Editorial

നമുക്കു കുരിശുവാഹകരാകാം

Sathyadeepam

കുരിശ് നാട്ടുന്നവനാകാതെ കുരിശുവാഹകനാകണം ക്രിസ്ത്യാനി എന്നു നമ്മെ ഓര്‍മപ്പെടുത്തുന്നതാണു മൂന്നാര്‍ കുരിശുസംഭവം. നന്മ മാത്രം നിറഞ്ഞ ദൈവസൃഷ്ടിയായ മനുഷ്യജീവിതത്തിലേക്ക് അനധികൃത കയ്യേറ്റം നടത്തി കയറിയ തിന്മയെ ഒഴിപ്പിക്കാന്‍ കുരിശിലേറി മരിച്ചവനാണു ക്രിസ്തു. ആ ക്രിസ്തുവിന്‍റെ അനുയായികള്‍ അനധികൃത ഭൂമി കയ്യേറാന്‍ കുരിശിനെ ഒരു മറയോ ആയുധമോ ആക്കാന്‍ പാടില്ല. കയ്യേറ്റങ്ങളെ കുരിശിന്‍റെ മറവില്‍ ന്യായീകരിക്കേണ്ട ആവശ്യമില്ല. പുറമ്പോക്ക് ഭൂമിയില്‍ നാട്ടിയ ഒരു മുപ്പതടി ഇരുമ്പുകുരിശു പൊളിച്ചതുകൊണ്ടു വികാരമുണ്ടാകുന്ന ഒരു സമൂഹമല്ല ഞങ്ങള്‍ എന്ന ശക്തമായ സന്ദേശം വ്യക്തമായി കൊടുക്കാന്‍ സഭാനേതൃത്വത്തിനായോ? അ സ്ഥാനത്തു നാട്ടിയ ഇത്തരം കുരിശുകളാല്‍ സഭ വളരേണ്ട എന്നു ശഠിക്കാനുള്ള ആര്‍ജ്ജവം നാം കാണിച്ചോ?

മൂന്നാറിലെ പാപ്പാത്തിച്ചോലയിലെ കുരിശു തകര്‍ത്തതിനെ സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെടുത്തിയതും ഇടത് അധികാരത്തിന്‍റെ പ്രത്യേക നയപരിപാടിയുടെ ഭാഗമായിരുന്നോ എന്ന കേരള സഭാനേതൃത്വത്തിന്‍റെ ചോദ്യവും അല്പം കടുത്തതായിപ്പോയി എന്നു പറയാതെ വയ്യ. ഇതൊരു പ്രലോഭനമാണ്; കുരിശു തകര്‍ത്ത സംഭവത്തോടു വൈകാരികമായി മാത്രം പ്രതികരിക്കുകയാണെങ്കില്‍ നാം തിരിച്ചുപോകുന്നതു കുരിശുയുദ്ധവും മതദ്രോഹവിചാരണയും (ഇന്‍ക്വിസിഷന്‍) അടിമത്തവ്യവസ്ഥിതിയെ ന്യായീകരിച്ചിരുന്ന ചിന്തയിലേക്കും സഭയില്‍ നടമാടിയിരുന്ന മദ്ധ്യയുഗത്തിലെ അസഹിഷ്ണുതയിലേക്കുമായിരിക്കും.

തങ്ങളുടെ ഭൗതികമായ ലാഭത്തിനായി കുരിശെന്ന ചിഹ്നത്തെ ദുരുപയോഗിക്കാന്‍ ക്രിസ്തു അനുയായികള്‍ക്കിടയിലെ ചില സംഘങ്ങള്‍ ശ്രമിച്ചെങ്കില്‍ ഒരു പ്രകാരത്തിലും അതിനെ ഞങ്ങള്‍ അനുകൂലിക്കില്ല എന്നു സഭാനേതൃത്വം ശക്തമായിത്തന്നെ പറയാന്‍ ശ്രമിക്കണം. ഒരു നല്ല ലക്ഷ്യം സാധിച്ചെടുക്കാന്‍പോലും തെറ്റായ വഴികള്‍ സ്വീകരിക്കരുത് എന്ന സന്മാര്‍ഗദൈവശാസ്ത്രം പഠിപ്പിക്കുന്നവരാണു നാം.

കുരിശു തകര്‍ത്തതിനെയും തകര്‍ത്തവരെയും ശക്തമായി വിമര്‍ശിച്ചതിനു ഭരണനേതൃത്വത്തിനു രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉണ്ടായേക്കാം. ഒരു വിശ്വാസിസമൂഹം പവിത്രമായി കാണുന്ന കുരിശിനെ പൊളിച്ചുമാറ്റുമ്പോള്‍ ആ സമൂഹത്തിനുണ്ടാകുന്ന വികാരം മനസ്സിലാക്കിയില്ലെങ്കില്‍ അതു തങ്ങളുടെ ഭാവിയെ ബാധിക്കുമോ എന്ന ചിന്ത ഭരണനേതൃത്വത്തിനുണ്ടാകാം. അതിന്‍റെ ചുവടു പിടിച്ച് ഭരണനേതൃത്വത്തിന്‍റെ അപ്രീതി പിടിച്ചുപറ്റരുത് എന്ന ലക്ഷ്യത്തോടെ സഭാനേതൃത്വം പറയേണ്ടതു പറയാതിരിക്കരുത്. യാക്കോബായ സുറിയാനി സഭയുടെ നിരണം രൂപതാദ്ധ്യക്ഷന്‍ ഗീര്‍വഗീസ് മാര്‍ കൂറിലോസ് പറഞ്ഞ അഭിപ്രായം പ്രസ്താവ്യമാണ്. "ആ കുരിശ് അവിടെനിന്നു പൊളിച്ചുമാറ്റിയതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നതു യേശുക്രിസ്തുതന്നെയായിരിക്കും." സിപിഐ.യുടെ അസിസ്റ്റന്‍റ്  സെക്രട്ടറി പ്രകശ് ബാബു പറഞ്ഞ വാക്കുകളും നമുക്ക് ഒരു ഓര്‍മപ്പെടുത്തലാണ്. "അതുല്യമായൊരു ബലിയുടെ സ്മരണയാണു കുരിശ്. ഇതിനെ അനധികൃത ഭൂമി കയ്യേറ്റത്തിനുള്ള ഉപകരണമാക്കരുത്."

കയ്യേറ്റം ആരു നടത്തിയാലും അതു കയ്യേറ്റംതന്നെയാണെന്ന് എല്ലാ ക്രൈസ്തവസഭകളും ഇതിനോടകം പ്രസ്താവന നടത്തിയെന്നതു നല്ല കാര്യം. സമൂഹനന്മയ്ക്കും പുരോഗതിക്കുംവേണ്ടി കുരിശടികള്‍ പൊളിച്ചുമാറ്റിയവരും പള്ളിവക ഭൂമി സര്‍ക്കാരിലേക്കു വിട്ടുകൊടുത്തു സമൂഹനന്മ യ്ക്കും നാടിന്‍റെ പുരോഗതിക്കുമായി കുരിശെടുത്തവരുമാണു മുതിര്‍ന്ന തലമുറയിലെ നമ്മുടെ വിശ്വാസിസമൂഹം എന്നതു മറക്കാതിരിക്കാം. കുരിശു നാട്ടലല്ല, സമൂഹനന്മയ്ക്കായി കുരിശെടുക്കലാണ് ഇന്നിന്‍റെ ക്രിസ്ത്യാനിയുടെ വിളി. അനധികൃത ഭൂമിയില്‍ ഇങ്ങനെ കെട്ടിയുണ്ടാക്കിയ കുരിശടികളും പ്രാര്‍ത്ഥനാലയങ്ങളും സഭയില്‍ ഇനിയും ഉണ്ടെങ്കില്‍ നിയമത്തിന്‍റെ ഇരുമ്പുകൈകള്‍ എത്തുന്നതിനു മുമ്പു നാം തന്നെ അതു പൊളിച്ചു മാറ്റി മാതൃകയാവണം. നശിപ്പിക്കപ്പെട്ട കുരിശു കര്‍ത്താവിന്‍റേതായിരുന്നില്ല; പണവും പ്രതാവും വളര്‍ത്താനാഗ്രഹിച്ച ഒരുപറ്റം മനുഷ്യരുണ്ടാക്കിയതായിരുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം