Editorial

ഇന്ത്യയെ ‘വിധിച്ച്’, അയോദ്ധ്യ

Sathyadeepam

അയോദ്ധ്യാവിധി വന്നു; ഇന്ത്യയുടെയും. തര്‍ക്കഭൂമി രാമക്ഷേത്രനിര്‍മാണത്തിനായി ട്രസ്റ്റിനു കൈമാറാനും അയോദ്ധ്യയില്‍ത്തന്നെ പ്രധാനപ്പെട്ട ഒരു സ്ഥലത്തു പള്ളി പണിയാന്‍ അഞ്ചേക്കര്‍ സ്ഥലം നല്കാനും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി ചരിത്രമായി. വിധിയെ ഇരുകൂട്ടരും സ്വീകരിച്ച വിധവും പ്രതികരിച്ച രീതിയും മതനിരപേക്ഷ ഭാരതത്തിന്‍റെ ഔന്നത്യത്തെ അടയാളപ്പെടുത്തുന്നതുമായി.

വിയോജിപ്പുണ്ടെങ്കിലും വിധിയെ മാനിക്കുന്നുവെന്നായിരുന്നു സുന്നി മുസ്ലീം വഖഫ് ബോര്‍ഡിന്‍റെ പ്രതികരണം. എല്ലാവരും ചേര്‍ന്നാണിനി ക്ഷേത്രനിര്‍മാണമെന്നായിരുന്നു, ആര്‍എസ്എസ് ആചാര്യന്‍ മോഹന്‍ ഭാഗവതിന്‍റെ സമീപനം.

രാജ്യം ഉറ്റുനോക്കിയ അയോദ്ധ്യാ കേസില്‍ 'നിര്‍മോഹി അഖാഡ', 'രാംലല്ല', 'സുന്നി വഖഫ് ബോര്‍ഡ്' തുടങ്ങി 14 കക്ഷികളുടെ അപ്പീലാണ്, സുപ്രീംകോടതി പരിഗണിച്ചത്. 40 ദിവസം തുടര്‍ച്ചയായി നടന്ന വാദം കേള്‍ക്കലിനൊടുവിലാണു വിധിയുണ്ടായത്.

1528-ല്‍ പാനിപ്പത്ത് യുദ്ധവിജയത്തിന്‍റെ സ്മരണയ്ക്കായാണു ബാബറിന്‍റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്‍റെ കമാന്‍ഡറായ മിര്‍ബാഖി ബാബറി മസ്ജിദ് പണി കഴിപ്പിച്ചത്. അയോദ്ധ്യയിലുണ്ടായ ശ്രീരാമക്ഷേത്രം തകര്‍ത്താണു മുഗളന്മാര്‍ പള്ളി സ്ഥാപിച്ചതെന്നു ഹിന്ദുക്കളിലെ ഒരു വിഭാഗമായ 'നിര്‍മോഹി അഖാഡ' 1853-ല്‍ ആരോപണമുന്നയിച്ചിടത്തുനിന്നാണു രാമജന്മഭൂമി-ബാബ്റി മസ്ജിദ് തര്‍ക്കത്തിന്‍റെ ഉറവിടം. തര്‍ക്കവിതര്‍ക്കങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും നീണ്ട പരമ്പരകള്‍ക്കിടയില്‍ 1992-ല്‍ കര്‍സേവകര്‍ പള്ളി തകര്‍ത്തതോടെ, തര്‍ക്കം മതേതരഭാരതത്തിന്‍റെ സ്വസ്ഥത നശിപ്പിക്കുവോളം വര്‍ഗീയതയുടെ കാവി നിറമാണ്ടു.

'ഒരു മതത്തിന്‍റെ വിശ്വാസം മറ്റൊരു മതത്തിന്‍റെ വിശ്വാസത്തിനു മേലെയല്ലെന്ന' പ്രധാന ന്യായത്തെ അംഗീകരിച്ച 1045 പേജുള്ള സുപ്രീംകോടതി വിധി ഏകകണ്ഠമായിരുന്നു.

134 വര്‍ഷം നീണ്ടുനിന്ന കോടതി വ്യവഹാരത്തിന് ഇതോടെ അന്ത്യമാവുകയാണ്. സ്വാതന്ത്ര്യാനന്തരഭാരതത്തെ ദശാബ്ദങ്ങളോളം അപകടകരമാംവിധം അസ്വസ്ഥമാക്കിയ തര്‍ക്കവും അവസാനിക്കുന്നു. ഇനി കൈകോര്‍ക്കേണ്ട ദിനങ്ങളാണ്. ജാതിമതഭേദമെന്യേ പരസ്പരം കരുത്തു പകരേണ്ട നാളുകളാണ്. വെറുപ്പു പടര്‍ത്തുന്ന സന്ദേശങ്ങളയയ്ക്കാതെ നവമാധ്യമങ്ങളുള്‍പ്പെടെ മാധ്യമലോകം പുലര്‍ത്തിയ ജാഗ്രത, ആന്തരികനിര്‍ബന്ധങ്ങളാലാണിനി തുടരേണ്ടത്. രാജ്യനന്മയേക്കാള്‍ ജാതിബോധവും മതഭേദവും ഇന്ത്യയെ എത്രയോ പിന്നോട്ടു നടത്തിയെന്നു മറന്നുപോകരുത്. 1855-ല്‍ ബാബ്റി മസ്ജിദിന് അടുത്തുള്ള ഹനുമാന്‍ ഖട്ടില്‍ പ്രദേശവാസികളായ മുസ്ലീം സമൂഹം അവകാശമുന്നയിച്ചപ്പോള്‍ അന്ന് അയോദ്ധ്യ ഭരിച്ചിരുന്ന നവാബ് വാജിദ് അലിഷാ തര്‍ക്കത്തിലിടപെട്ടു ഹിന്ദുക്കള്‍ക്കൊപ്പം നിന്ന ചരിത്രംകൂടിയാണ് ഇന്ത്യയുടേതെന്നു മറക്കരുത്. ജനാധിപത്യത്തെ സത്യസന്ധമായി സാധൂകരിക്കുന്ന ബഹുസ്വരതയെയും സഹവര്‍ത്തിത്വത്തെയും ഉയര്‍ത്തിപ്പിടിക്കാന്‍ ഉണര്‍വു നല്കുന്ന ഈ വിധി പുതിയ ഇന്ത്യയുടെ 'തലവിധി'യാകട്ടെ.

വിധിയെ മതേതരകേരളം സ്വീകരിച്ചവിധം ഏറെ പ്രശംസനീയമാണ്. 400 വര്‍ഷത്തിലധികം നിസ്കാരത്തഴമ്പു വീണൊരു മണ്ണും മനസ്സും ഹൃദയപൂര്‍വം വിട്ടുകൊടുക്കുകയാണൊരു കൂട്ടര്‍! ശ്രീരാമന്‍ എല്ലാവരുടെയും രാജാവായിരുന്നുവെന്നു മറക്കരുത്. ഒപ്പം രാജ്യതാത്പര്യത്തിനുവേണ്ടി സ്വന്തവും സ്വന്തക്കാരെയും ഉപേക്ഷിച്ചുവെന്നും. നബിദിനാഘോഷം മാറ്റിവച്ചുപോലും അയല്‍പക്കത്തെ ഹൈന്ദവ കുടുംബത്തിലെ വിവാഹത്തെ ആഘോഷമാക്കിയ പേരാമ്പ്ര, പാലേരിയിലെ മഹല്ല് കമ്മിറ്റിയുടെ മനസ്സുതന്നെയാണ് ഓരോ മലയാളിയുടെയും. 'സമാധാനത്തിലേക്കു പ്രത്യേക പാതയൊന്നുമില്ല, സമാധാനം തന്നെയാണു പാത'യെന്നോര്‍മ്മിപ്പിച്ച, മഹാത്മജിയെ മറക്കാതെ വേണം പള്ളിയും അമ്പലവുമിനി പണിയാന്‍.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്