ജെയിംസ് ഐസക്, കുടമാളൂര്‍
ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കണ്ട വാര്‍ത്ത സഭാസ്‌നേഹികളെ വേദനിപ്പിക്കുന്നു. ഉത്തര മലബാറില്‍ രാജപുരം കോളനിയില്‍ 1952-ല്‍ നിര്‍മ്മിതമായ ഹോളി ഫാമിലി ഫൊറോനാ ദേവാലയം മുന്നറിയിപ്പു നല്‍കാതെ പൊളിച്ചു നീക്കിയിരിക്കുന്നു.
ദേവാലയ ഗോപുരാഗ്രത്തില്‍ നിന്നു കുരിശു തകര്‍ന്നു വീഴുന്നതു ഇടവകാംഗങ്ങള്‍ വേദനയോടെ നോക്കി നിന്നു. കോടികള്‍ മുടക്കി ആധുനിക ദേവാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ച ചിലര്‍ വിജയാഹ്‌ളാദം മുഴക്കിയാണ്
സംഭവം വീക്ഷിച്ചത്. എന്നാല്‍ ഇടവകാംഗങ്ങളില്‍ കുറെയധികം പേര്‍ അണപൊട്ടിയൊഴുകിയ ദുഃഖമടുക്കാന്‍ ക്ലേശിച്ചു. ഒരു യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. ഇടവക ജനം ഇപ്പോള്‍ രണ്ടു ചേരിയിലായി.
പൂര്‍വികര്‍ പടുത്തുയര്‍ത്തിയ ആദ്യ ദേവാലയം ഒരു ചരിത്ര സ്മാരകമായി നിലനിര്‍ത്തിയിരുന്നുവെങ്കില്‍ എത്ര ശോഭനമായ അന്തരീക്ഷമാകുമായിരുന്നു! പുതിയ ദേവാലയ നിര്‍മ്മാണത്തിന് എല്ലാവരുടെയും സഹകരണം ലഭിക്കുമായിരുന്നു.
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ദേവാലയം ആധുനിക രീതിയില്‍ പടുത്തുയര്‍ത്തി. നൂറ്റാണ്ടുകള്‍ക്കു മുമ്പു നിര്‍മ്മിതമായിരുന്ന പഴയ രണ്ടു ദേവാലയങ്ങളും പൊളിച്ചു പുതിയ ദേവാലയം നിര്‍മ്മിക്കണമെന്നായിരുന്നു രൂപത കേന്ദ്രം തീരുമാനിച്ചത്.
എന്നാല്‍ പുരാതന ദേവാലയങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിച്ച ഏതാനും സഭാസ്‌നേഹികള്‍ പുരാവസ്തു സംരക്ഷണ വകുപ്പ് ദേവലായങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും അതിനായി ജനാഭിപ്രായം സ്വരൂപിക്കുകയും ചെയ്തു. ഇതിനായി ശബ്ദം ഉയര്‍ത്തിയ 'ഓശാന' പോലുള്ള പ്രസിദ്ധീകരണങ്ങള്‍ക്കെതിരായി രൂപതാധികാരികള്‍ നടപടികള്‍ സ്വീകരിച്ചു.
എന്തായാലും ഇന്നു രാമപരുത്ത് പഴയ ദേവാലയങ്ങളും പുതിയ ദേവാലയവും പുതുതലമുറയ്ക്കും ശാശ്വതമായി അനുഭവിക്കാം.
രാജപുരം ഇടവകയ്ക്കും ആ സൗഭാഗ്യം ലഭിച്ചില്ല. ഒരുപക്ഷേ, ഏതാനും കോടികള്‍ ചെലവഴിച്ച് ഒരു ഭീമന്‍ ദേവാലയം അവിടെ ഉയര്‍ന്നേക്കാം. എങ്കിലും സഭാ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവു നിലനില്‍ക്കും.