Editorial

വഴികള്‍ കെണികളാകുമ്പോള്‍

Sathyadeepam

ലക്ഷ്യപ്രാപ്തിയെ സുഗമമാക്കുന്ന മാധ്യമങ്ങളാണു വഴികള്‍. ഭൗതികജീവിതത്തിലും ആത്മീയജീവിതത്തിലും ലക്ഷ്യങ്ങളെപ്പോലെതന്നെ പ്രധാനപ്പെട്ടതാണു വഴികളും. അതിനാല്‍ ലക്ഷ്യത്തിലെത്തുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അതിനുള്ള ശരിയായ വഴിയിലൂടെ ശരിയായിത്തന്നെയുള്ള സഞ്ചാരം. ശ്രദ്ധ മരിക്കുമ്പോള്‍ അപകടം ജനിക്കുന്നു എന്ന വഴിയോര മുന്നറിയിപ്പ് ഇവിടെ പ്രസക്തമാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കേരളത്തില്‍ റോഡപകടങ്ങളിലായി ജീവന്‍ നഷ്ടപ്പെട്ടവര്‍ പതിനാറായിരത്തോളമാണ്. റോഡപകടമരണങ്ങളുടെ ഈ നില തുടര്‍ന്നാല്‍ വരും വര്‍ഷത്തില്‍ മരണനിരക്കില്‍ എട്ടു ശതമാനം വര്‍ദ്ധനകൂടി ഉണ്ടാകുമെന്നാണു പഠനറിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നത്. ഇടവഴികളിലും പ്രധാന റോഡുകളിലും ദേശീയപാതകളിലും ഒരുപോലെ അപകടമരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഒരു നിമിഷത്തെ അശ്രദ്ധ, അഹംഭാവം ഇല്ലാതാക്കുന്നത് ഒരു ജീവിതത്തെയാണ്; തകര്‍ത്തു കളയുന്നത് ആയിരങ്ങളുടെ സ്വപ്നങ്ങളെയാണ്.

ദേശീയപാതകളില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതു കാരണം താറുമാറായി കിടക്കുന്ന റോഡുകള്‍ കേരളത്തില്‍ നിരവധിയാണ്. പാതയോര കച്ചവടക്കാരും കാല്‍നടക്കാരും സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ നിരവധി. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍ വരുമാനത്തില്‍നിന്നും മുന്‍കൂര്‍ തന്നെ വാങ്ങുന്ന റോഡ് ടാക്സില്‍ നിന്നും വാഹനടാക്സില്‍ നിന്നുമൊക്കെയായി ഗവണ്‍മെന്‍റിന് ഓരോ മാസവും ലഭിക്കുന്ന ഭീമമായ തുക റോഡ് അറ്റകുറ്റപണികള്‍ക്കും യാത്രാസുരക്ഷയ്ക്കുമായി എത്രമാത്രം കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്നതു പരിശോധിക്കപ്പെടേണ്ട ഒരു വസ്തുതയാണ്.

കേരളത്തിലെ വിശാല പാതകളും ചെറുവഴികളും ഒരുപോലെ അപകടം വിതയ്ക്കുന്നുവെന്നാണു നീരിക്ഷണം. ലക്ഷ്യ സ്ഥാനത്ത് അതിവേഗം എത്തിച്ചേരാനുള്ള യാത്രക്കാരുടെ ആഗ്രഹത്തെ വഴിയിലെ ഗതാഗതക്കുരുക്കും ഗട്ടറുകളും തടസ്സപ്പെടുത്തുമ്പോള്‍ വിശാല റോഡുകളില്‍ അതിവേഗം പാഞ്ഞുകൊണ്ടാണ് അതിനെ അവര്‍ മറികടക്കുന്നത്. ഈ അമിതവേഗവും അക്ഷമയും അനേകം അപകടങ്ങള്‍ക്കു വഴിവയ്ക്കുന്നു.

പ്രൈവറ്റ് ബസ്, ടിപ്പര്‍ ലോറി തുടങ്ങിയ വലിയ വാ ഹനങ്ങളുടെ മത്സരിച്ചുള്ള ഓട്ടവും ചെറു വാഹനങ്ങളോടുള്ള അവഗണനയും ധാരാളം അപകടമരണങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ അമിതവേഗവും ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഓവര്‍ടേക്കിങ്ങും അനേകം കൗമാര-യുവത്വങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും വണ്ടിയോടിച്ചു യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്ന അനേകരുണ്ട്. ഇവരുടെ മത്സരപാച്ചിലിലും അശ്രദ്ധയോടെയുള്ള വണ്ടിയോടിക്കലിലും ഏറ്റവും കൂടുതല്‍ യാത്രാദുരിതമനുഭവിക്കുന്നവര്‍ സ്ത്രീകളും വൃദ്ധരും കുട്ടികളുമാണ്.

റോഡ് സഞ്ചാരത്തിലെ മര്യാദകള്‍ നമുക്കു വീണ്ടെടുക്കാം. ഞാനുപയോഗിക്കുന്ന വാഹനവും അതോടുന്ന വഴിയും എനിക്കുള്ളതു മാത്രമല്ലായെന്നും മറ്റു യാത്രക്കാര്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള ബോദ്ധ്യം ലക്ഷ്യസ്ഥാനത്തെത്തണമെന്നുള്ള ആഗ്രഹത്തോളംതന്നെ പ്രാധാന്യമുള്ളതാണ്. ആയിരം കാതം താണ്ടുന്ന ഒരു നെടുങ്കന്‍ യാത്ര ആരംഭിക്കുന്നത് ഒരു ചുവടില്‍നിന്നാണല്ലോ. ആ ചുവടു ശ്രദ്ധയോടെ, സഹയാത്രികരോടുള്ള ബഹുമാനത്തോടെ നമുക്കു വയ്ക്കാം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം