ ഊർജത്തെയോ നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ല’ എന്നതാണ്. അന്തരീക്ഷത്തിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപവും അത് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന താപവും ബാലൻസ് ചെയ്യുന്നു എന്നതാണ് വാനശാസ്ത്രത്തിൽ പ്രകൃതി പറഞ്ഞുതരുന്ന മറ്റൊരു നിയമം. ഭൂമി സ്വീകരിക്കുന്ന താപത്തിന്റെ അളവിലും പുറം തള്ളുന്ന താപത്തിന്റെ അളവിലും പല ഘടകങ്ങളും ഉണ്ട്. ഈ രണ്ടു വിഭാഗം ഘടകങ്ങളും ഒരു സമവരയുടെ ഇരുവശത്തും സ്ഥാനം പിടിച്ചിരിക്കുന്നു. അങ്ങനെയാണ് പ്രകൃതി അതിന്റെ താപനില സന്തുലിതാവസ്ഥയിൽ (Heat budget of Earth) ക്രമീകരിച്ചിരിക്കുന്നത്.

താപനിലയിലുള്ള സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ദീർഘകാലയളവിൽ ഉണ്ടാകാവുന്ന പ്രത്യാഘാതം ഊഹിക്കാവുന്നതേയുള്ളൂ. ഒന്നുകിൽ ഭൂമിയിൽ ക്രമേണ താപനില ഉയർന്ന് ഭൂമി ഒരു തീഗോളമാകും. മറിച്ചാണെങ്കിൽ ഭൂമി തണുത്ത് മരവിച്ച് പോകും

ഈ താപനിലയിലുള്ള സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ദീർഘകാലയളവിൽ ഉണ്ടാകാവുന്ന പ്രത്യാഘാതം ഊഹിക്കാവുന്നതേയുള്ളൂ. ഒന്നുകിൽ ഭൂമിയിൽ ക്രമേണ താപനില ഉയർന്ന് ഭൂമി ഒരു തീഗോളമാകും.

മറിച്ചാണെങ്കിൽ ഭൂമി തണുത്ത് മരവിച്ച് പോകും. സൂര്യനിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന കിരണങ്ങളിൽ ഏറ്റവും മാരകമായത് അൾട്രാവയലറ്റ് കിരണങ്ങളാണ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 20 മുതൽ 30 കിലോമീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഓസോൺ പാളികളാണ് ഭൂമിയെ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്.

കാലാവസ്ഥ ശാസ്ത്രജ്ഞൻമാർ ദീർഘകാല അടിസ്ഥാനത്തിലും ഹ്രസ്വകാല അടിസ്ഥാനത്തിലും കാലാവസ്ഥ പ്രവചിക്കാറുണ്ട്. എന്നാൽ ഇവരുടെ പ്രവചനങ്ങൾ പാളിപ്പോകുന്ന അനുഭവങ്ങൾ നിരവധിയാണ്.1990 കളിൽ സമുദ്രനിരപ്പ് 25 വർഷം കൊണ്ട് ക്രമാതീതമായി ഉയരുമെന്നും അതിദാരുണമായ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്നും പലരും പ്രവചിച്ചിരുന്നു. എന്നാൽ മനുഷ്യനിൽ ഭയാശങ്കകൾ ഉയർത്തിയ ഈ പ്രവചനങ്ങൾ ഫലിച്ചില്ല. കാരണം പ്രകൃതിയുടെ നിയമങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന നിഗൂഢ രഹസ്യങ്ങൾ ഇനിയും ശാസ്ത്രലോകത്തിന് പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പ്രകൃതി ഭൂമിയുടെ അമ്മയാണ്. പ്രകൃതിയെ ദ്രോഹിക്കുമ്പോൾ ഈ അമ്മ ഭൂമിയിലെ ജീവജാലങ്ങളായ മക്കളുടെ രക്ഷയ്ക്ക് ഓടിയെത്തും. പ്രകൃതി തന്നെ സ്ഥിതിഗതികൾ ക്രമീകരിച്ച് ഭൂമിയെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ശാസ്ത്രം മനുഷ്യന് പിടി കിട്ടുവാൻ പ്രയാസമാണ്. എന്നാൽ അതിരുവിട്ടുപോകുന്ന പ്രകൃതി ചൂഷണം മൂലം കാര്യങ്ങളെല്ലാം കൈവിട്ടു പോകുമോ എന്നതാണ് ചിന്തിക്കേണ്ടത്.

ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിൽ ആണ് മുൻപ് സൂചിപ്പിച്ച ‘പദാർത്ഥങ്ങൾ’ പൊതുവിൽ ഭൂമിയിൽ നിറഞ്ഞുനിൽക്കുന്നത്. ഓക്സിജൻ, നൈട്രജൻ, അലൂമിനിയം എന്നിങ്ങനെ 115 ലധികം മൂലകങ്ങളും അവയുടെ സംയുക്തങ്ങളും ഈ പദാർത്ഥത്തിൽ അടങ്ങിയിട്ടുണ്ട്. സൃഷ്ടികർത്താവ് ഈ മൂലകങ്ങളുടെ അളവ് (Concentration) സൃഷ്ടികർമ്മത്തിൽ തന്നെ പ്രകൃതിയിൽ നിജപ്പെടുത്തിയിട്ടുള്ളതാണ്. മാനുഷിക പ്രവർത്തനങ്ങൾ മൂലം ഈ മൂലകങ്ങളുടെയും അവയുടെ സംയുക്തങ്ങളുടെയും സാന്ദ്രതയ്ക്ക് ക്രമാതീതമായ മാറ്റങ്ങൾ വന്നാൽ പ്രകൃതി വിലപിക്കും, പ്രകൃതി ചൂടാകും, ദുരന്തങ്ങൾ ഉണ്ടാകും.

  • ഹരിത ഗൃഹ വാതകങ്ങളും എൽനിനോയും

ഭൂമിയുടെ അന്തരീക്ഷത്തിൽ ആഗോളതാപന ഉയർച്ചയ്ക്ക് കാരണമാകുന്ന വാതകങ്ങളാണ് ഹരിത ഗൃഹ വാതകങ്ങൾ (Green House gases). ഇവയിൽ കാർബൺ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ, ജലബാഷ്പം (Water vapour), ഓസോൺ എന്നിവ പ്രധാനപ്പെട്ടവയാണ്. ഫോസിൽ ഇന്ധനങ്ങൾ (കൽക്കരി, പെട്രോളിയം) കൃഷി - കന്നുകാലി മാലിന്യങ്ങൾ, വ്യവസായിക മാലിന്യങ്ങൾ, റഫ്രിജറേറ്റർ വ്യോമയാന മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം ഹരിതഗൃഹ വാതകങ്ങളുടെ ഉറവിടങ്ങളാണ്. വ്യോമയാന ഗതാഗതം വഴി ഉയർന്നതോതിൽ പുറന്തള്ളുന്ന ക്ലോറോ ഫ്ലൂറോ കാർബണുകൾ (CFCs) ഓസോൺ പാളികൾക്ക് ഭീഷണിയാണ്.

ആഗോളതാപന വർധനവും അതിനോട് ബന്ധപ്പെട്ടു വരുന്ന കാലാവസ്ഥ വ്യതിയാനവും എൽനിനോ പ്രതിഭാസത്തെ കൂടുതൽ അപകടകാരി ആക്കുന്നു. കൃഷി, വ്യവസായം, വാണിജ്യം, ആരോഗ്യം, സമ്പദ്ഘടന തുടങ്ങിയ മേഖലകളെ ബാധിക്കുന്ന ആഗോള പ്രതിസന്ധി ഭയാശങ്കകളോടെയാണ് പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു പ്രധാന പ്രതിഭാസമാണ് ‘എൽ നിനോ’യും അതിന്റെ വിപരീത പ്രതിഭാസമായ ‘ലാ നിനോയും’. വാണിജ്യ കാറ്റുകളാണ് (Trade winds) സമുദ്രജല പ്രവാഹങ്ങൾക്ക് (Major Ocean Currents) ഹേതുവാകുന്നതും അതിന്റെ ദിശകൾ നിയന്ത്രിക്കുന്നതും. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖ പ്രദേശത്ത് പടിഞ്ഞാറ് നിന്നും കിഴക്കോട്ട് ഒഴുകുന്ന ഉഷ്ണജല പ്രവാഹം ചില വർഷങ്ങളിൽ തെക്കേ അമേരിക്കയുടെ തീരപ്രദേശങ്ങൾ (പെറു) ഭാഗത്തേക്ക് വരുമ്പോൾ അതിന്റെ ദിശ കെൽവിൻ തരംഗങ്ങളുടെ (Kelvin Waves) സ്വാധീനത്താൽ വടക്കു നിന്നും തെക്കോട്ട് തിരിയുകയും തുടർന്ന് ഈ പ്രദേശങ്ങളിലെ ഉപരിതല ജലത്തിന്റെ താപം വളരെ ഉയർന്നു വരികയും ചെയ്യുന്ന പ്രതിഭാസമാണ് എൽനിനോ സതേൺ ഓസിലേഷൻസ് (ENSO) അഥവാ എൽ നിനോ (Elnino). സ്പാനിഷ് ഭാഷയിൽ ഈ വാക്കിന്റെ അർത്ഥം ആൺ പൈതൽ (ഉണ്ണിയേശു) എന്നാണ്. ക്രിസ്മസ് കാലഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ പ്രതിഭാസത്തിന് മത്സ്യത്തൊഴിലാളികളാണ് ഈ പേർ നൽകിയത്. ഇതിന്റെ വിപരീത പ്രതിഭാസമാണ് ലാനിന (Lanina). ഇതിനെ സ്പാനിഷ് ഭാഷയിൽ വിളിക്കുന്നത് പെൺകുഞ്ഞ് എന്നാണ്.

എൽനിനോ പ്രതിഭാസം 1600-കളിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും നീണ്ട കാലയളവിനുശേഷം 1970-ൽ ഹാവായ് സർവകലാശാല യിലെ സമുദ്ര ശാസ്ത്രജ്ഞനായ ക്ലോസ് വിർട്കിയാണ് ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നത്. എൽനിനോ കാലയളവിൽ മധ്യകിഴക്കൻ പസഫിക്ക് സമുദ്രത്തിലെ ഉപരിതല താപനില ഉയരുമ്പോൾ വായു മർദ്ദത്തിൽ വ്യതിയാനങ്ങൾ ഉണ്ടാവുകയും തൽഫലമായി കാറ്റുകളുടെ ദിശകളിലും തീവ്രതകളിലും സവിശേഷതകളിലും മാറ്റം വരികയും ചെയ്യുന്നു. ഇതുമൂലം ഇന്ത്യ, ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും വരൾച്ചകൾക്കും(Droughts) കൃഷിനാശത്തിനും കാരണമാകുന്നു. അതേസമയം തെക്കേ അമേരിക്കൻ രാജ്യങ്ങളിലും ചൈനയുടെ പലഭാഗങ്ങളിലും കനത്ത മഴയും വിനാശകരമാകുന്ന വെള്ളപ്പൊക്കവും ഉണ്ടാകുന്നു. ആമസോൺ വനങ്ങളിലും ഇന്ത്യോനേഷ്യൻ വനങ്ങളിലും വ്യാപകമായ കാട്ടുതീയും ഉണ്ടാകാറുണ്ട്. ഈ പ്രതിഭാസം കടലിലെയും കരയിലെയും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും അവയ്ക്ക് വംശനാശം നേരിടുകയും ചെയ്യുന്നു. പെറുവിന്റെ പ്രധാന സാമ്പത്തിക ഘടകമായ മത്സ്യ സമ്പത്തും അതുമായി ബന്ധപ്പെട്ടിരിക്കുന്ന പക്ഷി വ്യവസായ മേഖലകളും 1972 - 73 ലെ എൽ നിനോ പ്രതിഭാസത്തിൽ തകർന്നടിഞ്ഞ് പോയിരുന്നു. എൽനിനോ കാലയളവുകളിൽ കേരളത്തിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലാവസ്ഥയെ (കാലവർഷം) പ്രതികൂലമായി ബാധിക്കുന്നതും മഴയുടെ അളവ് ഗണ്യമായി കുറയുന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

  • സൂപ്പർ എൽ നിനോ

പസഫിക് സമുദ്രത്തിൽ ഏകദേശം 10 വർഷത്തിലൊരിക്കൽ അതിശക്തമായി രൂപംകൊള്ളുന്ന എൽനിനോ പ്രതിഭാസത്തെ സൂപ്പർ എൽനിനോ എന്നാണ് വിശേഷിപ്പിക്കാറ്. ഉപരിതല സമുദ്ര ജലത്തിന്റെ താപനില ശരാശരിയിൽ നിന്നും 2 ഡിഗ്രി സെന്റിഗ്രേഡ് ഉയരുമ്പോഴാണ് സൂപ്പർ എൽനിനോ ആയി മാറുന്നത്. 2026 ജൂലൈ/ആഗസ്റ്റ് മുതൽ 2027 വരെ നീണ്ടു നിൽക്കുന്ന സൂപ്പർ എൽനിനോ പ്രതിഭാസത്തെ രാജ്യാന്തര കാലാവസ്ഥ നിരീക്ഷണ ഏജൻസികളും സ്വകാര്യ കാലാവസ്ഥ ഏജൻസിയായ Skymet ഉം പ്രവചിച്ചു കഴിഞ്ഞു. ഇന്ത്യൻ കാർഷിക മേഖലയെ പുഷ്ടിപ്പെടുത്തുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിനെ ഇത് കാര്യമായി ബാധിക്കുമെന്നും സാധാരണ ലഭിക്കേണ്ട മഴയുടെ 94 ശതമാനം മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ കൊടും ചൂടും വരൾച്ചയും കൃഷിനാശവും ഭക്ഷ്യ ക്ഷാമവും അഭിമുഖീകരിക്കേണ്ടി വരുമെന്നും പറയുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന അസഹനീയമായ ഉഷ്ണവായു തരംഗം ( Heat Waves) ഉണ്ടാകാൻ ഇടയുണ്ട് എന്നും പ്രവചനങ്ങളിൽ കാണുന്നു. എന്നാൽ പെറു, കിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ പ്രളയവും പേമാരിയും പ്രതീക്ഷിക്കാം. ആഗോളതാപന വർദ്ധനവും അതിനോട് ബന്ധപ്പെട്ട് വരുന്ന കാലാവസ്ഥ വ്യതിയാനവും എൽനിനോ പ്രതിഭാസത്തെ കൂടുതൽ അപകടകാരി ആക്കുന്നു. കൃഷി, വ്യവസായം, വാണിജ്യം, ആരോഗ്യം, സമ്പദ്ഘടന തുടങ്ങിയ മേഖലകളെ ബാധിക്കുന്ന ആഗോള പ്രതിസന്ധി ഭയാശങ്കകളോടെയാണ് പ്രതീക്ഷിക്കുന്നത്.

അടുത്തകാലത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയ മറ്റൊരു പ്രതിഭാസമാണ് ഇന്ത്യൻ എൽനിനോ എന്നറിയപ്പെടുന്ന Indian Ocean Dipole( IOD). ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനിലയിൽ ഉണ്ടാകുന്ന Iക്രമരഹിതമായ വ്യത്യാസമാണ് ഈ പ്രതിഭാസം. ഇതിന്റെ സ്വാധീനവും ദുരന്തഫലങ്ങളും മറ്റും പ്രാഥമിക അന്വേഷണത്തിലാണ്.

  • പ്രകൃതി ദുരന്തങ്ങളും ഐക്യരാഷ്ട്രസഭയുടെ നടപടികളും

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം ഉയർന്നുകൊണ്ടിരിക്കുന്ന താപ നിലയാണെന്ന് പറഞ്ഞുവല്ലോ. താപനില ഉയരുമ്പോൾ മഞ്ഞു മലകളും ഐസ് ഭൂഖണ്ഡങ്ങളും അതിവേഗം ഉരുകുകയും തൽഫലമായി സമുദ്രനിരപ്പ് ഉയരുവാനും കാരണമാകുന്നു. കഴിഞ്ഞ 25 വർഷക്കാലയളവിൽ സമുദ്രനിരപ്പ് പലയിടങ്ങളിലായി ശരാശരി 11 സെന്റിമീറ്റർ ഉയർന്നതായും 2050-കളിൽ തീരപ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും സമുദ്രജലത്തിന് അടിയിൽ പോകുമെന്നും NOAA, CSIRO, UHLSC തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഘ വിസ്ഫോടനം (Cloud bursting), ചുഴലിക്കാറ്റുകൾ, ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ (Land slides), ക്ഷീര കർഷക മേഖലയിലെ വിനാശങ്ങൾ, ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ മാറ്റങ്ങൾ, വൈറൽ രോഗങ്ങൾ എല്ലാം കാലാവസ്ഥ വ്യതിയാനങ്ങളുടെ ഭവിഷ്യത്തുകളാണ്.

2026 ജൂലൈ/ആഗസ്റ്റ് മുതൽ 2027 വരെ നീണ്ടു നിൽക്കുന്ന സൂപ്പർ എൽനിനോ പ്രതിഭാസത്തെ രാജ്യാന്തര കാലാവസ്ഥ നിരീക്ഷണ ഏജൻസികളും സ്വകാര്യ കാലാവസ്ഥ ഏജൻസിയായ Skymet ഉം പ്രവചിച്ചു കഴിഞ്ഞു. ഇന്ത്യൻ കാർഷിക മേഖലയെ പുഷ്ടിപ്പെടുത്തുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിനെ ഇത് കാര്യമായി ബാധിക്കുമെന്നും സാധാരണ ലഭിക്കേണ്ട മഴയുടെ 94 ശതമാനം മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യാൻ ഐക്യരാഷ്ട്രസഭ 1988 സ്ഥാപിച്ച സംഘടനയാണ് IPCC (Intergovernmental Panel on Climate Change). ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ഉൾപ്പെടെ 193 രാജ്യങ്ങൾക്ക് അംഗത്വം ഉണ്ട്. IPCC ഏറ്റവും പുതിയതായി 2024-ൽ ഇറക്കിയ ഏഴാമത്തെ റിപ്പോർട്ടിലും അതിനുമുമ്പ് ഇറക്കിയ ആറാമത്തെ റിപ്പോർട്ടിലും കാലാവസ്ഥ വ്യതിയാനം മൂലം ലോകം ഗുരുതരമായ പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം ഗണ്യമായി നിയന്ത്രിച്ച് അളവ് കുറയ്ക്കണമെന്ന് ഈ റിപ്പോർട്ടുകളിൽ ആവർത്തിച്ചു പറയുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ 240-ലധികം ശാസ്ത്രജ്ഞൻമാർ ചേർന്നാണ് 3900 പേജുള്ള IPCC VIth Report തയ്യാറാക്കിയത്. ഹരിത വാതകങ്ങളുടെ ബഹിർഗമനം ഘട്ടം ഘട്ടമായി നിയന്ത്രിച്ചു 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ കൊണ്ടുവരാനും മറ്റു നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയ 2015-ലെ പാരീസ് ഉടമ്പടിയിൽ ലോകരാഷ്ട്രങ്ങൾ ഒപ്പുവച്ചുവെങ്കിലും പദ്ധതികൾ പൊതുവേ പാളിപ്പോവുകയും കാര്യങ്ങൾ കൈവിട്ട സ്ഥിതിയിലുമാണ്.

  • ഭൂതകാലത്തിലേക്ക് നീങ്ങുന്ന ഭാവികാലമോ?

പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉൾക്കാഴ്ച ലഭിച്ചിരുന്നുവോ? അങ്ങനെ വേണം കരുതാൻ. ലോകരാഷ്ട്രങ്ങൾ ഒപ്പുവച്ച ഉടമ്പടി വർഷമായ 2015-ൽ തന്നെ മാർപാപ്പ ‘ലൗദാത്തോസി’ (അങ്ങേയ്ക്ക് സ്തുതിയായിരിക്കട്ടെ) എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചു. അതിൽ പ്രകൃതി സംരക്ഷണത്തിന് മാനുഷിക മുഖം ഉണ്ടാകണമെന്ന് കൃത്യമായും ഗൗരവമായും ഓർമ്മപ്പെടുത്തുന്നുണ്ട്. ആനുകാലിക പരിസ്ഥിതി തകർച്ചയെയും ആഗോളതാപനത്തെയും കുറിച്ച് ആശങ്കകൾ പങ്കുവയ്ക്കുന്നതോടൊപ്പം ലോകത്തിലെ എല്ലാ ജനതകളോടും “വേഗത്തിലുള്ളതും ഏകീകൃതവുമായ ആഗോള നടപടി” സ്വീകരിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്.

ബൈബളിൽ ഉൽപത്തി പുസ്തകത്തിലെ പ്രപഞ്ച സൃഷ്ടിയെ കുറിച്ചുള്ള ഭാഗങ്ങൾ മനോഹരമായ കാവ്യമായിട്ടാണ് ബൈബിൾ പണ്ഡിതന്മാർ വ്യഖ്യാനിക്കുന്നത്. സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളേയും സൃഷ്ടിക്കുന്നത് നാലാം ദിവസമാണ്. സൃഷ്ടികർമ്മം 24 മണിക്കൂർ വീതം ദീർഘിക്കുന്ന ആറു ദിവസം കൊണ്ട് പൂർത്തിയായതല്ല. അനേകം കോടി വർഷങ്ങളിലൂടെ നടന്ന ഒരു പ്രക്രിയയാണെന്ന് മഹാവിസ്ഫോടന സിദ്ധാന്തത്തിലൂടെ (Big Bang theory) ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ശാസ്ത്ര ലോകത്തിന്റെ വീക്ഷണത്തിലൂടെ കടന്നു പോകുമ്പോൾ ഒരു കാലത്ത് ഭൂലോകം ഒരു തീഗോളമായിരുന്നു വെന്നും കാലക്രമേണ തണുക്കുവാൻ തുടങ്ങിയെന്നും പിന്നീട് കരയും വെള്ളവുമായി വേർതിരിയുകയും ചെയ്തു എന്ന നിഗമനം ഉൽപത്തിയിലെ സൃഷ്ടികർമ്മത്തോട് ചേർന്നു പോകുന്നതാണെന്നും ചില പണ്ഡിതന്മാർ കരുതുന്നുണ്ട്. ഇന്നത്തെ ഭൂഗോളം സൃഷ്ടികർമ്മത്തിലെ ഭൂഗോളത്തിലേക്കാണോ പ്രയാണം? ഭൂതകാലത്തിലേക്ക് നീങ്ങുന്ന ഭാവികാലമാണോ വരാനിരിക്കുന്നത്?

logo
Sathyadeepam Online
www.sathyadeepam.org