Editorial

രണ്ടാം ഫ്രാന്‍സിസ്

Sathyadeepam

നിത്യജീവിതത്തില്‍ ക്രിസ്തുവിനെ നിരന്തരം തേടുക എന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാന സുവിശേഷപ്രസംഗത്തിന്റെ കാതല്‍. 'കാരണം, ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റുവെങ്കില്‍ അവന്‍ എല്ലായിടത്തും ഉണ്ടാകും.

ക്രിസ്തു ഈ ലോകത്തില്‍ എല്ലായിടത്തും ഉണ്ടെന്നും മനുഷ്യരില്‍ അവന്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നുണ്ടെന്നും ഉറച്ചു വിശ്വസിക്കുന്നതായിരുന്നു പാപ്പയുടെ ജീവിതവും പ്രബോധനങ്ങളും. കത്തോലിക്കരില്‍ മാത്രമല്ല, സകല മനുഷ്യരിലും ക്രിസ്തുവുണ്ടെന്ന ബോധ്യം അദ്ദേഹത്തിന്റെ നോക്കിനും വാക്കിനും ദിവ്യതയേകി. മനുഷ്യരാശിയുടെ മനഃസാക്ഷിയായി മാറാന്‍ അത് അദ്ദേഹത്തെ പ്രാപ്തനാക്കി. മാനവമനഃസാക്ഷിയുടെ ആര്‍ദ്രമെങ്കിലും തീക്ഷ്ണമായ ആ ശബ്ദത്തിനായി ലോകം ഈ പന്ത്രണ്ടു വര്‍ഷവും കാതോര്‍ത്തുനിന്നു.

നിരാശാഭാരം ബാധിക്കുമ്പോള്‍ പ്രത്യാശയും സംഘര്‍ഷ കലുഷിതമാകുമ്പോള്‍ സമാധാനവും ആശയക്കുഴപ്പങ്ങളിലക പ്പെടുമ്പോള്‍ വ്യക്തതയും നല്‍കാന്‍, സായുധസംഘര്‍ഷങ്ങള്‍ മുതല്‍ സാങ്കേതികവിദ്യാവികാസം വരെയുള്ള വിഷയങ്ങളില്‍, പാപ്പാശബ്ദത്തിനു സാധിച്ചു.

അതേസമയം, ക്രിസ്തുവിന്റെ കണ്ണട വച്ചു പാപ്പ കാര്യങ്ങളെ യാകെ കാണുന്നത് ലോകത്തെ നിരന്തരം വെല്ലുവിളിക്കുകയും ചെയ്തു. കുടിയേറ്റക്കാരോടുള്ള പാപ്പയുടെ സമീപനം പാശ്ചാത്യവികസിതരാഷ്ട്രങ്ങള്‍ക്കോ, ലൈംഗിക ന്യൂനപക്ഷത്തോടുള്ള കാരുണ്യം ക്രൈസ്തവസമൂഹത്തിനോ, മുതലാളിത്തവിമര്‍ശനം മൂലധനശക്തികള്‍ക്കോ, ഇസ്ലാമിക ലോകത്തോടുള്ള അനുഭാവപൂര്‍വകമായ പെരുമാറ്റം ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍ക്കോ, ജൈവധാര്‍മ്മികവിഷയങ്ങളിലെ നിലപാട് സ്വതന്ത്രചിന്തകര്‍ക്കോ, നിര്‍മ്മിതബുദ്ധിയടക്കമുള്ള സാങ്കേതിക വിഷയങ്ങളിലെ നിലപാടുകള്‍ ശാസ്ത്രലോകത്തിനോ, പരിസ്ഥിതിസ്‌നേഹം വികസനവാദികള്‍ക്കോ എളുപ്പം ദഹിക്കുന്നതായിരുന്നില്ല. ആരുടേയും കൈയടികള്‍ കാംക്ഷിച്ചല്ല, ക്രിസ്തുവിനെ മാനദണ്ഡമാക്കി മാത്രമാണ് പാപ്പ ജീവിച്ചതും പ്രവര്‍ത്തിച്ചതും പ്രസംഗിച്ചതും. ആ ആര്‍ജവവും ആത്മാര്‍ഥതയും എന്നും അദ്ദേഹത്തെ നിറഞ്ഞ ഹര്‍ഷാരവങ്ങളുടെ മധ്യേ എക്കാലത്തേയും വലിയ ജനപ്രിയ ആത്മീയാധ്യക്ഷനായി നിലനിര്‍ത്തി എന്നു മാത്രം.

ലൈംഗികന്യൂനപക്ഷങ്ങളോടു സ്വീകരിച്ച സമീപനം ദുര്‍ഗ്രഹമായ ദൈവശാസ്ത്രപദങ്ങളുപയോഗിച്ചു ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പാപ്പ ചോദിച്ചു, 'അവരെ വിധിക്കാന്‍ ഞാനാര്?' 'ആരേയും വിധിക്കരുത്' എന്ന സുവിശേഷകല്‍പന ഒരു തര്‍ക്കവിഷയമല്ല എന്ന തിരിച്ചറിവില്‍ വിമര്‍ശകര്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കും വിഷയത്തിന്റെ മര്‍മ്മം പിടികിട്ടി.

ക്രിസ്തു ഈ ലോകത്തില്‍ എല്ലായിടത്തും ഉണ്ടെന്നും മനുഷ്യരില്‍ അവന്‍ ഒളിഞ്ഞും തെളിഞ്ഞുമിരി ക്കുന്നുണ്ടെന്നും ഉറച്ചു വിശ്വസിക്കുന്നതായിരുന്നു പാപ്പയുടെ ജീവിതവും പ്രബോധനങ്ങളും.

സമ്പദ്‌വ്യവസ്ഥ വളരുമ്പോള്‍, 'നിറഞ്ഞ പാത്രത്തിനു പുറത്തേക്ക് ഒലിച്ചിറങ്ങുന്ന' അതിന്റെ പ്രയോജനം പാവങ്ങള്‍ക്കും കിട്ടും എന്ന മുതലാളിത്തത്തിന്റെ പതിവു സൂത്രവാക്യത്തിന്റെ പൊള്ളത്തരത്തെ, 'ലാഭം വളരുമ്പോള്‍ പാത്രവും വലുതാകുകയാണു പതിവ്, ഒന്നും പുറത്തേക്ക് ഒലിച്ചിറങ്ങാറില്ല' എന്ന വിശദീകരണത്തിലൂടെ പാപ്പ എന്നേക്കുമായി പൊളിച്ചു കളഞ്ഞു. അഭയാര്‍ഥികള്‍ വെറും അക്കങ്ങളല്ലെന്നും എല്ലാവരും മുഖവും പേരുമുള്ള മനുഷ്യരാണെന്നും പറഞ്ഞതോടെ അതിരുകള്‍ കടന്നുള്ള മനുഷ്യപ്രയാണങ്ങളുടെ നൈയാമികത അപ്രസക്തമായി. ഭൂമി പൊതുഭവനമാണെന്നും വരുംതലമുറ കള്‍ക്കു കൂടി അതില്‍ കഴിയേണ്ടതാണെന്നുമുള്ള മുന്നറിയിപ്പ് പരിസ്ഥിതിസംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവു നല്‍കി.

ഇവയെല്ലാം മത/വിശ്വാസഭേദമെന്യേ ലോകത്തിനാകെയും സഭാഭേദമെന്യേ ക്രൈസ്തവര്‍ക്കാകെയും ബാധകമായിരുന്നതും അവരെല്ലാം ശ്രദ്ധ കൊടുത്തതുമായ പ്രബോധനങ്ങളായിരു ന്നെങ്കില്‍, കത്തോലിക്കാസഭയ്ക്കുള്ളില്‍ അദ്ദേഹം മൂര്‍ത്തമായ നടപടികളിലൂടെ ചരിത്രപരമായ ഇടപെടലുകള്‍ നടത്തി.

റോമന്‍ കൂരിയാ പരിഷ്‌കരണം തന്റെ ഒരു പ്രധാന കര്‍മ്മപരിപാടിയായി പദവിയേറ്റെടുത്തപ്പോള്‍ തന്നെ അദ്ദേഹം സ്വീകരിച്ചു. അദ്ദേഹത്തെ തിരഞ്ഞെടുത്ത കോണ്‍ക്ലേവും അത്തരമൊരു ദൗത്യം അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിച്ചിരുന്നു. അതിനുള്ള പരിശ്രമം അദ്ദേഹം അവിശ്രമം നടത്തി.

അതിരുകടന്ന വൈദികാധിപത്യത്തിനെതിരെയും അധികാര കേന്ദ്രീകരണത്തിനെതിരെയും വനിതാവിവേചനത്തിനെതിരെയും സാമ്പത്തികകാര്യങ്ങളിലെ അതാര്യതയ്‌ക്കെതിരെയും സഭയ്ക്കുള്ളില്‍ അനേകം കര്‍മ്മപരിപാടികള്‍ ഫ്രാന്‍സിസ് പാപ്പ ആവിഷ്‌കരിച്ചു. വത്തിക്കാന്‍ കാര്യാലയങ്ങളില്‍ അല്‍മായരായ പണ്ഡിതരും ഭരണാധികാരികളും നിയമിക്കപ്പെട്ടു, പുരോഹിതരും മെത്രാന്മാരും മാത്രമിരുന്ന പദവികളിലേക്ക് കന്യാസ്ത്രീകളും സ്ത്രീകളും അവരോധിക്കപ്പെട്ടു, ധനകൈകാര്യങ്ങള്‍ക്കായി അന്താരാഷ്ട്രസമൂഹത്തിന്റെ അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടു, തെറ്റുകള്‍ വിചാരണയ്ക്കും ശിക്ഷയ്ക്കും വിധേയമാക്കി. സഭയുടെ പഴക്കമോ പ്രൗഢിയോ അംഗബലമോ നോക്കാതെ വിദൂരസ്ഥങ്ങളും ബലഹീനങ്ങളുമായ സഭകളിലേക്ക് അജപാലനസന്ദര്‍ശനങ്ങള്‍ നടത്തി. സഭയുടെ സാര്‍വത്രികത പ്രകടമാകുന്ന തരത്തില്‍ മേല്‍പട്ടസ്ഥാനങ്ങളിലേക്ക് നിയമനങ്ങള്‍ നടത്തി. തന്നെ ഉപദേശിക്കുന്നതിനായി എല്ലാ വന്‍കരകള്‍ക്കും പ്രാതിനിധ്യമുള്ള കാര്‍ഡിനല്‍ സമിതിയെ നിയമിക്കുകയും അവരുടെ യോഗങ്ങള്‍ കൃത്യമായി നടത്തുകയും ചെയ്തു. സഭയിലെ അദ്ദേഹത്തിന്റെ പരിഷ്‌കരണനടപടികള്‍ എത്രത്തോളം വിജയിച്ചുവെന്നു വിലയിരുത്തേണ്ടതു ചരിത്രമാണ്.

രണ്ടാം ക്രിസ്തുവെന്നു ലോകം വിസ്മയത്തോടെ വിളിച്ച അസ്സീസിയിലെ ഫ്രാന്‍സീസിന്റെ പേരു സ്വീകരിച്ച ബെര്‍ഗോളിയോ ഇനി ഫ്രാന്‍സിസ് രണ്ടാമന്‍ എന്നറിയപ്പെടാന്‍ യോഗ്യനാണെന്നു ജീവിതം കൊണ്ടു തെളിയിച്ചു.

ഈ ലോകത്തിന് ഈ നൂറ്റാണ്ടില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമായിരുന്നു ആ ജീവിതം. കാലത്തിന്റെ തികവില്‍ ഭൗതികദേഹം തിരിച്ചെടുക്കപ്പെട്ടുവെങ്കിലും രണ്ടാം ഫ്രാന്‍സിസിന്റെ ജീവചൈതന്യം ഇവിടെ എന്നേക്കും ജ്വലിച്ചു നില്‍ക്കും.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു