വിശുദ്ധ പാസ്‌കല്‍ ബെയ്‌ലോണ്‍ (1540-1592) : മെയ് 17

വിശുദ്ധ പാസ്‌കല്‍ ബെയ്‌ലോണ്‍ (1540-1592) : മെയ് 17
Published on
1570-ല്‍ വി. കുര്‍ബാനയിലെ കര്‍ത്താവിന്റെ സാന്നിദ്ധ്യത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പഠനങ്ങളെ നഖശിഖാന്തം എതിര്‍ത്ത് നഗ്നപാദനായി സഞ്ചരിച്ച് വിശ്വാസികളെ സത്യവിശ്വാസത്തിലേക്കു കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.

സ്‌പെയിനില്‍, ഒരു കര്‍ഷക കുടുംബത്തിലാണ് വി. പാസ്‌കല്‍ ജനിച്ചത്. പന്തക്കുസ്തയുടെ സ്പാനിഷ് വാക്കാണ് പാസ്‌കല്‍. നന്നേ ചെറുപ്പത്തില്‍ത്തന്നെ വി. കുര്‍ബാനയോടുള്ള അസാധാരണഭക്തി അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. 22 വയസ്സുവരെ ഒരു ആട്ടിടയനായി കഴിഞ്ഞതിനുശേഷമാണ് ഒരു ഫ്രാന്‍സിസ്‌കന്‍ മൊണാസ്റ്ററിയില്‍ തുണസഹോദരനായി ചേര്‍ന്നത്. സ്‌പെയിനില്‍ വിവിധ ആശ്രമങ്ങളില്‍ ഡോര്‍കീപ്പറായി അദ്ദേഹം ജോലിചെയ്തു.

അനുകമ്പയാണ് വിശുദ്ധിയുടെ അടിസ്ഥാനം. അവിടെ സ്‌നേഹവും കരുണയും പുഷ്ടിപ്പെടുന്നു. ബലിയെക്കാള്‍ പ്രധാനം കരുണയാണെന്ന് ക്രിസ്തു ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. കരുണയില്ലെങ്കില്‍ ഭക്തിയുമില്ല; വിശ്വാസവുമില്ല. ഉണ്ടെന്നു പറയുന്നത് കാപട്യമാണ്.

പാവങ്ങളോടും കഷ്ടപ്പെടുന്നവരോടും പാസ്‌കല്‍ കാണിച്ച ദയാവാത്സല്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിക്കൂറുകളോളം അദ്ദേഹം വി. കുര്‍ബാനയുടെ മുമ്പില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി കഴിയുമായിരുന്നു.

ആ ധ്യാനത്തിലാണ് അദ്ദേഹത്തിന് മതത്തെപ്പറ്റിയുള്ള ഉള്‍ക്കാഴ്ചകള്‍ ലഭിച്ചത്. കാര്യമായ അടിസ്ഥാന വിദ്യാഭ്യാസമൊന്നും ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ആത്മീയമായ ഉള്‍ക്കാഴ്ചകളും ജീവിതവിശുദ്ധിയും അസാധാരണമായിരുന്നു.

സമകാലീന വിശുദ്ധരുമായി അദ്ദേഹം നിത്യസമ്പര്‍ക്കത്തിലായിരുന്നതിനാല്‍ അവരുമായി ഊഷ്മളമായ സൗഹൃദം നിലനിര്‍ ത്തിയിരുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ വി. പാസ്‌കലിന്റെ ഉപദേശം തേടി എത്തിയിരുന്നു.

1570-ല്‍ വി. കുര്‍ബാനയിലെ കര്‍ത്താവിന്റെ സാന്നിദ്ധ്യത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പഠനങ്ങളെ നഖശിഖാന്തം എതിര്‍ത്ത് നഗ്നപാദനായി സഞ്ചരിച്ച് വിശ്വാസികളെ സത്യവിശ്വാസത്തിലേക്കു കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.

1592 മെയ് 17-ന് വി. പാസ്‌കല്‍ അന്തരിച്ചു. 1690-ല്‍ പോപ്പ് അലക് സാണ്ടര്‍ VIII അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്തു. 1897-ല്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ മദ്ധ്യസ്ഥനായി വി. പാസ്‌കല്‍ നാമകരണം ചെയ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org