Editorial

സ്വന്തം പാളയത്തിലെ ശത്രുക്കള്‍

sathyadeepam

ജനുവരി 31-ാം തീയതി മുതല്‍ ഫെബ്രുവരി 8-ാം തീയതി വരെ ഭോപ്പാലില്‍വച്ചു ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ 29-ാം പ്ലീനറി അസംബ്ലി നടന്നു. ഫ്രാന്‍സിസ് പാപ്പയുടെ "സ്നേഹത്തിന്‍റെ സന്തോഷം" എന്ന അപ്പസ്തോലിക രേഖയുടെ സന്ദേശം കുടുംബങ്ങളില്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ചര്‍ച്ചാവിഷയം. ഭാരതത്തിലെ കത്തോലിക്കാ കുടുംബങ്ങളുടെ പ്രത്യേകതകളും അവര്‍ നേരിടുന്ന ആധുനിക വെല്ലുവിളികളും കുടുംബസ്ഥരില്‍ നിന്നുതന്നെ അവര്‍ നേരിട്ടു ശ്രവിച്ചു.
പുതിയ തലമുറയിലെ കത്തോലിക്കാദമ്പതികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു ചെന്നൈ സ്വദേശിയും കുടുംബപ്രേഷിതരംഗത്തെ കൗണ്‍സിലറുമായ പി.എ. എഡ്വിനും ഭാര്യ നിമ്മി മാര്‍ട്ടീനയും പങ്കുവച്ച ഒരു കാര്യം എല്ലാവരെയും, പ്രത്യേകിച്ചു പുതിയ തലമുറയിലെ ദമ്പതികളുടെ മാതാപിതാക്കളെ, അമ്പരപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതുമായിരുന്നു. പുതുതലമുറയിലെ ദമ്പതികള്‍ക്കിടയില്‍ നടക്കുന്ന വിവാഹമോചനങ്ങളില്‍ 80 ശതമാനത്തിന്‍റെയും അടിസ്ഥാന കാരണം അവരുടെ മാതാപിതാക്കളുടെ അതിരു കടന്ന ഇടപെടലാണ് എന്നതായിരുന്നു അത്. പങ്കാളികളുടെ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം വിവാഹമോചനങ്ങള്‍ സംഭവിക്കുന്നത് 20 ശതമാനവും. എഡ്വിനും ഭാര്യ നിമ്മി മാര്‍ട്ടീനയും വര്‍ഷങ്ങള്‍ നീണ്ട തങ്ങളുടെ കൗണ്‍സലിംഗ് അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിലാണ് ഈ നിഗമനങ്ങള്‍ വെളിപ്പെടുത്തിയത്.
മാറിയ വിദ്യാഭ്യാസ-സാംസ്കാരിക പശ്ചാത്തലത്തില്‍ വിവാഹജീവിതത്തില്‍ പരസ്പരപൂരകങ്ങളാകാനുള്ള ആഗ്രഹത്തോടെയും സ്വതന്ത്രചിന്തകളോടെയുമാണ് ആധുനിക ദമ്പതികള്‍ വിവാഹത്തിലക്കു പ്രവേശിക്കുന്നത്. കുടുംബത്തിന്‍റെ എല്ലാ പ്രകാരത്തിലുമുള്ള ഉത്തരവാദിത്വങ്ങള്‍ തുല്യമായി പങ്കിടാനും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അഭിപ്രായസ്വാതന്ത്ര്യവും അവര്‍ ആഗ്രഹിക്കുന്നുണ്ട്. 2015-ലെ കണക്കു പ്രകാരം ആധുനിക കുടുംബങ്ങളില്‍ 48 ശതമാനം പങ്കാളികളില്‍ രണ്ടുപേരും ജോലി ചെയ്തു പണം സമ്പാദിക്കുന്നവരാണ്. മാത്രവുമല്ല, ഭര്‍ത്താക്കന്മാരേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസനിലവാരം പല ഭാര്യമാര്‍ക്കും ഉണ്ട്.
സ്വതന്ത്ര ചിന്തകളോടെ വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന ആധുനിക ദമ്പതികളുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങളും വ്യത്യസ്തമാണ്. അതിനെ വ്യക്തമായി അപഗ്രഥിക്കാതെ പ്രാര്‍ത്ഥനാപൂര്‍വം പരിഹാരം കാണാതെ സ്വന്തം മകനോടോ മകളോടോ ഉള്ള അമിത വാത്സല്യത്താല്‍ അവരുടെ വിവാഹജീവിതത്തില്‍ കയറി ഇടപെടുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ആധുനിക ദാമ്പത്യമാകുന്ന പുതുവീഞ്ഞിനെ പഴയ തോല്‍ക്കുടങ്ങളില്‍ അടയ്ക്കാനുള്ള ഇവരുടെ ശ്രമം പലപ്പോഴും പുതുവീഞ്ഞിനെ നഷ്ടമാക്കുകയും പഴയ തോല്‍ക്കുടങ്ങളെ തകര്‍ത്തുകളയുകയും ചെയ്യുന്നു.
വിവാഹജീവിതത്തിലെ പുതിയ പ്രശ്നങ്ങളെ പഴയ ഉത്തരങ്ങള്‍കൊണ്ടു നേരിടാനാവില്ല. വളരുന്ന അറിവിന്‍റെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ പുതിയ പ്രശ്നങ്ങള്‍ക്കു പുതിയ ഉത്തരങ്ങള്‍ കണ്ടെത്തുകയാണു കരണീയം. ബന്ധം അവസാനിപ്പിച്ചു സ്വന്തം മാതാപിതാക്കളുടെ സംരക്ഷണത്തിലേക്കു തിരിച്ചു വിളിക്കുന്നതല്ല ആധുനിക ദമ്പതികളുടെ മാതാപിതാക്കള്‍ ചെയ്യേണ്ടത്. അതു മക്കളുടെ ദാമ്പത്യവിളിയുടെ ദൗത്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ മാത്രമേ ഉപകരിക്കൂ. മക്കളുടെ വിവാഹജീവിതത്തിന്‍റെ ഡ്രൈവിംഗ് സീറ്റിലിരിക്കാനുള്ള അധികാരം മാതാപിതാക്കള്‍ക്കില്ല. വിവാഹജീവിതത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന തങ്ങളുടെ മക്കളുടെ കൂടെ ഒരുമിച്ചിരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവുകയും ആ പ്രതിസന്ധി തരണം ചെയ്തു വീണ്ടും ഒരുമിക്കാന്‍ അവരെ ശക്തിപ്പെടുത്താനുള്ള പ്രേരകങ്ങളായി മാറുകയുമാണു മാതാപിതാക്കളുടെ വിളി. തലവേദന മാറ്റാന്‍ തല വെട്ടുന്നതല്ലല്ലോ പരിഹാരം. സ്വന്തം മക്കളുടെ കുടുംബജീവിതത്തിന്‍റെ പ്രതിസന്ധികളില്‍ നിന്ന് ഒഴിവായി ഓടിക്കയറാനുള്ള അഭയതാവളങ്ങളായി സ്വഭവനങ്ങളെ മാതാപിതാക്കള്‍ മാറ്റരുത്.
കുടുംബജീവിതങ്ങളെ തകര്‍ക്കാനുള്ള ആഗോളയുദ്ധം നടക്കുന്ന കാലമാണിത്; ആയുധങ്ങള്‍കൊണ്ടല്ല, അബദ്ധ ആശയങ്ങള്‍കൊണ്ട്. ഈ ആശയായുധങ്ങള്‍ ഉപയോഗിക്കുന്നതു ശത്രുപക്ഷമല്ല, കുടുംബത്തിലെ മിത്രപക്ഷംതന്നെയാണ്. ജാഗ്രതൈ!

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം